X

സ്വദേശിവത്കരണം; സൗദിയില്‍ ആദ്യമായി വനിതകള്‍ എയര്‍ ഹോസ്റ്റസുമാരാകുന്നു

വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യന്‍ വനിതകള്‍ എയര്‍ ഹോസ്റ്റസുമാരാകുന്നു. ഫ്‌ലൈനാസ് എയര്‍ലൈന്‍സിലാണ് സൗദി വനിതകളുടെ ആദ്യ സംഘം ജോലിയില്‍ പ്രവേശിക്കുന്നത്. ഇവരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ വനിതകള്‍ ജോലിയില്‍ പ്രവേശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സൗദി വനിതകള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമയാന രംഗത്തെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഫ്‌ലൈനാസ്.

നിലവില്‍ സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും 300 പേരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കാനായിരുന്നു തീരുമാനം. യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്പര്യത്തിന് അനുസൃതമായതും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നതുമായിരിക്കും.