X

ഗള്‍ഫ് ഇനി സ്വപ്നഭൂമിയല്ല; ഓരോ ആഴ്ചയും ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നത് നൂറുകണക്കിനു പ്രവാസികൾ; തിരിഞ്ഞു നോക്കാതെ സര്‍ക്കാരുകള്‍

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ അറബ് നാടുകളില്‍ ശക്തമായതോട് കൂടി ഒമാനും സൗദിയും ഇനി ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സ്വപ്നഭൂമി ആയിരിക്കില്ല

മുപ്പത്തിമൂന്നു വയസുള്ള വിനീത ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ ആണ്. പച്ചക്കറി തോട്ടം കോഴി വളർത്തൽ എല്ലാം ഉണ്ട്. ഭർത്താവ് വിജയനാകട്ടെ ലോട്ടറി കച്ചവടവും. വീടിന്റെ പണി തീര്‍ന്നിട്ടില്ല. മക്കൾ രണ്ടു പേരും പഠിക്കുന്നു.

രണ്ടു കൊല്ലം മുൻപ് വരെ വിനീത ഗൾഫുകാരന്റെ ഭാര്യയായിരുന്നു. എന്നാൽ ശാരീരിക വിഷമങ്ങൾ കൊണ്ട് വിജയന് തിരിച്ചു വരേണ്ടി വന്നു. ഗൾഫിലേക്ക് പോകാൻ ഏജന്റിന് കൊടുക്കാൻ സ്വരുക്കൂട്ടിയ 2 ലക്ഷം കടമായി. വീട് പണിക്കു എടുത്ത ബാങ്ക് ലോൺ അടയ്ക്കാതെ മുടങ്ങി കിടക്കുന്നു.

വലിയ പ്രതീക്ഷകളോടെയാണ് വിജയൻ സൗദിയിലേക്ക് പോയത്. എന്നാൽ കമ്പനി അവിടത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പ്രവർത്തനം നിര്‍ത്തിയതോടുകൂടി വിജയന് വെറും കയ്യോടെ മടങ്ങി വരേണ്ടി വന്നു.

വിനീതയും വിജയനും ഒരു ഉദാഹരണം മാത്രം. തിരുവനന്തപുരത്തെ വർക്കലയിൽ നിരവധി വിനീതമാരും വിജയന്മാരും ഉണ്ട്.

പുനരധിവാസ പദ്ധതികളില്ല

“ശരിയായ രീതിയിൽ പുനരധിവാസ പദ്ധതികൾ ഇല്ലാത്തതാണ് ഇത്തരം വിനീതമാരെയും വിജയന്മാരെയും സൃഷ്ടിക്കുന്നത്” സാമൂഹിക പ്രവര്‍ത്തകയായ മിനി മോഹൻ പറഞ്ഞു. കേന്ദ്ര സർക്കാരിനോട് ചോദിച്ചാൽ അവർ പറയും സംസ്ഥാന സർക്കാർ ആണ് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത് എന്ന്. നിർഭാഗ്യവശാൽ ഒരു സംസ്ഥാനത്തും ഇത്തരം ഒരു പദ്ധതി ഇല്ല എന്നുള്ളതാണ് വാസ്തവം.

ഇക്കൊല്ലം വിദേശത്തു ജോലി ചെയുന്ന ഇന്ത്യക്കാർ അയച്ചത് 65 ബില്യൺ അമേരിക്കന്‍ ഡോളർ ആണ്. എന്നാൽ ഇതിൽ മാത്രം കണ്ണ് വെയ്ക്കുന്ന സർക്കാരുകൾ, അതിൽ കുറവ് മാത്രം വരുമ്പോൾ വെപ്രാളപ്പെടുന്ന സര്‍ക്കാരുകള്‍, വെറും കയ്യോടെ തിരിച്ചു വരുന്ന വിജയന്മാരെ കാണാറില്ല എന്നുള്ളതാണ്.

സ്വദേശിവൽക്കരണം, എണ്ണ വില ഇടിവ്

ഒമാൻ, ഖത്തർ, സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ സ്വദേശിവൽക്കരണം, എണ്ണ വില ഇടിവ് എന്നിവ കാരണം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്. ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ തൊഴിലെടുക്കുന്ന വിദേശ വനിതാ ജീവനക്കാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം കഴിഞ്ഞ മാസം വന്നിരുന്നു. കുട്ടികള്‍ക്കുള്ള വിസ, സൗജന്യ ചികിത്സ സൗകര്യം, നാട്ടിലേക്കുള്ള ടിക്കറ്റ് തുടങ്ങിയവ ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നതായി കാണിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി.

വിദേശ വനിതാ ജീവനക്കാരുടെ കുട്ടികളുടെ വിസ ഭര്‍ത്താവിന്റെ തൊഴിലുടമയുടെ വിസയിലേക്ക് മാറ്റണമെന്നും മന്ത്രാലയം അഡ്മിന്‍ ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ ജനറല്‍ ഹബീബ് ഹമദ് അല്‍ ഹിലാലി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. വിസ മാറുന്നതിന് മൂന്ന് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കുള്ള വിമാന ടിക്കറ്റ്, സൗജന്യ ചികിത്സ തുടങ്ങിയവയും ഇനി മുതല്‍ ലഭിക്കില്ല. നഴ്സുമാരുള്‍പ്പടെ ആയിരക്കണക്കിന് മലയാളികളാണ് മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇത് നിരവധി മലയാളി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.

ഖത്തറിൽ ആകട്ടെ രാജകുടുംബത്തിന് 88 ശതമാനം ഓഹരി ഉള്ള HKH കമ്പനിയിൽ പോലും നൂറിലധികം മലയാളികള്‍ ഉള്‍പ്പെടെ 650 ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ ആണ്. കഴിഞ്ഞ നാലു മാസമായി തങ്ങള്‍ ശമ്പളവും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്ന് തൊഴിലാളികള്‍ അഴിമുഖത്തോട് പറഞ്ഞു. ഗൾഫിലെ മികച്ച കുടിയേറ്റ തൊഴിലാളി സൗഹൃദ രാജ്യമായാണ് ഖത്തര്‍ അറിയപ്പെടുന്നത്. എന്നിട്ടും പ്രതിസന്ധികൾക്ക് കുറവില്ല.

കുവൈറ്റിൽ കുടിയേറ്റ തൊഴിലാളികള്‍ രാജ്യം വിട്ട് പോകുന്നതോടു കൂടി 75,000 ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് ഒരു പഠനം ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളും എണ്ണ വില ഇടിവും ആണ് കുടിയേറ്റ തൊഴിലാളികള്‍ കുവൈറ്റ് വിടാന്‍ കാരണം. കഴിഞ്ഞ മാസം കുവൈറ്റ് സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ അയക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്താന്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഒപ്പം കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഒട്ടനവധി സേവനങ്ങള്‍ക്കും നല്‍കുന്ന ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ അറബ് നാടുകളില്‍ ശക്തമായതോട് കൂടി ഒമാനും സൗദിയും ഇനി ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സ്വപ്നഭൂമി ആയിരിക്കില്ല. ഓരോ ദിവസം കൂടും തോറും സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണം കൂടുകയാണ്.

95 തൊഴിൽ മേഖലകൾ

ഒമാനില്‍ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗം ആയി 87 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. നീക്കി വെയ്ക്കപ്പെട്ട മേഖലകളില്‍ ഇനി കുടിയേറ്റ തൊഴിലാളികള്‍ക്ക് അവസരം നല്‍കില്ല. ഇത് നിലവില്‍ ജോലി ചെയ്യുന്നവരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 8 തൊഴിൽ മേഖലകൾ കൂടി കൂട്ടി ചേർത്ത് ആറു മാസത്തേക്ക് നിരോധനം നീട്ടി.

ഒപ്പം 30000 തൊഴില്‍ അവസരങ്ങള്‍ സ്വദേശികള്‍ക്കായി ആയി മാത്രം നിജപ്പെടുത്തുന്ന പദ്ധതിയും ലക്ഷ്യം കാണാറായി. ഇത് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെ കൂടുതല്‍ ആണ്.

ഇതിനിടയില്‍, ഓരോ ആഴ്ചയും നൂറുകണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ നിന്നും തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു വരുന്നത്. നിതാഖത്ത്, എണ്ണ പ്രതിസന്ധി, എന്നിവ തൊഴില്‍ നഷ്ടപ്പെടുന്നതില്‍ ആക്കം കൂട്ടിയിട്ടുണ്ട് എന്ന് സൗദി ആസ്ഥാനമായ ചാരിറ്റി ഓഫ് പ്രവാസി മലയാളി സംഘടനയുടെ ഭാരവാഹി അയൂബ് കരൂപ്പടന്ന പറഞ്ഞു. ചുരുങ്ങിയത് 400 പേരെങ്കിലും ഒരു മാസം തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു പോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ നിലവില്‍ 18 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിട്ടുണ്ട്. ഒപ്പം 2018 സെപ്റ്റംബര്‍ മുതല്‍ 12 തൊഴില്‍ മേഖലകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ക്കും. ആഗോളതലത്തിൽ തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ ഉണ്ടാക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യ ഇതിനോട് ഒക്കെ മുഖം തിരിച്ചു നിൽപ്പാണ്.

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 1, 2018 8:20 am