X

സൗദി യുവതി കാറോടിക്കുന്നത് ഫോര്‍മുല വണ്‍ കാര്‍ റേസിലേക്ക്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം ഇന്നലയോടെ ഓദ്യോഗികമായി നീക്കി

സൗദി അറേബിയയുടെ അസീല്‍ അല്‍ ഹമ്മദിനു ഇന്നലെ കടന്ന് പോയത് ജീവിതത്തിലെ തന്നെ ചരിത്ര മുഹൂര്‍ത്തം ആയിരുന്നു. സൗദിയുടെ ദേശീയ മോട്ടോര്‍ സ്‌പോര്‍ട്ട് ഫെഡറേഷന്‍ ആദ്യ വനിതാ അംഗം ആയ അസീല്‍ ഇന്നലെ ഫോര്‍മുല വണ്‍ റേസ് കാര്‍ ഓടിച്ചു. ഞാറാഴ്ച നടക്കുന്ന ഫ്രഞ്ച് ഗ്രാന്‍ഡ് പ്രിക്‌സ് മത്സരത്തിന് മുന്നോടി ആയി ആണ് അസീല്‍ റേസ് കാര്‍ ഓടിച്ചത്.

വനിതകള്‍ക്ക് കാറോടിക്കാനുള്ള സ്വാതന്ത്ര്യം രാജ്യം നല്‍കിയത് വലിയൊരു കാര്യം തന്നെയാണെന്ന് അസീല്‍ പറഞ്ഞു. അസീല്‍ ആണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ സ്‌പോര്‍ട്ട് പരിശീലനം നല്‍കുന്നത്.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം ഇന്നലയോടെ ഓദ്യോഗികമായി നീക്കി. വനിത അവകാശ പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായ ആവശ്യത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് സൗദി ഭരണകൂടത്തിന്റെ ചരിത്രപരമായ തീരുമാനം. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് ഇത് സാധ്യമായത്. ആവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പുരുഷന്മാരായ ബന്ധുക്കളുടേയോ ഡ്രൈവര്‍മാരുടേയോ സഹായം തേടാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിരുന്നു. ഇത് ഇനി മുതല്‍ ആവശ്യമില്ലാതായിരിക്കുന്നു. ഞങ്ങള്‍ക്കിനി പുറത്തുപോകാന്‍ ഒരു പുരുഷന്‍ കൂടെ വേണമെന്നില്ല എന്നാണ് ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ 21കാരി ഹാതൂണ്‍ ബിന്‍ ദാഖില്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്.

ഈ മാസം ആദ്യം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് സൗദി ഗവണ്‍മെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കൊടുത്ത് തുടങ്ങിയിരുന്നു. 2010ഓടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയേക്കും. റിയാദിലും ജിദ്ദയിലുമെല്ലാം സ്ത്രീകള്‍ക്കുള്ള കാര്‍ ഡ്രൈവിംഗ് പരിശീലനവും ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ ഓടിക്കാനുള്ള അവസരവും മറ്റും ഒരുക്കിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗദി ലക്ഷ്യമിടുന്നു. അതേസമയം ഡ്രൈവിംഗ് വിലക്ക് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന 17 സ്ത്രീകളില്‍ ഒമ്പത് പേര്‍ ജയിലില്‍ തുടരുകയാണ്. സ്ത്രീകളുടെ ഡ്രൈവിംഗ് അവകാശത്തിന് വേണ്ടി പോരാടിയ വനിതകളെ രാജ്യദ്രോഹികളെന്നും വഞ്ചകരെന്നുമാണ് പല സൗദി പത്രങ്ങളും വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച പോലും രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ വനിതകള്‍ക്ക് ജൂണ്‍ 24 മുതല്‍ സൗദിയില്‍ വാഹനമോടിക്കാം എന്ന് പറഞ്ഞപ്പോള്‍ വനിതസ്വാതന്ത്ര്യത്തിനു ആഘോഷിക്കാന്‍ ഉള്ള നിമിഷം എന്നാണ് പലരും കരുതിയത്. മുപ്പത് കൊല്ലത്തെ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്. എന്നാല്‍ ഇന്ന് സൗദിയില്‍ വനിതകള്‍ വാഹനം നിരത്തില്‍ ഇറക്കുമ്പോള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിവച്ച വനിതകള്‍ ജയിലില്‍ ആണ് അല്ലെങ്കില്‍ നാട് കടത്തപ്പെട്ടിരിക്കുയാണ്. കഴിഞ്ഞ മെയ് 15 മുതല്‍ 12 വനിതകളെയെങ്കിലും ഈ ഒരു അവകാശത്തിനു വേണ്ടി അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിലരെ ജയിലില്‍ ഇട്ടപ്പോള്‍ മറ്റു ചിലരെ യാത്ര വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട് സൗദി സര്‍ക്കാര്‍. ആ കൂട്ടത്തില്‍ 1990ല്‍ തന്നെ വാഹനം ഓടിക്കാന്‍ ഉള്ള വിലക്ക് ലംഘിച്ചവരും ഉള്‍പെടും. ചിലരെ താല്‍ക്കാലികമായി വിട്ടുവെങ്കിലും 9 പേര്‍ ഇപ്പോഴും ജയിലില്‍ ആണ്. അതില്‍ അസീസാ, ഇമാന്‍, ലൗജിന്‍ എന്നീ മൂന്നു പേരുടെ ചിത്രങ്ങള്‍ ഒറ്റുകാര്‍ എന്ന തലക്കെട്ടോടു കൂടി ട്വിറ്ററില്‍ ഇടുകയും ചെയ്തിട്ടുണ്ട് എന്ന് പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക കുറ്റവിചാരണ കോടതി ആണ് അവരുടെ കേസുകള്‍ പരിഗണിക്കുന്നത്. ശിക്ഷിക്കപെട്ടാല്‍ 20 കൊല്ലം വരെ അവര്‍ തടവ് അനുഭവിക്കേണ്ടി വരും. സൗദി അറേബ്യ ഒരിക്കലും ജനങ്ങളുടെ ഇടയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കു വഴങ്ങിയിട്ടില്ല. സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളോ തൊഴിലാളി സംഘടനകളോ ഇല്ലാത്ത രാജ്യം ആണ് സൗദി. ഒരു വശത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്ന് ഭരണകൂടം പറയുമ്പോഴും ഇത്തരം അടിച്ചമര്‍ത്തലുകള്‍ സൗദിയില്‍ പതിവാണ്.

വനിതാ സ്വതന്ത്ര പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ അത് മറ്റു ‘വിപ്ലവകാരികള്‍ക്കു’ പ്രചോദനം ആകും എന്നാണ് സൗദി കരുതന്നത്. ഈ മാസം നൗഫ, മായ എന്നീ രണ്ട് വനിതകളെയും സൗദി അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നതാണ്. എന്ത് തരത്തില്‍ ഉള്ള ‘വിപ്ലവകരമായ’ മാറ്റങ്ങള്‍ കൊണ്ടുവന്നാലും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ പറയണം എന്നുള്ള നിര്‍ബന്ധമാണ് ഈ അറസ്റ്റുകള്‍ക്കു വഴി വെച്ചത്. വനിതകളോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് കടുത്ത നിര്‍ദേശം ഉണ്ടായിരുന്നു. അത് ഈ വനിതകള്‍ ലംഘിച്ചതാണ് അറസ്റ്റിനു കാരണമായത് എന്നുവേണം കരുതാന്‍.

ഇന്ന് സൗദിയില്‍ വനിതകള്‍ വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ അതിന് വേണ്ടി പോരാടിയവര്‍ ജയിലില്‍ ആണ്

സൗദികൾ ഇപ്പോൾ ‘നല്ലവരാ’ണ്; ബിൻ ലാദന്റെ ആൾക്കാരല്ല; കാട്ടറബികളല്ല; പരിഷ്കാരികളാണ്; ധീരനായ ‘വിപ്ലവകാരി’ അടിമുടി ‘മാറ്റുക’യാണ് ആ രാജ്യത്തെ

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 25, 2018 7:32 pm