X

മോദിയുടെ പരിപാടിയില്‍ ആളെ കൂട്ടാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ചെയ്തത് ഇതൊക്കെയാണ്

അരദിവസത്തേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് അനുവാദം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കമ്പനികള്‍ക്ക് കത്തയച്ചിരിക്കുകയാണ് ഇന്ത്യന്‍ എംബസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍, ഒമാന്‍, യു എ ഇ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുന്ന മെഗാ പരിപാടി ആണ്. സുല്‍ത്താന്‍ ക്വബൂസ് സ്പോര്‍ട്ട്സ് കോംപ്ലക്സില്‍ വെച്ചു ഇന്ത്യന്‍ എംബസി നടത്തുന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഫെബ്രുവരി 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മസ്കറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കും’ എന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ഒമാന്റെ ജനസംഖ്യയില്‍ 20 ശതമാനവും ഇന്ത്യക്കാരായതുകൊണ്ടു തന്നെ ഇങ്ങനെ ഒരു പരിപാടിയില്‍ ആളുകളെ പങ്കെടുപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള വിഷയമല്ല. എന്നാല്‍ ഇന്ത്യന്‍ എംബസി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ല എന്നാണ് അവരുടെ ഒരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എംബസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ നിരവധി കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ അരദിവസത്തേക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുവാദം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചിരിക്കുകയാണ്.

ഇന്ത്യന്‍ തൊഴില്‍ സേനയെ ജോലിക്കു നിര്‍ത്തിയിട്ടുള്ള കമ്പനികളില്‍ നിന്നും എത്ര പേര്‍ പങ്കെടുക്കണം എന്ന കൃത്യമായ നിര്‍ദേശം എംബസി നല്കുന്നുണ്ട്. കൂടാതെ പങ്കെടുക്കുന്നവരി 80 ശതമാനവും നീല കോളര്‍ തൊഴിലാളികള്‍ ആയിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ദൃശ്യം വളരെ പ്രധാനമാണ് എന്നു എംബസിക്ക് അറിയാം. അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വമാണ് പങ്കെടുക്കുന്ന ആളുകളെ എംബസി തിരഞ്ഞെടുക്കുന്നത്.

മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസി എല്ലാ കാലത്തും താങ്കളുടെ കമ്പനിയുമായി മികച്ച സഹകരണമാണ് നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് മേല്‍ പറഞ്ഞ പൊതുപരിപാടിയില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സഹകരിക്കണം എന്നാണ് എംബസി കമ്പനികള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹന സൌകര്യം ഒരുക്കിക്കൊടുക്കാനും എംബസി ആവശ്യപ്പെടുന്നുണ്ട്. എന്തായാലും എംബസിയുടെ ശ്രമം വിഫലമായില്ല. നീല കോളര്‍ ജോലിക്കാരെ ബസുകളില്‍ വേദിയില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അവര്‍ക്ക് അര ദിവസത്തെ അവധി കൊടുക്കാനും തീരുമാനമായി.

കമ്പനികള്‍ കൂടാതെ ഇന്ത്യന്‍ സ്കൂളുകളോടും പരിപാടിയിലേക്ക് കുട്ടികളെ എത്തിക്കാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on February 11, 2018 12:41 pm