X

ഖത്തറില്‍ എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം ബാധകം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

നിയമ പ്രകാരം രാവിലെ പതിനൊന്ന് മുപ്പത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നതാണ്.

ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമെന്ന് അധികൃതര്‍. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ പതിനഞ്ച് മുതലാണ് ഖത്തറില്‍ വേനല്‍ കാല ഉച്ചവിശ്രമ നിയമം നിലവില്‍ വന്നത്. നിയമ പ്രകാരം രാവിലെ പതിനൊന്ന് മുപ്പത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നതാണ്.

എന്നാല്‍ പത്ര വിതരണക്കാരും ഹോട്ടലുകള്‍, കഫ്തീരിയകള്‍ എന്നിവയിലെ ഹോം ഡെലിവറി തൊഴിലാളികളും ഈ സമയങ്ങളിലും ജോലി ചെയ്യുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് ലേബര്‍ സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ ആരോഗ്യ വിഭാഗം മേധാവി ജാബര്‍ അലി അല്‍ മാരിയുടെ പ്രതികരണം.

ഉച്ച വിശ്രമനിയമം സംബന്ധിച്ച സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ തരം പുറംതൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല, തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ഉയര്‍ന്നതാപനിലയുടെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു

This post was last modified on July 1, 2019 12:50 pm