X

തൊഴില്‍ വിസയ്ക്ക് പൊലീസ് സര്‍ട്ടിഫിക്കറ്റ്; യുഎഇയുടെ പുതിയ നിബന്ധനയില്‍ സാവകാശം കിട്ടാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ. സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ. സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം കോണ്‍സുലേറ്റ് വഴി മാത്രം ദിവസം 250 മുതല്‍ 300 വരെ വിസ നല്‍കുന്നുണ്ട്. വിദേശ യാത്രാരേഖകള്‍ ശരിയാക്കിക്കൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ രാജ്യത്തിന്റെ മറ്റു മേഖലകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിക്കൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ പി.സി.സി ലഭ്യമാക്കുന്ന സംവിധാനം ദുരുപയോഗപ്പെടുത്താനുളള സാധ്യത നിലനില്‍ക്കുന്നു.

കുറ്റമറ്റ രീതിയില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ സംയുക്ത ഇടപെടല്‍ വേണ്ടതുണ്ട്. ഇതിനായി പ്രത്യേക ഐടി അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് കൂടാതെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാന്‍ കഴിയൂ. അത് കണക്കിലെടുത്ത് പി.സി.സി. നിര്‍ബന്ധമാക്കുന്നത് 6 മാസത്തേക്ക് നിര്‍ത്തിവെക്കുന്നതിന് യു.എ.ഇ സര്‍ക്കാരുമായി കേന്ദ്രം ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതുവരെ തൊഴില്‍ വിസ ഇന്നത്തെ രീതിയില്‍ അനുവദിക്കേണ്ടതുണ്ട്. സമഗ്രമായ വെരിഫിക്കേഷന്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി യു.എ.ഇ കോണ്‍സുലേറ്റിന് കൈമാറാന്‍ ഒരുക്കമാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ഇളവ് ലഭിക്കുന്നത് യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.