X

ഖത്തറിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കും

പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ക്കും സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള തീയതി സംബന്ധിച്ച കരട് നിര്‍മ്മാണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ഖത്തറില്‍ റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കുന്നത് സംബന്ധിച്ച കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 2010ലെ പതിനഞ്ചാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ജനങ്ങള്‍ കുടുംബമായി താമസിക്കുന്ന ഭാഗങ്ങളില്‍ തൊഴിലാളി ക്യാമ്പ് അനുവദിക്കുന്നതല്ല.

2010 ല്‍ ശൂറാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത നിബന്ധനയാണ് പുതിയ നിയമമാക്കിയതെന്ന് കാബിനറ്റ് മന്ത്രി ഡോക്ടര്‍ ഈസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി അറിയിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ക്കും സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള തീയതി സംബന്ധിച്ച കരട് നിര്‍മ്മാണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ദേശീയ ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനും രാജ്യാന്തര വ്യാപാരത്തില്‍ അവക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുമുള്ള കരട് നിയമവുമായി ബന്ധപ്പെട്ട ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗം വിലയിരുത്തി. പ്രാദേശിക ഉത്പാദനം ത്വരിതപ്പെടുത്താന്‍ സഹായകമായ വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്.