X

സഹിഷ്ണുതയെക്കുറിച്ചുള്ള ആ ഒറ്റപ്പെട്ട ശബ്ദം രാഷ്ട്രപതിയുടേത് മാത്രമാകുമ്പോള്‍

ടീം അഴിമുഖം/എഡിറ്റോറിയല്‍

സഹിഷ്ണുതയോടുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രതിബദ്ധതയെ കുറിച്ച് പൗരന്മാരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുക എന്നത് കഴിഞ്ഞ ഏതാനും ആഴ്ചകളായി രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവാദിത്തങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. രണ്ടാഴ്ചക്കിടെ രണ്ടാമതും പ്രണബ് മുഖര്‍ജി ഇതു ചെയ്തു. ആശങ്കപ്പെടുത്തുന്ന തരത്തില്‍ രാജ്യം പരിധികള്‍ വിട്ടു പോകുന്നുണ്ടോ എന്ന് അദ്ദേഹം ശങ്കിക്കുന്നു. ഈ പോക്ക് ആശയക്കുഴപ്പവും സംശയവും ഉണ്ടാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു ആധുനിക ജനാധിപത്യവ്യവസ്ഥയില്‍ തന്റെ പദവിക്ക് ചേരുന്ന തരത്തിലായിരുന്നു രാഷ്ട്രപതിയുടെ ഈ പ്രസ്താവനകള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തി ആധുനികതയെയോ ജനാധിപത്യത്തെയോ കുറിച്ച് നമുക്ക് ചിന്തിക്കുക പ്രയാസമാണ്. പെട്ടെന്നുള്ള ഈ പ്രകോപനങ്ങള്‍ക്കപ്പുറം രാജ്യത്തിനകത്തു തന്നെയുള്ള ദുഷ്ടശക്തികള്‍ പുറത്തു വരുന്ന ചിത്രമാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്.

മുംബൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ചര്‍ച്ച ശിവസേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയുണ്ടായി. ഇതോടെ പാക്കിസ്ഥാനില്‍ നിന്നുള്ള അമ്പയര്‍മാര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും ഇന്ത്യയില്‍ ജോലി ചെയ്യുക അസാധ്യമായി. ശ്രീനഗറില്‍ ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച ജമ്മു കശ്മീര്‍ നിയമസഭാംഗത്തിനു നേരെ ഡല്‍ഹിയില്‍ ഗോസംരക്ഷകരെന്ന് പറയപ്പെടുന്ന സംഘം കരി ഓയില്‍ പ്രയോഗം നടത്തി. കാലില്‍ ദേവിയുടെ ചിത്രം ടാറ്റൂ പതിച്ച ഓസ്‌ട്രേലിയക്കാരന്‍ ബെംഗളൂരുവിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഉപദ്രവിക്കപ്പെടുകയും ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തില്‍ നിന്നും നിര്‍ബന്ധിച്ച് മാപ്പ് എഴുതി വാങ്ങുകയും ചെയ്തു. ഈ സംഭവങ്ങള്‍ ഒന്നും തന്നെ ഒറ്റപ്പെട്ടവയായി ഇനി തള്ളിക്കളയാനാവില്ല. ഓരോ സംഭവത്തിനും ഒരു ചരിത്രവും സന്ദര്‍ഭവുമുണ്ട്. ഈ രീതിയിലൊക്കെ പെരുമാറണമെന്ന പൊതു/ ഭൂരിപക്ഷ അധികാര ഭാവവും അതു പോലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മൗനത്തിലായ അധികാരരൂപങ്ങളും ഇതിലുള്‍പ്പെടുന്നു. ഗോസംരക്ഷണ രാഷ്ട്രീയം പടിപടിയായി അതിന്റെ ആക്രമോത്സുകമായ മുഖം പുറത്തെടുക്കുന്നു. ഉത്തര്‍ പ്രദേശിലും ഹിമാചര്‍ പ്രദേശിലും കശ്മീരിലും ജമ്മുവിലെ ചിലയിടങ്ങളിലും അതിന് പലതട്ടിലുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ആശീര്‍വാദങ്ങളും ലഭിക്കുന്നു.

ഗര്‍ബ, രാംലീല പോലുള്ള പ്രാദേശിക ആഘോഷങ്ങളില്‍ നിന്ന് മറ്റു മതസ്ഥരെ അകറ്റുക എന്നതു പോലുള്ള വിവേചനത്തിന്റെ അത്ര ആക്രമോത്സുകമല്ലാത്ത രൂപങ്ങളും ഇപ്പോള്‍ ഈ വലുതും കൂടുതല്‍ ഭീഷണവുമായ പ്രകടനങ്ങളുമായി ബന്ധപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ വരുന്നതോ അല്ലെങ്കില്‍ ഹരിയാന മുഖ്യമന്ത്രിയുടേത് പോലുള്ള കൂടുതല്‍ പ്രത്യക്ഷമോ ആയ പ്രസ്താവനകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ ഈ സാഹചര്യം ചിട്ടയും ക്രമവും ഇല്ലാത്തതാണെന്ന് പറയാനുമാകില്ല. അതുകൊണ്ടു തന്നെ പ്രണബ് മുഖര്‍ജി പ്രകടിപ്പിച്ച ആശയക്കുഴപ്പവും സംശയവും പ്രസക്തമാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കില്‍ രാഷ്ട്രീയ ഔന്നത്യമില്ലാത്ത രാജ്യത്തെ മറ്റു നേതാക്കള്‍ വ്യക്തതയോടും മാനവികതയോടെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on October 22, 2015 2:44 pm