X

ഉണ്ണാനിരുന്ന നായര്‍ക്ക് തോന്നിയത് അഥവാ പ്രിയദര്‍ശന്‍ ഓണമുണ്ട കഥ

കിലുക്കം എന്ന സിനിമയിലെ ഒരു രംഗമാണ് പറയുന്നത്.

നന്ദിനിയുടെ കഥകളെല്ലാം അറിഞ്ഞശേഷം ജോജി അവളെ ജസ്റ്റീസ് വര്‍മയുടെ ബംഗ്ലാവില്‍ നിര്‍ത്താനുള്ള സൂത്രം ഒപ്പിക്കുന്നു. തന്റെ അകന്നൊരു ബന്ധുവാണെന്നും അമ്മ മരിച്ചതോടെ ആരുമില്ലാതായെന്നും ഇവിടെ പണിക്കൊരാളെ ആവശ്യമുണ്ടെന്നു പറഞ്ഞിരുന്നതുകൊണ്ടാണ് ഇങ്ങോട്ടുകൊണ്ടു വന്നതെന്നും ജോജി വര്‍മയെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ജോജിയെ വിശ്വസിക്കുന്നതിനൊപ്പം തന്റെ ജഡ്ജി കണ്ണുകൊണ്ട് നന്ദിനിയെ ചൂഴ്ന്നു നോക്കികൊണ്ടു വര്‍മ ഗൗരവത്തില്‍ ചോദിക്കുകയാണ്;

എന്താ ജാതി?

ജോജി അത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ അതിനുള്ള മറുപടി പറയുന്നു;

അമ്മേടയാ..

വായില്‍ നിന്നും ചുരുട്ട് പൈപ്പ് കൈയിലെടുത്തു വര്‍മയുടെ പ്രതികരണം;

ആ ലക്ഷണമൊക്കെയുണ്ട്…

സിനിമയില്‍ ഒരിടത്തും ജോജി എന്ന കഥാപാത്രത്തിന്റെ ജാതിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പറയുന്നില്ല. എന്നിട്ടും നന്ദിനി തന്റെ അമ്മയുടെ ജാതിയാണെന്നു (കള്ളത്തരത്തിന്റെ ഭാഗമാണെങ്കില്‍ പോലും) പറയുമ്പോള്‍ ജോജിയുടെ മുഖത്തുണ്ടാകുന്ന ഭാവവും, ജസ്റ്റീസ് വര്‍മ എന്ന ഫ്യൂഡല്‍ ആ മറുപടിയില്‍ തൃപ്തനാകുന്നതും (ആ ലക്ഷണങ്ങള്‍ ഉണ്ടെന്നു ഒറ്റനോട്ടത്തില്‍ തന്നെ തീര്‍ച്ചപ്പെടുത്താനും കഴിയുന്നുണ്ട്) കാണുമ്പോള്‍ തോന്നിയ സംശയമാണ്, എന്തായിരിക്കും ജോജിയുടെ അമ്മയുടെ ജാതി? സാഹചര്യങ്ങളെല്ലാംവച്ചു നോക്കിയാല്‍ അവര്‍ നായര്‍ തന്നെയായിരിക്കണം. അങ്ങനെയെങ്കില്‍ ജോജിയും നായര്‍ (നായന്മാരെ സംബന്ധിച്ച് അമ്മ വഴിയാണ് ജാതിയും ആചാരവും പുലയുമെല്ലാം വരുന്നത്, അതിപ്പോള്‍ അച്ചന്‍ ക്രിസ്ത്യാനിയാണെങ്കിലും മുസ്ലിമാണെങ്കിലും). നന്ദിനിയും നായര്‍!

ഇത്രയും നാള്‍ വിചാരിച്ചിരുന്നതു വേണു നാഗവള്ളിയാണ് കിലുക്കത്തിന്റെ സംഭാഷണമടക്കം തിരക്കഥയെഴുതിയെന്നാണ്. ഇയടുത്ത ദിവസങ്ങളില്‍ (കിലുക്കത്തിന്റെ 25 ആം വാര്‍ഷികവേളയില്‍) പ്രിയദര്‍ശന്‍ പറയുന്നതുകേട്ടു താന്‍ തന്നെയാണ് സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയതെന്ന്. ഈ പറഞ്ഞതു അംബുജാക്ഷന്‍ വിശ്വസിക്കാന്‍ കാരണം മേല്‍പ്പറഞ്ഞ രംഗം തന്നെയാണ്. വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭാഷണശകലങ്ങളായിരുന്നു, ആ ജാതി ചോദിക്കല്‍. അതുണ്ടായില്ലായെന്നതു തന്നെ സംഭാഷണരചയിതാവിന്റെ ജാത്യബോധങ്ങള്‍ അവിടെ എന്തിനോ വേണ്ടി തിളച്ചതുകൊണ്ടാണ്.

സിനിമയിലെ ഈ ജാതിബോധം കേവലം ഒരു പ്രിയദര്‍ശനില്‍ മാത്രം ആരോപിക്കാന്‍ അംബുജാക്ഷന്‍ തയ്യാറല്ല, നായരായ എംടിയും നായരല്ലാത്ത ലോഹിതതാദാസുമെല്ലാം അവരുടെ നായകന്മാര്‍ക്ക് കല്‍പ്പിച്ചു കൊടുത്തിരുന്നത് സവര്‍ണമേല്‍വിലാസമാണ് (അങ്ങനെയല്ലാത്ത കഥാപാത്രങ്ങളും ഉണ്ട്). രഞ്ജിത്തോ, രഞ്ജി പണിക്കരോ പോലുള്ളവരെ മനഃപൂര്‍വം പറയാത്തതാണ്. അവര്‍ക്കതേ പറ്റൂ. ഇന്നേ വരേയുള്ള മലയാള സിനിമകള്‍ എണ്ണിപ്പറഞ്ഞാല്‍ അതില്‍ തൊണ്ണൂറുശതമാനത്തിലും നായകനോ നായികയോ സവര്‍ണന്‍ തന്നെയാണ്. കമ്മട്ടിപ്പാടത്തൊക്കെ സിനിമ വിതയ്ക്കാന്‍ തുടങ്ങിയത് ഇപ്പോഴല്ലേ!

നമുക്ക് ജാതിയില്ലാ എന്നു ശ്രീനാരായണഗുരു പറഞ്ഞ, അതേ നാട്ടില്‍ രൂപം കൊണ്ട ഒരു സിനിമാവ്യവസായം എത്രയോ നാളുകളായി ഞങ്ങള്‍ക്ക് ജാതിയുണ്ടെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു. തിരുവനന്തപുരം നായന്മാരാണ് ഈയടുത്തകാലം വരെ മലയാള സിനിമ ഭരിച്ചുകൊണ്ടിരുന്നത്. കോഴിക്കോടും കൊച്ചിയും കേന്ദ്രീകരിച്ച് ഇവര്‍ക്കു ബദലായി ചിലര്‍ സംഘം ചേരാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. എങ്കിലും ഇപ്പോള്‍ ചെവിയില്‍ പൂടയുള്ള നായന്മാരുടെ പടനായയകത്വം ഒട്ടൊന്നൊഴിഞ്ഞെങ്കിലും ഇന്‍ഡസ്ട്രിയുമായുള്ള തങ്ങളുടെ പുലബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. 

അംബുജാക്ഷന്‍ എന്താ ജാതി പറയാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ സംശയം. അതിനൊരു കാരണമുണ്ട്. ഇന്നു സോഷ്യല്‍ മീഡിയ വളരെ കാര്യമായി സംവിധായകന്‍ പ്രിയദര്‍ശനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതുകണ്ടു കാര്യമിതാണ്; പ്രിയന്‍ ഈയടുത്തായി താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ കഴിഞ്ഞ ഓണക്കാലത്തെ കുറിച്ചും പറഞ്ഞിരുന്നു. ഏതോ മാധ്യമത്തിനു നല്‍കിയ അഭിമുഖമായിരിക്കണം. അവരത് വാചകമേളയിലേക്കും തട്ടി. ഇതിന്റെ പേപ്പര്‍ കട്ടിംഗാണ് ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് ആധാരം. ഇനി പ്രിയന്‍ പറഞ്ഞിരിക്കുന്നതെന്താണെന്നു നോക്കാം; പലപ്പോഴും നാട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോള്‍ മാത്രമാണ് ഒരില ഇടുന്നത്. ഒറ്റയ്ക്കിരുന്നു കഴിക്കാന്‍ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു.

ആദ്യത്തെ വായനയില്‍ തോന്നുക ചെറിയൊരു വിഷമമാണ്. പ്രിയനോട് എമ്പതൈസ് ചെയ്തുകൊണ്ട് ലിസിയോട് ഒരു മുറുമുറുപ്പ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഒരു പട്ടിയും തനിക്കു കാണില്ലെന്നാങ്ങാനും ലിസി പറഞ്ഞിട്ടുണ്ടെങ്കില്‍ തിയോ ഓണമുണ്ട കഥകേട്ട് അവര്‍ നാണിച്ചുപോയിക്കാണുമല്ലോ എന്നോര്‍ത്തപ്പോള്‍ ചുണ്ടിന്റെ കോണില്‍ ഒരു പുച്ഛവും വിരിഞ്ഞു. പക്ഷേ ഒന്നൂടൊന്നു പ്രിയന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോഴാണ് അംബുജാക്ഷന്‍ ആദ്യവായനയില്‍ കാണാതെപോയൊരു കഥാപാത്രത്തെ ശ്രദ്ധിച്ചത്. ഇലയിട്ടു പ്രിയനും തിയോയ്ക്കും സദ്യവിളമ്പിയ ഷാനവാസിനെ. അയാള്‍ക്കിനി ഓണവും ഓണസദ്യയും ഹറാമാണോ? അതോ ആളു മലയാളിയല്ലെന്നുണ്ടോ? ഇതൊന്നുമല്ലെങ്കില്‍ പിന്നെ തിയോയെ ഓണമൂട്ടിയ പ്രിയന്, ഷാനവാസിനോട് താനുംകൂടി ഒരിലയിട്ടിരിക്കഡോ എന്നു പറയാന്‍ തോന്നാതിരുന്നതെന്തേ? ചോദ്യമതാണ്.കിലുക്കത്തിലെ രംഗം പറയാനുള്ള കാരണം ഇപ്പോല്‍ മനസിലായോ? വേലക്കാരിയായിരുന്താലും നീ നായരാകണം എന്നു വാശിപിടിക്കുന്നൊരു സിനിമാക്കാരന്റെ ഉള്ളിലും ആ വിഷബോധം ബാക്കിയുണ്ടാകില്ലേ, അതായിരിക്കില്ലേ തിയോ എന്ന പട്ടിക്കു കിട്ടിയ സ്ഥാനം പോലും ഷാനവാസ് എന്ന സഹായിക്ക് കിട്ടാതെ പോയതെന്നു അംബുജാക്ഷനെ പോലുള്ളവര്‍ ചിന്തിച്ചുപോയാല്‍ തെറ്റുപറയാന്‍ കഴിയുമോ?

ഇലയിട്ടു വിളമ്പികൊടുക്കുന്ന സഹായിക്കു നാട്ടുഭാഷയില്‍ വേലക്കാരനെന്നോ കുശിനിക്കാരനെന്നോ ആകും പറയുക. ഇന്നലെ ഒരു വാര്‍ത്ത ശ്രദ്ധിച്ചിരുന്നു. മലേഷ്യയിലാണ്, ഒരു സമ്പന്ന കുടുംബം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതും നോക്കി മറ്റൊരു ടേബിളില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടി. ആരോ മൊബൈലില്‍ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ്. അതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ആ പെണ്‍കുട്ടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുടുംബത്തിലെ വേലക്കാരി പെണ്ണാണ്! മറ്റൊരു വാര്‍ത്ത കേട്ടത്, യാത്രികരായൊരു കുടുംബം ഭക്ഷണം കഴിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഒപ്പം അവരുടെ ഡ്രൈവറെയും ക്ഷണിച്ചു. എന്നാല്‍ ഹോട്ടലുകാര്‍ ഡ്രൈവറെ അകത്തേക്കു കയറ്റാന്‍ വിസമ്മതിച്ചു. സ്റ്റാറ്റസ് പ്രോബ്ലം. മനുഷ്യപറ്റുള്ള ആ കുടുംബം ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പ്രിയദര്‍ശന്‍ തന്റെ സഹായിയായ മനുഷ്യനെക്കാള്‍ സ്‌നേഹം പെറ്റിനോട് കാണിച്ചതില്‍ അത്ഭുതം കൂറേണ്ടതില്ല. അതൊരു മനഃസ്ഥിതിയാണ്, ലോകം എത്രവലിയ സോഷ്യലിസം പറഞ്ഞാലും മാറാത്ത മനസ്ഥിതി.

പ്രിയദര്‍ശന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെ മാനിക്കാതെയോ അദ്ദേഹത്തിന്റെ വേദന മനസിലാകാഞ്ഞിട്ടോ അല്ല, എന്നിരിക്കിലും ആ വ്യക്തി ബോധപൂര്‍വമല്ലെങ്കില്‍ കൂടി ചെയ്തുപോകുന്ന പ്രവര്‍ത്തികള്‍ അദ്ദേഹത്തിലെ സവര്‍ണ-ഫ്യൂഡല്‍ ചിന്താഗതികളുടെ പ്രതിഫലനങ്ങളാണെന്നത് കാണാതിരിക്കാന്‍ വയ്യാ. ഒരു വ്യക്തിയെന്ന നിലയില്‍ അറിയില്ലെങ്കിലും, സംവിധായകന്‍ എന്ന നിലയില്‍ തന്റെ കലാസൃഷ്ടികളിലെല്ലാം ആ ചിന്താഗതി പുലര്‍ത്തിപ്പോരുന്നുണ്ട് പ്രിയദര്‍ശന്‍. ഒരുപക്ഷേ ആ തെറ്റുകളുടെ പേരില്‍ തന്നെയാകാം, ഹൃദയസ്പര്‍ക്കായി പറഞ്ഞുപോയൊരു കാര്യത്തിലും പ്രിയന്‍ വിമര്‍ശിക്കപ്പെടുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on October 9, 2016 11:05 am