X

പൊതു വിദ്യാഭ്യാസത്തെ ആര് സംരക്ഷിക്കും?

എം കെ രാമദാസ്

പൊതു വിദ്യാലയങ്ങളെ ഈ വിധം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യം ഞങ്ങള്‍ പലരോടായി ഉന്നയിച്ചു. വേണ്ട എന്നു തന്നെയായിരുന്നു ഏതാണ്ട് എല്ലാവരുടെയും ഒറ്റവാക്കിലുള്ള മറുപടി. പൊതു വിദ്യാഭ്യാസമെന്ന വിശാലാശയത്തെ നിരാകരിച്ചുകൊണ്ടായിരുന്നില്ല മറുപടികള്‍ ഒന്നും.

ഒരു പ്രഭാതത്തില്‍ പൊട്ടിവിരിയുന്നതല്ല ജനാധിപത്യ സംവിധാനത്തില്‍ നിയമങ്ങള്‍. സമൂഹമെന്ന അരകല്ലില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അരിച്ചെടുക്കുന്ന സത്തയാണത്. ഇങ്ങനെയൊക്കെതന്നെയാണ് കേരളവിദ്യാഭ്യാസ ചട്ടവും ആവിഷ്‌ക്കരിപ്പെട്ടത്. ലോകത്തില്‍ ആദ്യമായി  ജനാധിപത്യവ്യവസ്ഥയില്‍ രൂപീകൃതമായ  ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സംഭാവനയാണ് അന്നത്തെ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് തയ്യാറാക്കിയ കേരള വിദ്യാഭ്യാസ ചട്ടം. ജനാധിപത്യവും സമത്വവും ഉള്‍ച്ചേര്‍ന്ന വിശാല കാഴ്ച്ചപ്പാടിന്റെ പ്രതിഫലനം കൂടിയായിരുന്നു കെ.ഇ ആര്‍. കാലവും കോലവും മാറി അമ്പതാണ്ടിന്  മുമ്പത്തെ കേരളീയ മൂല്യങ്ങള്‍ പുനരാലോചനയ്ക്ക് വഴങ്ങാത്തവിധം മാറിയിരിക്കുന്നു. ജഢമുദ്രാവാക്യം മാത്രമായി സമത്വം രൂപഭേദം വന്നിരിക്കുന്നു.

വിദ്യാഭ്യാസമെന്നത് വില്‍പ്പനചരക്കായി അന്നാരും പരിഗണിച്ചിരുന്നില്ല. മനുഷ്യരുടെ വിശാല സമത്വമായിരുന്നു സാമൂഹികാവശ്യം.  വിദ്യ കൈവശമാക്കുന്നതിലൂടെ മോചനം സാധ്യമാവൂ എന്ന് വിശ്വസിച്ചിരുന്ന ജനസാമാന്യമായിരുന്നു അന്നത്തേത്.  മാറ്റങ്ങളെ ശരവേഗത്തില്‍ സ്വാംശീകരിച്ച് മുന്നേറിയ കേരളീയര്‍ മൂല്യങ്ങളെ പുറത്താക്കി പടിവാതില്‍ കൊട്ടിയടച്ചു. അങ്ങനെ കൈമോശം വന്ന സാമൂഹ്യ ഘടകങ്ങളില്‍ പ്രധാനമായിരുന്നു പൊതുവിദ്യാഭ്യാസം. ആഗോളപൗരത്വം അവകാശപ്പെടാവുന്ന മാനസികഘടനയിലേക്ക് കേരളീയരെ കൈപിടിച്ചുയര്‍ത്തിയത് ഈ പൊതു ബോധമായിരുന്നു. തന്‍റേതായ ഒരിടം എവിടെയും സൃഷ്ടിക്കാന്‍ കേരളീയനെ പ്രാപ്തമാക്കിയത് ചൈത്യവത്തായ ഈ ഉള്‍പ്രരണയാണ്.

കുടിവെള്ളവും വിലകൊടുത്തു വാങ്ങാമെന്ന വികല ധാരണയിലേക്ക് വിദ്യാഭ്യാസവും കടന്നുവന്നു. ആകാശത്തിനും മണ്ണിനും വിലയിട്ടുവില്‍ക്കാന്‍ മടിയുമായില്ല.  സ്‌നേഹവും കരുതലുംവരെ വില്‍പ്പനയ്ക്ക് വെച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേരളത്തി ല്‍ സ്വകാര്യമേഖലയില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. നായര്‍ സമാജവും ഈഴവ ഗ്രൂപ്പും ക്രൈസ്തവ – മുസ്ലിം സമുദായങ്ങളും ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നത്.   അധ്യാപക, അനധ്യാപക നിയമനങ്ങളിലൂടെ മേശവലിപ്പില്‍ വീഴാവുന്ന കാശുകെട്ടുകള്‍ ആയിരുന്നില്ല ഇത്തരം ഗ്രൂപ്പുകളുടെ സന്നദ്ധതയ്ക്ക് പിന്നിലുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമാണ് നഗരങ്ങള്‍ വികസിച്ചത്. വിദ്യാലയങ്ങളിലാണ് വീഥികള്‍ അവസാനിച്ചത്. ഊഹകച്ചവടം ഉടലെടുക്കുന്നതിനു മുമ്പ് വിദ്യാലയ ഉടമകള്‍ ഭൂവിലയെക്കുറിച്ച് ഊഹിച്ചിരിക്കില്ല. നഗരങ്ങളുടെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെട്ട വിദ്യാലയങ്ങള്‍ അശ്രീകരകാഴ്ച്ചയായി മാറിയത് അതിശീഘ്രമാണ്. സാംസ്‌കാരിക ചിഹ്നങ്ങളായ വിദ്യാ കേന്ദ്രങ്ങള്‍ നഗരത്തിനു വെളിയിലേക്ക് പറിച്ചു നടപ്പെട്ടു. വഴങ്ങാത്തത് നഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് അടച്ചു പൂട്ടി. വിദ്യാലയമെന്നത് ജീവനില്ലാത്ത കല്ലുംമണ്ണുമെന്ന നിഷേധചിന്തയില്‍ നിന്നാണ് മലാപ്പറമ്പ് സ്‌ക്കൂള്‍ അടച്ചുപൂട്ടല്‍ തീരുമാനിക്കുന്നത്.  പൊതുവിദ്യാലയങ്ങള്‍ സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച അജണ്ട എന്തായിരുന്നു എന്ന് പരിശോധിച്ചാല്‍ ലഭിക്കുന്ന ഉത്തരത്തിന് സങ്കീര്‍ണ്ണതയില്ല.

ഇക്കഴിഞ്ഞ പ്രവേശനോല്‍സവ വേളയില്‍ വയനാട്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ നടന്ന  ആഘോഷം കണ്ട് ഞെട്ടല്‍ മാറാത്ത ഒരു ഡയറ്റ് അധ്യാപകന്‍  അക്കഥ അഴിമുഖത്തോട് പങ്കു വെച്ചു. ‘ സ്ഥലം, സുല്‍ത്താന്‍ ബത്തേരി അസംഷന്‍ ഹൈസ്‌ക്കൂള്‍.  രാവിലെ ഒന്‍പതുമണിയോടടുത്ത സമയം വാദ്യമേളങ്ങളോടെയും വര്‍ണ്ണ ബലൂണുകളോടെയും നവാഗതരെ കാത്ത് വിദ്യാലയ കവാടത്തില്‍ കുട്ടികള്‍. പകപ്പോടെ അതിലേറെ കൗതുകത്തോടെ പുതുമക്കാരുടെ കാല്‍വെപ്പ്. സ്‌ക്കൂള്‍ ഹാളിലേക്ക് കുട്ടികള്‍ ആനയിക്കപ്പെടുന്നു. പിന്നെയാണ് അങ്കം. സ്‌ക്കൂളിനോട് ചേര്‍ന്ന ദേവാലയത്തിലെ വൈദികന്റെ ഏതാണ്ട് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബൈബിള്‍ പ്രഭാഷണം.  ഹന്നാന്‍വെള്ളം  തളിച്ച് കുട്ടികള്‍ ഓരോരുത്തരേയും അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ക്ലാസ് മുറികള്‍ ഓരോന്നും വിശുദ്ധജലം തളിച്ച് ആശിര്‍വാദം. ഈ സമയം സ്‌ക്കൂളിലെ ഒരധ്യാപികയും സംഘവും ചേര്‍ന്ന് ക്രസ്തീയ നീണ്ട സ്വാഗതഗാനം. പിടിഎ പ്രസിഡണ്ടിന്റെ  ഗീര്‍വാണ പ്രസംഗം. ഹന്നാന്‍ വെള്ളം തളിച്ച് തിരികെയെത്തിയ വൈദികന്റെ ഉത്‌ഘോഷണം വീണ്ടും’.

വിദ്യയെന്നാല്‍ ദൈവത്തെ അറിയലാണ്. അതുകൊണ്ട്  വിദ്യാരംഭത്തില്‍ ദൈവത്തെ പ്രാര്‍ത്ഥിച്ചു വേണം തുടങ്ങാന്‍. അതിനായി നോട്ടുപുസ്തകമെടുക്കുക. ഹിന്ദു കുട്ടികള്‍ രാമായണത്തിലേയോ ഭാഗവതത്തിലേയോ ഒരു ഭാഗവു, മുസ്ലീം കുട്ടികള്‍ ഖുറാനിലെ വാചകവുമെഴുതുക,  ക്രിസ്ത്യന്‍ കുട്ടികള്‍ ബൈബിളിലെ ചില ഉദ്ദരണികള്‍ കുറിക്കുക. ചടങ്ങിനു നന്ദി പറഞ്ഞതിനു ശേഷം പ്രധാനാധ്യാപകന്‍ കുട്ടികള്‍ക്കു നല്‍കിയ നിര്‍ദ്ദേശമാണ് മേല്‍ കൊടുത്തത്.

പൂര്‍ണ്ണമായും മതേതരമാവണം പൊതുവിദ്യാലയങ്ങളെന്ന് ഉറപ്പ് വരുത്തിയത് സര്‍ക്കാര്‍ മാത്രമല്ല സമൂഹം കൂടിയാണ്. ജനങ്ങളുടെ നികുതി പണം വേതനമായി വാങ്ങുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതേതരമെന്ന ആശയത്തെ തള്ളിക്കളായാന്‍ അവകാശമില്ലെന്ന് മാത്രമല്ല മതേതര വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവാദിത്വവുമുണ്ട്.  നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇന്നാട്ടില്‍ പൊതുവിദ്യാലയമെന്ന സങ്കല്‍പ്പം പ്രായോഗികമാവുന്നതും ചട്ടങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും. ഏതെങ്കിലും മതത്തിനോ ജാതിക്കോ പ്രാധാന്യം നല്‍ക്കുന്ന പ്രവര്‍ത്തികള്‍ ഒന്നും പൊതുവിദ്യാലയങ്ങളില്‍ നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ട  ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. വ്യക്തിഗത മാനേജ്‌മെന്റുകളുടെ ലാഭക്കൊതി സാമൂഹ്യ സാഹചര്യങ്ങളുടെ പരിഛേദമെന്ന ന്യായീകരണമുണ്ടെങ്കിലും മത, ജാതി, സമുദായ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം വഴിതെറ്റുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടങ്ങള്‍. കൂടുതല്‍ കൂടുതല്‍ ജാതീയവും മതാത്മകവുമായ വ്യക്തികളെ സൃഷ്ടിക്കുന്നത് ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. പൊതു വിദ്യാഭ്യാസമെന്ന വിശിഷ്ടാശയത്തിന്റെ മൂല്യമുള്‍കൊണ്ട് വളരുന്ന തലമുറയ്ക്ക് പിഴയ്ക്കാതിരിക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്നാണ് കാതലായ വിമര്‍ശനം.

പൊതുവിദ്യാലയ ഗണത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന്റെ ലക്ഷ്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. മാനേജ്‌മെന്റുകളുടെ പുതിയ തലമുറയ്ക്ക് സംഭവിച്ച മാറ്റമാണിത്. സമൂഹത്തിന്റെ മറ്റുവിഭാഗങ്ങളിലുണ്ടായ മാറ്റം ഇവരെയും ബാധിച്ചു. എയ്ഡഡ് സ്‌ക്കൂള്‍ ഉപേക്ഷിച്ച് അണ്‍എയ്ഡഡ് സ്‌ക്കൂള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. ലാഭക്കൊതിയാണ് കാരണം. വിദ്യാഭ്യാസപ്രവര്‍ത്തകനായ പവിത്രന്‍ പറഞ്ഞു. 

അഴിമുഖം അന്വേഷിക്കുകയാണ്. വിദഗ്ദര്‍, ചരിത്രകാരന്‍മാര്‍, എഴുത്തുകാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ മുദ്രപതിപ്പിച്ച വ്യക്തികള്‍ അവരുടെ പൊതുവിദ്യാലയ അനുഭവങ്ങള്‍ അഴിമുഖത്തിലൂടെ പങ്കുവെക്കും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്നുറച്ച നിലപാടാണ് അഴിമുഖത്തിന്‍റേത്. വിശാലമായ ഈ വിഷയത്തിലേക്കുള്ള ചര്‍ച്ചയുടെ വാതില്‍ തുറക്കുകയെന്ന ലക്ഷ്യമാണ് ആമുഖഭാഗത്തിനുള്ളത്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

This post was last modified on June 14, 2016 9:02 am