X

കെജ്രിവാളിനും മമതയ്ക്കും പിന്നാലെ കേന്ദ്രത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ ധര്‍ണ

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും പരിപാടികളും ലെഫ്.ഗവര്‍ണര്‍ തടയുന്നു എന്ന് ആരോപിച്ചാണ് നാരായണ സ്വാമിയുടെ പ്രതിഷേധം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന പോരുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസിന് മുമ്പില്‍ ഇന്നലെ രാത്രി മുതല്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം മുഖ്യമന്ത്രി നാരായണ സ്വാമി പ്രതിഷേധ ധര്‍ണ നടത്തുകയാണ്. ഡിഎംഎകെ എംഎല്‍എമാരും ഒപ്പമുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും പരിപാടികളും ലെഫ്.ഗവര്‍ണര്‍ തടയുന്നു എന്ന് ആരോപിച്ചാണ് നാരായണ സ്വാമിയുടെ പ്രതിഷേധം.

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന നിയമം അടിച്ചേല്‍പ്പിച്ചത്, പൊങ്കല്‍ ബോണസും സൗജന്യ റേഷനും അടക്കമുള്ളവ നല്‍കുന്നത് തടഞ്ഞത് തുടങ്ങിയവയെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പിന്മാറില്ലെന്ന് കോണ്‍ഗ്രസ് നേതാവായ നാരായണ സ്വാമി വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ചാണ് നാരായണ സ്വാമി പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി രാജ് നിവാസിന് മുന്നിലാണ് നാരായണ സ്വാമിയും നേതാക്കളും കിടന്നുറങ്ങിയത്.

സര്‍ക്കാരിന്റെ 39 ഇന ആവശ്യങ്ങള്‍ ലെഫ്.ഗവര്‍ണര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ഗവര്‍ണറുടെ വസതിയ്ക്ക് മുന്നിലേയ്ക്ക് മുഖ്്യമന്ത്രിയും സംഘവുമെത്തിയത്. ഫെബ്രുവരി ഏഴിനാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യന്ത്രി ലെഫ്.ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. സൗജന്യ റേഷന്‍ പദ്ധതി അംഗീകരിക്കാതിരുന്ന ഗവര്‍ണര്‍ പണം നേരിട്ട് ജനങ്ങള്‍ക്ക് നല്‍കാമെന്ന തീരുമാനമാണ് മുന്നോട്ടുവച്ചത് എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on February 14, 2019 10:42 am