X

നാളെ പുലികളിറങ്ങും

നാളെ പുലികളിറങ്ങും; അവരെ കാണാന്‍ നാടും നഗരവുമൊരുങ്ങിയിറങ്ങും. ഉടുക്കും തകിലുംകൊട്ടി മുറുക്കി നിര്‍ത്തുന്ന അന്തരീക്ഷത്തിലേക്ക് കടുംനിറത്തിലെ ചായപൂശലുകളും മുഖം മൂടികളുമണിഞ്ഞ് കുമ്പകുലിക്ക് ആടിച്ചാടി വരുന്ന പുലികളും അവരെ പിടിക്കാന്‍ പമ്മിയും പാത്തും പിന്നാലെ വരുന്ന വേട്ടക്കാരനും; ഓണാഘോഷങ്ങള്‍ക്ക് അവസാനം കുറിക്കുന്ന നാലാമോണനാള്‍ ഈയൊരു കാഴ്ച അത്രമേല്‍ കൗതുകം പകരുന്നത് തന്നെ.

ഏതാണ്ട് 200 വര്‍ഷത്തിനടുത്തായി പുലികളിയെന്ന ആഘോഷത്തിനു പഴക്കമുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയ പുലികളി നടക്കുന്ന തൃശൂരിലെ ആഘോഷത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമാണുള്ളത്. അന്യനാടുകളില്‍ നിന്നുപോലും പുലികളികാണാളുകളെത്തുന്ന തരത്തിലേക്ക് തൃശൂരിലെ ആഘോഷം മാറിയിരിക്കുന്നു. ഓരോ തവണയും കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പുലികളി സംഘം ഇറങ്ങുന്നതെന്നതും ഈ ആഘോഷത്തിനു കിട്ടുന്ന വ്യാപകശ്രദ്ധയുടെ ഫലമാണ്.

ഓരോ വര്‍ഷവും ഇറങ്ങുന്ന പുലികള്‍ തീര്‍ക്കുന്ന വര്‍ണവിസ്മയം തന്നെ നോക്കിയാല്‍ ഇതു മനസിലാകും. ചായങ്ങള്‍ക്കപ്പുറം ചിത്രങ്ങള്‍ കൂടി ദേഹത്തു വരച്ചു ചേര്‍ത്ത പുലികളും അവരുടെ കളികളും ആരെയാണ് കണ്ടു നില്‍ക്കാന്‍ കൊതിപ്പിക്കാത്തത്.

പ്രശസ്ത ഫ്രിലാന്‍സ് ഫൊട്ടോഗ്രാഫര്‍ ജോഷി മഞ്ഞുമ്മല്‍ പകര്‍ത്തിയ ചില പുലികളി ദൃശ്യങ്ങളിലൂടെ…

 

 

(കേരള ടൂറിസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ജോഷി മഞ്ഞുമ്മല്‍ മികച്ച ഫൊട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. ആദ്യമായി ഈ പുരസ്‌കാരം നേടിയ വ്യക്തിയും ജോഷിയാണ്. ലളിതകല അക്കാമദി പുരസ്‌കാരവും ജോഷിയെ തേടിയെത്തിയിട്ടുണ്ട്. ഇവയടക്കം അമ്പതോളം പുരസ്‌കാരങ്ങള്‍ക്കു ജോഷി മഞ്ഞുമ്മല്‍ അര്‍ഹനായിട്ടുണ്ട്.)

This post was last modified on September 16, 2016 10:39 am