X

പഞ്ചാബ് തെരഞ്ഞെടുപ്പിനെ മാറ്റിമറിച്ചേക്കാം ഈ അച്ഛന്‍റെ ഒറ്റയാള്‍ പോരാട്ടം

അമിതമായി ഹെറോയിന്‍ ഉപയോഗിച്ചത് മൂലം ജീവന്‍ നഷ്ടപ്പെട്ട മഞ്ജിത് സിംഗിന്റെ പിതാവ് മുക്തിയാര്‍ സിംഗിന്റെ പോരാട്ടമാണ് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തിരക്കഥ രചിക്കുന്നത്

മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ഒരു പിതാവിന്റെ ഒറ്റയാള്‍ പോരാട്ടം പഞ്ചാബിലെ തിരഞ്ഞെടുപ്പ് രംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അമിതമായി ഹെറോയിന്‍ ഉപയോഗിച്ചത് മൂലം ജീവന്‍ നഷ്ടപ്പെട്ട മഞ്ജിത് സിംഗിന്റെ പിതാവ് മുക്തിയാര്‍ സിംഗിന്റെ പോരാട്ടമാണ് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തിരക്കഥ രചിക്കുന്നത്. പാട്ടിയിലെ തെരുവുകളിലൂടെ മഞ്ജിത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പ്രകടനം നടത്തിയ മുക്തിയാര്‍ ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹവും നടത്തിയിരുന്നു. തുടര്‍ന്ന് പഞ്ചാബില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുക്തിയാര്‍ സിംഗ് പറയുന്നു. ഭരണകക്ഷിയായ അകാലിദള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. താന്‍ നേരിട്ട പോലെയുള്ള അനുഭവങ്ങള്‍ മറ്റ് പിതാക്കന്മാര്‍ക്ക് ഉണ്ടാവാതിരിക്കാനാണ് പ്രതിഷേധം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കത്ത് പ്രധാനമന്ത്രിക്ക ലഭിച്ചോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ല. പാട്ടി ഡിഎസ്പിക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും ജൂണ്‍ 28ന് ഡിജിപി (ഇന്റലിജന്‍സ്) യുടെ ഓഫീസില്‍ കത്ത് ലഭിച്ചുവെന്നാണ് വിവരാവകാശം വഴി അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. 28കാരനായ മഞ്ജിത്തിനെ രണ്ട്, മൂന്ന് തവണ ലഹരിവിമുക്ത ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. പാട്ടിയിലും സമീപത്തുമുള്ള യുവാക്കളുടെ ഇടയില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണം നടത്തുകയാണ് ഇപ്പോള്‍ മുക്തിയാര്‍ സിംഗ് ചെയ്യുന്നത്. ചില ഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്. സംസാരിക്കുന്ന ശവവസ്ത്രം എന്നാണ് അവര്‍ സംഘത്തിന് നല്‍കിയിരിക്കുന്ന പേര്.

ഫെബ്രുവരി നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മയക്കുമരുന്നിനെതിരെ പ്രചാരണം നടത്താന്‍ അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. ഏതെങ്കിലം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയോ പാര്‍ട്ടിക്ക് വേണ്ടിയോ പ്രചാരണം നടത്താന്‍ സംഘത്തിന് ഉദ്ദേശമില്ല. തിരഞ്ഞെടുപ്പ് കാലത്താണ് മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭാര്യ ഭൂപീന്തര്‍ കൗറിന്റെയും രണ്ടാമത്ത പുത്രന്‍ ജഗജിത് സിംഗിന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന മുക്തിയാര്‍ സിംഗ് തന്റെ പ്രചാരണപരിപാടികള്‍ അരംഭിക്കുന്നു. വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ജനങ്ങളോടും താന്‍ ആശയവിനിമയം നടത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിഭജനത്തിന് മുമ്പ് ലാഹോറിന്റെ ഭാഗമായിരുന്ന പാട്ടി, ഇപ്പോള്‍ അതിര്‍ത്തി ജില്ലയായ തരണ്‍ തരണിന്റെ ഭാഗമാണ്. മയുക്കുമരുന്ന് ഉപഭോഗത്തിന് പേര് കേട്ട ജില്ലയാണിത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മരുമകനും ശിരോമണി അകാലിദള്‍ നേതാവുമായ പ്രതാപ് സിംഗ് കെയ്റോണാണ് സ്ഥലം എംഎല്‍എ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെറും 59 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് കെയ്റോണ്‍ എംഎല്‍എ ആയത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്. മയക്കുമരുന്ന് നിയന്ത്രിക്കുമെന്ന് കോണ്‍ഗ്രസും എഎപിയും തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

2014ലെ കണക്കുകള്‍ പ്രകാരം 2,91,367 ലഹരി അടിമകളാണ് പഞ്ചാബിലെ വിവിധ ലഹരിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത്. ഇതില്‍ 83,873 പേര്‍ തരണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 2015ല്‍ 70,335 പേരാണ് ഇവിടെ ലഹരി വിരുദ്ധ ചികിത്സയ്ക്ക് വിധേയരായത്.