X

മുതലമട ഇനി അവിടെ മാത്രം ഒതുങ്ങില്ല; ക്വാറി മാഫിയ, ബി.ജെ.പി-യുവമോര്‍ച്ച ഒറ്റക്കെട്ട് – ആറുമുഖന്‍ പത്തിച്ചിറ

മുതലമടയില്‍ അന്യായമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പ്രതികരിച്ചതിന് ക്വാറി മാഫിയകളുടെയും ബിജെപി-യുവമോര്‍ച്ച് പ്രവര്‍ത്തകരുടെയും ആക്രമണത്തിന് വിധേയനായ ആറുമുഖന്‍  പത്തിച്ചിറ, തങ്ങള്‍ക്കെതിരെ നടന്ന അക്രമണത്തെ കുറിച്ച് അഴിമുഖത്തോട് പറഞ്ഞകാര്യങ്ങള്‍

വനംപരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് വലുതും ചെറുതുമായ ഏതാണ്ട് 40ലധികം ചെറുകിട ക്വാറികളും മൂന്ന് വന്‍കിട ക്വാറി-ക്രഷര്‍ യൂണിറ്റുകളുമാണ്(ഫൈവ് സ്റ്റാര്‍ മെറ്റല്‍സ് പ്രൈവറ്റ്ലിമിറ്റഡ്, തോംസണ്‍ മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എ-വണ്‍ മെറ്റല്‍സ് ക്വാറി) പാലക്കാട്ടെ മുതലമടയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ കാരണമുള്ള പലതരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാലങ്ങളായി ഇരകളാണ് പ്രദേശവാസികള്‍. ഫൈവ് സ്റ്റാര്‍ ക്വാറിക്കു ചുറ്റും തന്നെ ഏതാണ്ട് 100ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എംസാന്‍ഡില്‍ നിന്നുണ്ടാകുന്ന പൊടി ശ്വസിച്ച് പ്രദേശവാസികളായ പലരും ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമകളായിരിക്കുന്നു. വീടുകളുടെ ചുവരുകള്‍ വിണ്ടു കീറിയ അവസ്ഥയിലാണ്. കടുത്ത ജല ദൗര്‍ലഭ്യവും ഈ മേഖലയെ വേട്ടയാടുകയാണ്. 

ഏതാണ്ട് 12 വര്‍ഷങ്ങളായി ഇതിനെതിരായി ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട്. ബി ജെ പി നേതാവ് കൊടുവായൂര്‍ മാധവനും നിറപറ കര്‍ണ്ണനും ഉള്‍പ്പടെയുള്ളവരാണ് ഇവിടത്തെ ക്വാറി മുതലാളിമാര്‍.

ക്വാറികളെ സംബന്ധിച്ച ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഈ വിധി ഏതൊക്കെ ക്വാറികള്‍ക്ക് ബാധകമാകുമെന്ന കാര്യത്തില്‍ യോഗം കൂടാനായിരുന്നു ഞങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ കണ്ണദാസന്‍ ഉള്‍പ്പടെയുള്ള ഒരു സംഘം മൂച്ചംകുണ്ടില്‍ എത്തിയത്. വൈകുന്നേരം 6.30 നായിരുന്നു സമയം. വൈകീട്ട് 6 മുതല്‍ രാവിലെ 6 മണി വരെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് ഗ്രാനൈറ്റുമായി ലോറികള്‍ വരുന്നതു കണ്ടു. ഞങ്ങളവ തടഞ്ഞു. വൈകീട്ട് 6 മുതല്‍ രാവിലെ 8.30 വരെ ടിപ്പറുകളുടെ സഞ്ചാരം ഡി എം ഒയും തടഞ്ഞിട്ടുണ്ട്. ഈ വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ല. 25 ടണ്‍ ലോഡ് കയറ്റേണ്ടയിടത്ത് ഏതാണ്ട് 55 ടണ്‍ ലോഡുമായാണ് പലപ്പോഴും ഇവയുടെ സഞ്ചാരം. ഇവിടത്തെ പല റോഡുകളുടെയും ഇടതു വശം ഈ ലോറികള്‍ കയറിയിറങ്ങി താണു പോയിരിക്കുന്നു. ഇതു നിയന്ത്രിക്കാനും പൊലീസുകാര്‍ക്ക് സാധിക്കാറില്ല. ലോറിക്കാരുടെ പക്കല്‍ ഒരു രേഖയുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ആര്‍ടിഒയെ വിവരമറിയിച്ചു. അവര്‍ എത്തിച്ചേരാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടെ തങ്ങളെ വിട്ടയയ്ക്കണമെന്ന് ലോറിക്കാര്‍ ഞങ്ങളോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ആര്‍ ടി ഒയെ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമാക്കുകയും ചെയ്തു.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍, അവര്‍ വിവരമറിയിച്ച പ്രകാരം 50ഓളം യുവമോര്‍ച്ച, ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്തെത്തി ഞങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചു വിട്ടു. അവര്‍ ഞങ്ങളുടെ കാറിന്റെ ചാവിയും ഫോണും തട്ടിപ്പറിച്ചു. വടിവാള്‍, കുറുവടി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. എന്റെ തലയ്ക്കു നേരെ വെട്ടിയത് ഞാന്‍ കൈ കൊണ്ടു തടുത്തില്ലായിരുന്നെങ്കില്‍ തല പിളര്‍ന്നു പോയേനെ.

പ്രാണരക്ഷാര്‍ഥം ഞങ്ങള്‍ 8 കിലോമീറ്റര്‍ ദൂരെയുള്ള കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. പോകുന്ന വഴിക്കെല്ലാം ബൈക്കുകളില്‍ ആയുധധാരികള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അവര്‍ കാറില്‍ തുരുതുരാ കല്ലെറിഞ്ഞു. പൊലീസിനെ സമീപിച്ച ശേഷം ഞങ്ങളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാകെ എന്റെ തല പൊട്ടി ചോര ഒലിക്കുകയായിരുന്നു.

ഞങ്ങള്‍ക്കെതിരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് 26ന് ഒരു യോഗം മുതലമടയില്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേര്‍ന്ന ആ യോഗത്തിലും ഏതാണ്ട് 200 പേര്‍ വരുന്ന ബി ജെ പി/ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ആക്രമണസാധ്യത ഉണ്ടായേക്കുമെന്ന വിവരം നേരത്തേ അറിയിച്ചിട്ടും ഏതാണ്ട് 5 പൊലീസുകാര്‍ മാത്രമായിരുന്നു സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. അവര്‍ ഈ പ്രശ്‌നം കണ്ടു നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ.

പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെയും സംസ്ഥാന അതിര്‍ത്തിയുടെയും 10 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഈ ക്വാറികള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പരിസ്ഥിതി മന്ത്രാലയം മുന്നോട്ടു വച്ചിരിക്കുന്ന നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. അനധികൃതമായി മിച്ചഭൂമി കൈവശം വച്ചും മറ്റും ഇവര്‍ നടത്തുന്ന പാരിസ്ഥിതിക ചൂഷണത്തിനെതിരേ സംസ്ഥാന തലത്തില്‍ തന്നെ ഞങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. മുതലമട ഇനി അവിടെ മാത്രം ഒതുങ്ങുന്ന വിഷയമല്ല. തൃശൂരും എറണാകുളത്തും പാലക്കാട്ടും ഇന്ന് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

(എ എ പിയുടെ പാലക്കാട് ജില്ലാ കണ്‍വീനറും മുതലമട ക്വാറി വിരുദ്ധ സമരത്തിന്റെ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ആറുമുഖന്‍ പത്തിച്ചിറ)

This post was last modified on March 27, 2015 5:33 pm