X

താനും വംശീയ വിദ്വേഷത്തിന്‍റെ ഇരയെന്ന് ബരാക് ഒബാമ

 

ജോസ് എ ഡെല്‍റിയല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രസിഡന്റ് ഒബാമയും പ്രഥമ വനിത മിഷേൽ ഒബാമയും പീപ്പിൾ മാഗസീന് നൽകിയ സ്വകാര്യ അഭിമുഖത്തിൽ വൈറ്റ് ഹൌസിലേക്ക് മാറുന്നതിനു മുന്‍പുള്ള തങ്ങളുടെ അനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ട്  അമേരിക്കയിലെ വംശീയ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്നു.   

” ഞങ്ങൾ വൈറ്റ് ഹൌസിൽ ആറു വർഷം താമസിച്ചെന്ന കാര്യം ജനങ്ങൾ മറന്നു പോകും. അതിനു മുന്‍പ് ബരാക് ഒബാമയും  ഷിക്കാഗോയുടെ ദക്ഷിണ ഭാഗത്ത് താമസിച്ചിരുന്ന, പലപ്പോഴും ഗൌനിക്കാതെ പോകുന്ന ടാക്സിക്ക് പിറകിലോടേണ്ടി വന്നിട്ടുള്ള ഒരു കറുത്ത വർഗക്കാരൻ മാത്രമായിരുന്നു.” പ്രഥമ വനിത പറഞ്ഞു. 

കറുത്ത വർഗ്ഗക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വംശീയ ധാരണകളുടെ യഥാർത്ഥ ചിത്രം തങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉദ്ധരിക്കാൻ രണ്ടു പേരും ഒരേ പോലെ താൽപര്യം പ്രകടിപ്പിച്ചു. ഒരു ബ്ലാക്ക്-ടൈ പരിപാടിയിൽ ടക്സീഡോ ധരിച്ചിരുന്ന പ്രസിഡന്റിനോട് കോഫി എടുത്തുകൊണ്ടു വരാൻ മറ്റൊരു അതിഥി ആവശ്യപ്പെട്ടത് പ്രഥമ വനിത ഓർത്തെടുത്തു.

” ഭക്ഷണശാലക്ക് മുന്നിൽ തന്റെ കാറിനു വേണ്ടി കാത്തിരിക്കുന്ന പ്രൊഫഷണലായ കറുത്ത വർഗ്ഗക്കാരിൽ പലർക്കും മറ്റുള്ളവർ തങ്ങളുടെ  കാർ കീ നൽകിയ അനുഭവം ഓർത്തടുക്കാനുണ്ടാവും. ” അഭിമുഖത്തിനിടയിൽ പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയിലെ വംശീയ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന  “The Audacity of Hope ” എന്ന തന്റെ ഓർമ്മക്കുറിപ്പിലുള്ള അനുഭവങ്ങൾ  ഓർത്തെടുക്കുകയായിരുന്നു പ്രസിഡന്റ്.

” ഓർമ്മവെച്ച കാലം മുതൽ ഞാൻ നേരിട്ട വംശീയ അധിക്ഷേപങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ നൽകാനെനിക്ക് സാധിക്കും : ഡിപ്പാർട്ട്മെന്റ് സ്റോറുകളിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മുന വെച്ചുള്ള നോട്ടങ്ങൾ, ഭക്ഷണശാലക്കു മുന്നിൽ തന്റെ കാറിനു വേണ്ടി കാത്തു നിൽക്കുമ്പോൾ വെള്ളക്കാരായ ദമ്പതികൾ അവരുടെ കാർ കീ എറിഞ്ഞു തരുന്നതും, യാതൊരു കാരണവുമില്ലാതെ പോലീസ് നടത്തുന്ന ചോദ്യം ചെയ്യലുകൾ.” ഒബാമയുടെ പുസ്തകം വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ഓർമ്മക്കൂടാരമാണ്.

അമേരിക്കയിലെ വംശീയ ബന്ധങ്ങൾ ശരിയായ മാർഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നു പറഞ്ഞ പ്രസിഡന്റ് അടുത്തിടെ നടന്ന വംശീയാക്രമണങ്ങളേയും അധിക്ഷേപങ്ങളെയും അഭിമുഖത്തിൽ പരാമർശിക്കാനും മറന്നില്ല.

” നമുക്ക് മുന്നിൽ നടന്നു പോയ തലമുറ നേരിട്ട പ്രശ്നങ്ങളുമായ് താരതമ്യപ്പെടുത്തിയാൽ നമ്മളിന്നു നേരിടുന്ന ചെറിയ പ്രകോപനങ്ങളും അധിക്ഷേപങ്ങളും വളരെ ചെറുതാണ്. ആഘോഷത്തിനിടയിൽ എന്നെ പരിചാരകനായ് തെറ്റിദ്ധരിക്കുന്നത് വലിയ അപരാധമായൊന്നും ഞാൻ കണക്കാക്കുന്നില്ല. പക്ഷെ ഏതൊരു കൌമാരക്കാരനും ധരിക്കുന്ന തരം വസ്ത്രം ധരിച്ച് നിരത്തിലൂടെ നടന്നു പോകുന്ന എന്റെ മകനെ കള്ളനായും കൊലപാതകിയായും തെറ്റിദ്ധരിച്ച് കൈയാമം വെക്കുകയും ചിലപ്പോൾ അവന്റെ ജീവനു പോലും അപകടം വരുത്തുന്നതും വലിയ അപരാധം തന്നെയാണ്. “

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന പീപ്പിളിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഒബാമയുടെ അഭിമുഖത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കപ്പെടും.

This post was last modified on December 26, 2014 1:35 pm