X

വടകരയിലെ അസ്നാസിന്റെ ആത്മഹത്യ; കാരണം റാഗിങ്ങോ?

ബിബിന്‍ ബാബു

താങ്ങാനാവാത്ത വേദനകള്‍, മുഴുവന്‍ വിദ്യാര്‍ഥികളുടെയും മുന്‍പില്‍ വച്ച് പരിഹാസങ്ങള്‍, ആണ്‍കുട്ടികളുടെ പേടിപ്പിക്കലുകള്‍. തനിക്ക് അറിയാതെ പറ്റിയ ഒരു അബദ്ധത്തിന്‍റെ പേരില്‍ അസ്‌നാസ് പ്രായശ്ചിത്തം ചെയ്തത് സ്വന്തം ജീവന്‍ നല്‍കി കൊണ്ടായിരുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു നടന്നതെല്ലാം. അതിന് ഇത്രയും വില നല്‍കേണ്ടി വരുമെന്ന് അവളും വിചാരിച്ചിരുന്നില്ല.

‘വടകരയില്‍ ബിരുദ വിദ്യാര്‍ഥിനിയായ അസ്‌നാസ് ആത്മഹത്യ ചെയ്തു. റാഗിങ്ങിനെ തുടര്‍ന്നാണ് ആത്മഹത്യ.’ ഇത്രമാത്രം. വാര്‍ത്തയ്ക്ക് ഒന്നു രണ്ട് ദിവസത്തെ ആയുസ്സ് മാത്രം. രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നൊന്നും വലിയ പ്രതികരണങ്ങള്‍ ഉണ്ടായില്ല. സോഷ്യല്‍ മീഡിയയും പ്രതികരിച്ചു കണ്ടില്ല. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ചില പ്രതിഷേധ സമരങ്ങള്‍ നടന്നതൊഴിച്ച്. 

തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‌നാസ് ആത്മഹത്യ ചെയ്തത് എന്തിനാണ്?

ചെമ്മത്തൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി ബിരുദ വിദ്യാര്‍ഥിനിയായിരുന്നു അസ്‌നാസ്. പഠിത്തത്തിലും പോസ്റ്റര്‍ ഡിസൈനിംഗ് പോലുള്ള കലാമത്സരങ്ങളിലും അസ്‌നാസ് മിടുക്കി ആയിരുന്നു എന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

അസ്‌നാസിന്റെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് ഒരു അബദ്ധത്തില്‍ നിന്നാണ്. എംഎച്ച്ഇഎസ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യുണിഫോം ഇല്ല. ആദ്യ വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ്സ് തുടങ്ങിയതേയുള്ളതു കൊണ്ട് അവര്‍ക്കും യുണിഫോം ആയിട്ടില്ല. യൂണിഫോമില്‍ അല്ലാതെ വന്ന ഒരു കുട്ടിയോട് അസ്‌നാസ് പേര് ചോദിച്ചു. എന്നാല്‍ അതൊരു മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. അസ്‌നാസിന്റെ പേര് ചോദിക്കല്‍ കോളജിന്റെ സര്‍വ്വാധികാരികള്‍ എന്ന് സ്വയം വിചാരിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അത്ര സുഖിച്ചില്ല.

അസ്‌നാസിനെതിരെ പരാതിയുമായി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിനെകണ്ടു. തന്റെ തെറ്റ് മനസ്സിലാക്കിയ അസ്‌നാസ് സീനിയര്‍ വിദ്യാര്‍ഥികളോട് നിരുപാധികം മാപ്പ് പറഞ്ഞു. സംഭവം അറിഞ്ഞ ചില മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്ക് ചോരത്തിളപ്പ് കാണിക്കാന്‍ അസ്‌നാസിനെ ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും റാഗിങ്ങിന് വിധേയയാക്കുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. സീനിയര്‍ വിദ്യാര്‍ഥികളും അസ്‌നാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അസ്‌നാസിന്റെ ക്ലാസ്സിലെ ഏക ആണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ വക്കാലത്തുമായി വന്ന അവനെ ഗ്രൗണ്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ ചെയ്തത്. ഇതിന്റെ പരാതിയുമായി അസ്‌നാസ് പ്രിന്‍സിപ്പാളിനെ സമീപിച്ചിരുന്നതായി കോളജിലെ വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഈ വിഷയം ഗൗരവമായി എടുത്തില്ല. 

ഇതേതുടര്‍ന്ന് കൂക്കി വിളികളോടെയും പരിഹാസത്തോടെയുമുള്ള വാക്കുകള്‍ കൊണ്ടും മൂടിയാണ് അസ്‌നാസിനെ അന്നേ ദിവസം കോളജിന്റെ കവാടം വരെ സീനിയര്‍ വിദ്യാര്‍ഥികള്‍ യാത്രയാക്കിയത്.

ഒരു പത്തൊമ്പത് വയസുകരിക്ക് താങ്ങാവുന്നതിലും അധികമായപ്പോള്‍ അവര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഒരു ആത്മഹത്യക്കുറിപ്പ് പോലും ബാക്കിവയ്ക്കാതെ.

എന്നാല്‍ ഇത്തരത്തില്‍ യാതൊരു സംഭവും തന്റെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഒരു പരാതിയോ ലഭിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പള്‍ ഡോ.ഇ എം എ ജയിംസ് പറയുന്നത്. സംഭവം റാഗിങ് ആണെന്ന് പോലും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ ഈ സംഭവങ്ങള്‍ എല്ലാം സത്യമാണെന്നും അസ്‌നാസ് സീനിയര്‍ വിദ്യാര്‍ഥികളുടെ പരിഹാസങ്ങള്‍ ഇരയയതായും പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു അധ്യാപിക പറഞ്ഞു. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്ന് അസ്‌നാസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ല എന്നും വ്യസനത്തോടെ ആ അധ്യാപിക പറഞ്ഞു.

അസ്‌നാസിനെ റാഗ് ചെയ്‌തെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. കോളേജ് പ്രിന്‍സിപ്പല്‍ ഒത്തുകളിക്കുകയാണെന്നും റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. സംഭവത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അര്‍ജ്ജുന്‍ കെ കെ പറഞ്ഞു.

എംഎച്ച്ഇഎസ് കോളജില്‍ നിന്നും റാഗിംഗ് ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ വര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയും നട്ടെല്ലിനു സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അസ്നാസിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റാഗിങ്ങ് നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പോലിസിനെ അറിയിക്കണമെന്ന നിയമം കാറ്റില്‍ പറത്തിയവരാണ് അസ്നാസിന്റെ മരണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)

This post was last modified on July 26, 2016 4:59 pm

Related Post
Leave a Comment