X

മോദി സര്‍ക്കാരിന്റെ സ്തുതിപാഠകരേ, രഘുറാം രാജനെ കല്ലെറിയുന്നതിന് മുമ്പ്

ആഗോള സാമ്പത്തിക മാന്ദ്യം തുടരുന്നു, രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു, പണപ്പെരുപ്പം വര്‍ദ്ധിക്കുന്നു. ഇതായിരുന്നു 2013-ല്‍ രഘുറാം രാജന്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്ന സാമ്പത്തിക സാഹചര്യമാണിത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ചോരയ്ക്കായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയിച്ചിരിക്കുന്നു. അദ്ദേഹം പൂര്‍ണമായും മാനസികമായി ഇന്ത്യാക്കാരനല്ലെന്നാണ് സ്വാമിയുടെ ആരോപണം. ബോധപൂര്‍വ്വം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രാജന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്വാമി ആരോപിക്കുന്നു. പക്ഷേ, ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞയാളാണ് രാജന്‍ എന്ന കാര്യം സ്വാമിയും കൂട്ടരും സൗകര്യപൂര്‍വം മറക്കുന്നു. ഇന്ന് പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്, രൂപയുടെ മൂല്യച്യുതി പിടിച്ചു നിര്‍ത്തി, ബാങ്കിങ് പരിഷ്‌കരണങ്ങള്‍ക്ക് വേഗത കൂട്ടി അങ്ങനെ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭകരമായ വാര്‍ത്തകളാണ് രാജന്റെ ശ്രമമായി ഉണ്ടായിരിക്കുന്നത്. പുതിയ വിവാദത്തിന്റെ സാഹചര്യത്തില്‍ ‘മോദി സര്‍ക്കാരിന്റെ സ്തുതിപാഠകരേ, രഘുറാം രാജനെ കല്ലെറിയുന്നതിന് മുമ്പ്’ എന്ന പേരില്‍ 2016 ഏപ്രില്‍ 24നു അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പുനഃപ്രസിദ്ധീകരിക്കുന്നു.  

ടീം അഴിമുഖം/എഡിറ്റോറിയല്‍

2015-16 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയുടെ യഥാര്‍ത്ഥ നിരക്ക് 7.6 ശതമാനമായിരുന്നു. ആഗോള വളര്‍ച്ചാ കണക്കുകളുടെ ഉന്നതിയില്‍ ഇന്ത്യ എത്തിയെന്ന് കാണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ട് സര്‍ക്കാരിലെ എല്ലാവരും എടുത്തു പറഞ്ഞിരുന്ന ഒരു കണക്കായിരുന്നു ഇത്. വാസ്തവമാണ്. 2013-14 -ലെ 6.6 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ജിഡിപി 2014-15-ല്‍ എത്തിയപ്പോള്‍ 7.2 ശതമാനമായും തുടര്‍ന്നുള്ള വര്‍ഷത്തില്‍ 7.6 ശതമാനമായും കുതിച്ചുയര്‍ന്നു. ഈ കുതിപ്പിനു ഒരു കാരണം ജിഡിപി കണക്കുകൂട്ടുന്ന രീതിയില്‍ ഇന്ത്യ മാറ്റം വരുത്തിയതാകാം. വ്യാപ്തി അടിസ്ഥാനമാക്കിയ പഴയ രീതിക്കു പകരം മൂല്യം അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ബെയ്‌സ് ഇയര്‍ (പതിവ് പുന:ക്രമീകരണം) രീതിയാണ് ഉല്‍പ്പാദനം കണക്കുകൂട്ടാന്‍ ഉപയോഗിച്ചത് (അത്ര പതിവില്ലാത്ത ഒരു മാറ്റം). എന്നിട്ടും 7.6 ശതമാനമെന്ന വളര്‍ച്ച ആഹ്ലാദിക്കാന്‍ വക നല്‍കുന്നില്ല. പ്രത്യേകിച്ച് മറ്റു വലിയ രാജ്യങ്ങളെല്ലാം ഒന്നുകില്‍ വളര്‍ച്ചാ നിരക്ക് താഴുകയോ (ചൈന), വളരാതിരിക്കുകയോ (ജപ്പാന്‍) അല്ലെങ്കില്‍ മാന്ദ്യത്തിലേക്ക് പോകുകയോ (റഷ്യ) ചെയ്യുമ്പോള്‍.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ കണക്കുകളില്‍ വളരെ സന്തുഷ്ടരാണ്. ആഗോള വളര്‍ച്ചാ പട്ടികയുടെ ഉയരത്തിലെത്തിയത് എടുത്തു പറയാനുള്ള അവസരം അവര്‍ പാഴാക്കാറുമില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം അളക്കാനുള്ള മികച്ച ഒരു ഉപകരണമാണോ ജിഡിപി? സാമ്പത്തിക ആരോഗ്യം സൂചിപ്പിക്കാന്‍ മികച്ചമറ്റു മാനകങ്ങള്‍ ഉണ്ടായിക്കൂടെ? തൊഴിലവസര സൃഷ്ടി പോലെ? ഇത് എന്തുകൊണ്ടാണെന്നു പറയാം. ഇന്ത്യയുടെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും യുവജനങ്ങളുടെ കരുത്തില്‍ ഇന്ത്യ മുന്നേറുമെന്നും പലപ്പോഴും മോദി പരാര്‍ശിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇത്രത്തോളം യുവജനങ്ങളുടെ ഒരു രാജ്യത്ത് ഓരോ മാസവും ദശലക്ഷക്കണക്കിലേറെ ഇന്ത്യക്കാരാണ് തൊഴിലന്വേഷിക്കുന്നത്. എത്രത്തോളം തൊഴിലവസരങ്ങള്‍ നം സൃഷ്ടിക്കുന്നുണ്ട്? സംഘടിത മേഖല കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് ഓരോ മാസവും തൊഴില്‍ തേടി ഇറങ്ങുന്ന ദശലക്ഷക്കിനാളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി ലഭിക്കുന്നവരുടെ എണ്ണം ചുരുങ്ങി വരുന്നു എന്നാണ്. 2014 ഏപ്രില്‍-ജൂണ്‍ മുതല്‍ തുടര്‍ന്നുള്ള ഓരോ പാദത്തിലും തൊഴിലവസരങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്. ഉദാഹരണം: 2015 ജനുവരി-മാര്‍ച്ച് കാലയളവില്‍ വെറും 64,000 പേര്‍ക്കാണ് ജോലി ലഭിച്ചത്. എന്നാല്‍ 2015 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഈ കണക്ക് നെഗറ്റീവ് ദിശയിലേക്ക് തിരിഞ്ഞു: വാസ്തവത്തില്‍ 43,000 പേര്‍ക്ക് ജോലി നഷ്ടമായി.

ആശങ്കപ്പെടുത്തുന്ന ഈ ഏപ്രില്‍-ജൂണ്‍ കണക്ക് ഒരു പക്ഷേ ഒരു പ്രവണതയുടെ തുടക്കമല്ലായിരിക്കാം (കാരണം തൊഴില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം ഉണ്ട്. അതു മുതല്‍ എന്താണ് സംഭവിച്ചതെന്ന് പിന്നീട് മാത്രമാണ് നാം അറിയുന്നത്) എന്നാല്‍ വസ്തുത എന്താണെന്നു വച്ചാല്‍ ഇവിടെ മതിയായ തൊഴിലവസരങ്ങളില്ല എന്നതാണ്. മുഖ്യമായും ഇതിനു കാരണം ഇന്ത്യന്‍ ഉല്‍പ്പാദകര്‍ അവരുടെ ശേഷി വര്‍ധിപ്പിക്കുകയോ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അതു കൊണ്ടു തന്നെ ആളുകളെ ജോലിക്കെടുക്കുകയും ചെയ്യുന്നില്ല. കയറ്റുമതി ഡിമാന്റ് കഴിഞ്ഞ 15 മാസങ്ങളായി ഒരേ നിലയിലാണ്. വരുമാന വളര്‍ച്ച കുറഞ്ഞതോടെ ആഭ്യന്തര ഡിമാന്റും വളരുന്നില്ല.

കഴിഞ്ഞ ബുധനാഴ്ച പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റില്‍ 12-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കവെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിശദീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് ‘അന്ധന്മാരുടെ രാജ്യത്ത് ഒറ്റക്കണ്ണനാണ് രാജാവ്’ എന്ന പഴഞ്ചൊല്ലായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്? ഇതിലൂടെ അദ്ദേഹം ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാവിയില്‍ മാത്രമല്ല കേന്ദ്ര ബാങ്ക് മേധാവി പോലുള്ള ഏതൊരു വിദഗ്ധനും വഹിക്കേണ്ട പങ്കിലും ആശങ്കയുള്ള എല്ലാവര്‍ക്കും ഒരു ഉപദേശം കൈമാറുകയായിരുന്നു. ഈ അനാവശ്യ വിവാദത്തിന് രണ്ട് വശങ്ങളാണുള്ളത്. ഒന്ന്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് രാജന്‍ പറഞ്ഞതിന്റെ നല്ല വശങ്ങള്‍. രണ്ട്, രാജന്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അല്‍പ്പം കൂടി നല്ല വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ലേ എന്നത്. രണ്ടു കാര്യത്തിലും രാജന്‍ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലെ കൂര്‍മ്മതയില്‍ നിന്നും അതുപോലെ സത്യം വിളിച്ചുപറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്.

ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍, ഈ ഗുണങ്ങള്‍ കൊണ്ടു മാത്രമാണ് രാജന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നതും. 2005-ലെ ഇക്കണോമിക് പോളിസി സിമ്പോസിയത്തില്‍ അദ്ദേഹം അവതരിപ്പിച്ച ‘സാമ്പത്തിക വികസനം ലോകത്തെ കൂടുതല്‍ അപായ സാധ്യതയിലെത്തിച്ചുവോ?’ എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രബന്ധം സാമ്പത്തിക സംവിധാനം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ അപായ സാധ്യതകളെ 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനും വളരെ മുന്നെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിക്കാന്‍ അധികമാരും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ രോഗനിര്‍ണ്ണയം വളരെ കൃത്യമാണെന്ന് തെളിഞ്ഞു. സാമ്പ്രദായികമല്ലാത്ത ധനനയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗുണത്തേക്കാളെറെ ദോഷം ഉണ്ടാക്കുന്ന യുഎസ് സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള, ലോകത്തുടനീളമുള്ള കേന്ദ്ര ബാങ്കുകളുടെ രീതികളെ വിമര്‍ശിക്കുന്നതില്‍ രാജന്‍ എന്നും മുന്നിലുണ്ട്. ഒരു കേന്ദ്ര ബാങ്ക് മേധാവി എന്ന നിലയിലും നയരൂപീകരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രിതമായ സമീപനത്തിനു വേണ്ടിയാണ് രാജന്‍ വാദിച്ചിട്ടുള്ളത്. പറയുന്നത് ചെയ്തുകാണിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം രാജന്റെ വാക്കുകള്‍ അതിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ഇന്ത്യയുടെ വാര്‍ഷിക ജിഡിപി വളര്‍ച്ചാ നിരക്ക് മറ്റെല്ലാ വലിയ സമ്പദ് വ്യവസ്ഥകളേക്കാളും വേഗത്തിലാണെങ്കില്‍ അത് സാമ്പത്തിക ആരോഗ്യത്തിന്റെ ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. വാസ്തവത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വലിപ്പം ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഇപ്പോഴും വളരെ ചെറുതാണ്. 1960-കളില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഇന്ത്യയുടെതിനേക്കാള്‍ വളരെ ചെറുതായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടേതിനേക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ട്. ഒരു ശരാശരി ചൈനക്കാരന്‍ ശരാശരി ഇന്ത്യക്കാരനേക്കാള്‍ നാലിരട്ടി സമ്പന്നനുമാണ്. ഇതിനു കാരണമായത് പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതില്‍ ഉണ്ടായ ഒരു ദശാബ്ദത്തിന്റെ കാലതാമസവും ആവശ്യമായ ഘടനാപരമായ മാറ്റങ്ങളെ സമയബന്ധിതമായി പിന്തുടരുന്നതില്‍ ഉണ്ടായ പരാജയവുമാണ്. വസ്തുതകളെ മധുരത്തില്‍ പൊതിയാന്‍ രാജനോട് ആവശ്യപ്പെടുന്നതിനു പകരം നയരൂപീകരണകര്‍ത്താക്കള്‍ ഉറപ്പു വരുത്തേണ്ടത് വളര്‍ച്ചാ വാഗ്ദാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇനിയും പരാജയപ്പെടുന്നില്ല എന്നതാണ്.