X

ചരിത്രത്തില്‍ ഇന്ന്: വിധവാ പുനര്‍വിവാഹ നിയമം

ടീം അഴിമുഖം

1856 ജൂലായ് 16, ഭാരതത്തിലെ ഹൈന്ദവ മതവിശ്വാസികളായ വിധവകള്‍ക്ക്  പുനര്‍വിവാഹത്തിന് നിയമപരമായ അനുവാദം നല്‍കി കൊണ്ട് ഈസ്റ്റ് ഇന്‍ഡ്യ കമ്പനി ഉത്തരവ് വന്ന ദിവസം. അനാചാരങ്ങള്‍ക്കടിപ്പെട്ട ഹിന്ദുമതത്തിന്റെ നവീകരണ മാര്‍ഗ്ഗങ്ങളിലൊന്നായാണ് ഈ ഉത്തരവിനെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചാല്‍ ജീവിച്ചിരിക്കുന്ന ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹൂതി നടത്തുന്ന സതി എന്ന കിരാതാചാരത്തിന്റെ പിടിയില്‍ നിന്നും ഹൈന്ദവസ്ത്രീകളെ മോചിപ്പിച്ചതിനുശേഷം നടപ്പിലാക്കിയ ഈ ഉത്തരവ് ഭാരതത്തെ സംബന്ധിച്ച് മറ്റൊരു നാഴികകല്ലായിരുന്നു.

രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ നടന്ന സതിക്കെതിരായ പോരാട്ടം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ വിജയം കണ്ടെത്തുകയായിരുന്നല്ലോ. എന്നാല്‍ സതി നിര്‍ത്തലാക്കിയെങ്കിലും വിധവകളുടെ ജീവിതം ദുരിതപൂര്‍ണം തന്നെയായിരുന്നു. കുടുംബത്താലും സമൂഹത്താലും ഒറ്റപ്പെട്ട് തിരസ്‌കൃത ജീവിതം ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീകളെ സംബന്ധിച്ച് മരണം അതിലും സുഖമായിരുന്നു. ഈയവസരത്തിലാണ് വിധവ പുനര്‍വിവാഹം അനുവദിക്കണമെന്നാവിശ്യപ്പെട്ട് ബംഗാളില്‍ നിന്നുള്ള ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ പോരാട്ടം തുടങ്ങുന്നത്. ഈ പോരാട്ടത്തിന്റെ ഫലമായാണ് 1856 ജൂലായ്16 ന് വിധവ പുനര്‍വിവാഹത്തിന് നിയാമാധികാരം നല്‍കി ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഉത്തരവിറക്കുന്നത്.

This post was last modified on July 16, 2014 8:34 pm