അഴിമുഖം പ്രതിനിധി
കേരളത്തിലെ വോട്ടര്‍മാരെ ഏതുവിധേയനേയും സ്വാധീനിക്കുക എന്നതാണ് ഇത്തവണ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പയറ്റുന്ന തന്ത്രം. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ നല്‍കിയ ഓഫര്‍ അത്തരത്തില്‍പ്പെട്ട ഒന്നാണ്. കേരളത്തില്‍ ഒരു ബിജെപി എംഎല്‍എ ഉണ്ടായാല്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രി സ്ഥാനമാണ് റൂഡി വാഗ്ദാനം ചെയ്യുന്നത്. രണ്ട് എംഎല്‍എമാരെ വിജയിപ്പിച്ചാല്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍. കേരളത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം നല്‍കിയാല്‍ കേന്ദ്രത്തില്‍ സുപ്രധാന വകുപ്പുകള്‍ എന്ന് പറയാനും റൂഡി മറന്നില്ല.
ഇന്നലെ മലപ്പുറത്ത് എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് റൂഡിയുടെ ഈ വാഗ്ദാനം. ഒന്ന് എടുത്താല്‍ ഒന്ന് ഫ്രീ എന്നതാണല്ലോ ഇപ്പോഴത്തെ മാര്‍ക്കറ്റിങ് തന്ത്രമെന്ന് പറയാനും റൂഡി പറയാന്‍ മറന്നില്ല.
ഒരു ബിജെപി എംഎല്‍എയ്ക്ക് പകരം ഒരു കേന്ദ്രന്ത്രിയെങ്കില്‍ ഭൂരിപക്ഷത്തിനുവേണ്ട 72 എംഎല്‍എമാര്‍ ലഭിച്ചാല്‍ 72 കേന്ദ്ര മന്ത്രിമാരെ ബിജെപിയുടെ കേന്ദ്ര നേതൃത്വം കേരളത്തിന് നല്‍കേണ്ടതില്ലേ. ഇപ്പോള്‍ കാബിനറ്റും സഹനുമൊക്കെയായി മോദി മന്ത്രിസഭയില്‍ 66 മന്ത്രിമാരാണുള്ളത്. കേരളത്തില്‍ 72 പേരെ കേന്ദ്രമന്ത്രിയാക്കിയാല്‍ ജംബോ മന്ത്രിസഭയാകും. എംപിമാരുടെ എണ്ണത്തിന്റെ 15 ശതമാനം മാത്രമേ മന്ത്രിമാരാകാവൂ എന്നും നിയമമുണ്ട്. ആ പരിധി കടക്കുകയും ചെയ്യും. പിന്നെ ഒരു സംശയം കൂടി, കേരളത്തിന് ഇത്രയും പ്രാമുഖ്യം ലഭിക്കുമ്പോള്‍ പ്രധാനമന്ത്രിയും മലയാളിയാക്കുമോ.
കേരളത്തിന് ബിജെപി നാളിതു വരെ ആകെ നല്‍കിയത് ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനമാണ്. വാജ്‌പേയി സര്‍ക്കാരില്‍ ഒ രാജഗോപാലിന് റെയില്‍വേ, നിയമ വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം. അന്ന് കേരളത്തിന് വെളിയില്‍ നിന്നും രാജ്യസഭയിലേക്ക് രാജഗോപാലിനെ നോമിനേറ്റ് ചെയ്തു കൊണ്ടാണ് സഹമന്ത്രി സ്ഥാനം നല്‍കിയത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയിട്ടും രാജഗോപാലിനേയും കേരളത്തേയും തീര്‍ത്തും അവഗണിച്ച മോദി സര്‍ക്കാരില്‍ കേരളത്തിലെ ബിജെപിക്കാര്‍ക്കു പോലും പ്രതീക്ഷ ഉണ്ടാകില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് റൂഡി ഒരു വമ്പന്‍ ഓഫര്‍ നടത്തിയത്. അതും മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറത്തു വച്ച്.
പാലക്കാട് വിക്ടോറിയ കോളെജില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ ഡോ. ടി എന്‍ സരസുവിനെ ചാക്കിലിറക്കാന്‍ നടത്തിയ ശ്രമം പാളിയതിന് തൊട്ടു പിന്നാലെയാണ് റൂഡിയുടെ ഈ വാഗ്ദാന വര്‍ഷം എന്നതും ശ്രദ്ധേയമാണ്. തനിക്ക് ശവക്കല്ലറ തീര്‍ത്തത് എസ് എഫ് ഐക്കാരാണ് എന്ന് സംശയം ഉണ്ടെങ്കിലും പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് ടീച്ചര്‍ റൂഡിയോട് പറഞ്ഞത്.
This post was last modified on April 8, 2016 11:40 am
Leave a Comment