ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയെടുക്കുമെന്ന് പറഞ്ഞ യോഗ ഗുരു ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ്. ജാമ്യം ലഭിക്കാവുന്ന വാറന്റാണ് ഹരിയാന കോടതി ഇദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. സമാധാനം ലംഘിക്കപ്പെടുന്ന വിധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് ബത്രയുടെ പരാതിയിലാണ് വാറന്‍ഡ് അയച്ചിരിക്കുന്നത്. താന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാംദേവിനെതിരെ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പതഞ്ജലി ഉടമയായ ബാബ രാംദേവ് ഹരിയാനയുടെ യോഗ, ആയുര്‍വേദ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. ജാട്ട് കാലപത്തെ തുടര്‍ന്ന് 2016ല്‍ ഹരിയാനയില്‍ സംഘടിപ്പിച്ച സമാധാന റാലിക്കിടെയായിരുന്നു രാംദേവിന്റെ വിവാദ പ്രസംഗം.
നിയമവിരുദ്ധമാണെങ്കിലും ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്ത ലക്ഷക്കണക്കിന് പേരുടെ തലയറുക്കാന്‍ താന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.