X

ഓര്‍ത്തോര്‍ത്ത് മതിയായേ!- മാറാരോഗങ്ങളുടെ മലയാള സിനിമ

എന്‍.രവിശങ്കര്‍

ജനപ്രിയ രോഗങ്ങളുടെ ഒരു ലോകമാണ് നമ്മുടെ സിനിമ. സിനിമ ശരിയ്ക്കും കാലുറച്ചു വന്നിരുന്ന നാളുകളില്‍ ഇവ മാറാരോഗങ്ങളായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പകരുന്ന രോഗങ്ങളുമായിരുന്നു. ഉദാ: ക്ഷയം, കുഷ്ഠം എന്നിവയൊക്കെ. വിഷ്വല്‍ സാദ്ധ്യതയുള്ള രോഗങ്ങള്‍ക്കായിരുന്നു ഡിമാന്റ്. ഉദാ: ചോര തുപ്പി മരിക്കുന്ന നായിക ഇത്യാദി. പകര്‍ച്ചവ്യാധികളെ  ഡബ്ല്യു.എച്ച്.ഒ.യും മറ്റും ചേര്‍ന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തതോടെ സിനിമാക്കഥയെഴുത്തുകാര്‍ക്ക് ആ വഴിയടഞ്ഞു. അപ്പോഴാണ്, ശൈലീജന്യരോഗങ്ങളുടെ വരവ്. അതോടെ സിനിമ തന്നെ ഉപരിമദ്ധ്യവര്‍ഗ്ഗത്തിന്റെ കഥ പറയുന്ന മട്ടിലേക്ക് മാറേണ്ടിവന്നു. ഹൃദ്രോഗമായിരുന്നു ഏറ്റവും ജനപ്രിയം. മധ്യ/ഉപരിമധ്യ/ഉപരി വര്‍ഗ്ഗങ്ങള്‍ക്കിടയ്ക്ക് എപ്പോഴും ഇടിമിന്നലുണ്ടാക്കാനും കഥയ്ക്ക് വഴിത്തിരിവുണ്ടാക്കാനും ഈ രോഗത്തെ കവച്ചുവയ്ക്കാന്‍ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. തുടര്‍ന്നാണ് ബ്ലഡ് ക്യാന്‍സര്‍ രംഗപ്രവേശം ചെയ്തത്. ഹൃദ്രോഗത്തിന്റെയത്ര തന്നെ സമര്‍ത്ഥമായ ഒരു രോഗമായിരുന്നു ബ്ലഡ് ക്യാന്‍സറും. കരള്‍ രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ചൊട്ടുവിദ്യകളും കഥാകൃത്തുക്കളെ ഏറെ സഹായിച്ച രോഗങ്ങളാണ്.

അതിനിടയിലാണ് മാനസികരോഗങ്ങള്‍ വലിയ തോതില്‍ മലയാള സിനിമയെ ബാധിച്ചു തുടങ്ങിയത്. സ്‌കീസോഫ്രേനിയയുടെ ജനപ്രീതി മറ്റൊരു രോഗത്തിനുമുണ്ടായിട്ടില്ല എന്നു പറയാം. (അത് സ്‌ക്രീനില്‍ നിന്ന് സമൂഹത്തിലേക്ക് പടര്‍ന്നതാണോ തിരിച്ചാണോ എന്നത് ഗവേഷണയോഗ്യമാണ്) മനശാസ്ത്രജ്ഞന്‍മാര്‍ കോട്ടും സ്യൂട്ടും ധരിച്ച് അരങ്ങുവാഴാന്‍ തുടങ്ങിയത് അങ്ങനെയാണ്. അത് അല്‍പ്പം ശമിച്ചപ്പോള്‍, മറവിരോഗങ്ങളുടെ വരവായി. അല്‍ഷിമേഴ്‌സ് രോഗം സ്‌കീസോഫ്രേനിയയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അംനീഷ്യ തുടങ്ങിയ ചെറുകിട മറവിരോഗങ്ങള്‍ക്കു പുറമെ തലയ്ക്കടിയേറ്റതിന്റെ അല്ലെങ്കില്‍ മറ്റു വല്ലതിന്റെയും കാരണമായി ഓര്‍മ്മശക്തി പെട്ടെന്ന് ഇല്ലാതാവുന്ന നായികാനായകന്‍മാര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി. അനന്തസാദ്ധ്യതകളാണ് പെട്ടെന്നുണ്ടാവുന്ന മറവി കഥാകൃത്തുക്കള്‍ക്ക് നല്‍കുന്നത്.

പക്ഷെ, ഭാവനയില്ലാത്ത കഥാകൃത്തുക്കളും  സംവിധായകരും ഒത്തുകൂടിയാല്‍ മറവിരോഗത്തിനു പോലും അപമാനകരമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകാം എന്ന് ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കാരണം, ഇവിടെ, സമൂലമായ ഒരു മാറ്റമല്ല മറവി ഉണ്ടാക്കുന്നത്. ബാല്യകാലത്തേക്കുള്ള മറവിയെ കൊണ്ടാണ് കളി. കോപ്പിയടി തുടങ്ങിയ ആരോപണങ്ങള്‍ കേട്ടാലോ എന്ന ഭയത്തോടെ അത്തരം കുറേ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഒരു ഡോക്ടര്‍ നമുക്ക് ചിത്രത്തില്‍ തരുന്നുണ്ട്. ‘ഗജിനി’ അതിലൊന്നാണ്. ’50 ഫസ്റ്റ് ഡേറ്റ്‌സ്’ മറ്റൊന്ന്. ‘ഗജിനി’യില്‍ ഓര്‍മ്മകള്‍ അതിവേഗം  മാഞ്ഞുപോകുന്നതു കൊണ്ട് എല്ലാ സംഭവങ്ങള്‍ക്കും രേഖകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന  നായകനെയാണ് നമ്മള്‍ കണ്ടത്. ഇവിടെ സമയപരിധിയുണ്ട്. 24 മണിക്കൂര്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

സീരിയല്‍ ചുവയില്‍ പെയ്തിറങ്ങുന്ന വര്‍ഷം
ഇയ്യോബും ബിരിയാണിയും; ഒരു ഡിസൈനര്‍ പടപ്പ്
ഞങ്ങളുടെ വീട്ടിലെ കോമാളികളും മന:ശാസ്ത്രത്തിന്റെ അന്ത്യകൂദാശയും
വ്യവസായി Vs വ്യവസായി: ഒരു ‘കത്തി’പ്പടം
മായയുടെ ഛായകള്‍

ഒരപകടത്തില്‍പ്പെട്ട് ഓര്‍മ്മ നശിച്ച നായികയ്ക്ക് (നമിത) അപകടം സംഭവിക്കുന്നതുവരെയുള്ള എല്ലാം ഓര്‍മ്മയുണ്ട്. പക്ഷെ, അതിനു  ശേഷം നടന്ന കാര്യങ്ങളൊക്കെ 24 മണിക്കൂറിനുള്ളില്‍ അവള്‍ മറക്കും – ഒന്നുറങ്ങി നേരം വെളുക്കുമ്പോഴേയക്കും. ടെമ്പോറല്‍ ലോബിന് പറ്റിയ ക്ഷതം എന്നൊക്കെ ഒരു ഡോക്ടര്‍ തട്ടിവിടുന്നുണ്ട്. അവളെ പ്രണയിക്കുന്ന വിനീത് ശ്രീനിവാസന് പിടിപ്പത് പണിയാണ്. കാരണം, പിറ്റേ ദിവസം അവള്‍ക്ക് അവനെ ഓര്‍മ്മയുണ്ടാവില്ല. അതിനാല്‍, അവന് എല്ലാ ദിവസവും അവളെ പരിചയപ്പെടേണ്ടിവരുന്നു. ഒരു നാള്‍ നീണ്ടു നില്‍ക്കുന്ന പ്രണയ ചാപല്യങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത ദിവസം വീണ്ടും തുടങ്ങണം.  അങ്ങനെയുള്ള നമിതയെ വിനീത് വിവാഹം വരെയെത്തിക്കുന്നതാണ് കഥ. പക്ഷെ, ഓര്‍മ്മകളെഴുതുന്ന ഒരു ഓര്‍മ്മപുസ്തകം കൈയിലുണ്ടായാലും അക്കാര്യം തന്നെ മറന്നുപോയാലോ. അവള്‍ ഒരു സാന്‍ഡ് ആര്‍ട്ടിസ്റ്റ് (സാന്‍ഡ് ആനിമേഷന്‍ ആര്‍ട്ടിസ്റ്റ്) കൂടിയാണ്. അവളുടെ ഓര്‍മ്മകള്‍ അവള്‍ വരയ്ക്കുന്ന മണല്‍ചിത്രങ്ങള്‍ പോലെയാണ്. വരച്ച മാത്രയില്‍ അവ മായ്ക്കപ്പെടും. മറവിയുമായി ബന്ധപ്പെട്ട തിരിച്ചറിവില്ലായ്മയില്‍ അവര്‍ അകലുന്നു. പിന്നെ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു സാന്‍ഡ് ചിത്രരചനാ വേളയില്‍ കണ്ടുമുട്ടുന്നു. അവന്‍ അവളുടെ മായാത്ത ഓര്‍മ്മയാവുന്നു.

ഇത്രയും കാര്യങ്ങളിലേക്കെത്തിക്കുന്നതിന് സംവിധായകന് കഴിയുന്നുണ്ടെങ്കിലും സിനിമയിലുടനീളം ഇത് കൈകാര്യം ചെയ്തിരിക്കുന്നത്  ഒരു കോമാളിക്കളിയുടെ രൂപത്തിലാണ്. 24 മണിക്കൂര്‍ സമയമെന്നതു തന്നെ മറവിരോഗത്തിന്റെ ഒരു കോമാളി രൂപമാണല്ലോ. എത്രയോ പിഴവുകള്‍ ഇക്കാര്യത്തില്‍ തിരക്കഥയിലും സംവിധാനത്തിലും സംഭവിക്കുന്നുണ്ട്. കൃത്രിമമായ ഒരു കഥാസന്ദര്‍ഭത്തില്‍ നിന്നും കഥ മെനയുന്നതിന്റെ എല്ലാ പാകപ്പിഴകളും ഈ ചിത്രത്തിനുണ്ട്.

തന്റേതല്ലാത്ത കഥാപാത്രങ്ങള്‍ കിട്ടിയാല്‍ താനൊരു പൂര്‍ണ്ണപരാജയമാണെന്ന് വിനീത് തെളിയിക്കുന്നു. ചിത്രത്തിന്റെ ഒരു വലിയ ബലഹീനത തന്നെ ഇദ്ദേഹമാണ്. മറ്റുള്ള ആര്‍ക്കും  ഇതില്‍ പങ്കില്ല താനും. എല്ലാം ആവറേജ് പ്രകടനങ്ങള്‍. സംഗീതമാണ് ചിത്രത്തില്‍ മികച്ചു നില്‍ക്കുന്ന ഒരു ഘടകം. ഷാന്‍ റഹ്മാനും, വിനീതും പാടിയ രണ്ടു ഗാനങ്ങള്‍ പ്രത്യേകിച്ചും.  ഷാന്‍ തന്നെയാണ് സംഗീതം മനോഹരമായി  കൈകാര്യം ചെയ്തിട്ടുള്ളത്.

മറവിരോഗത്തെ സാന്‍ഡ് ആര്‍ട്ട്‌സുമായി ബന്ധപ്പെടുത്തിയതു മാത്രമാണ് ചിത്രത്തിലെ സര്‍ഗ്ഗാത്മകമായ ഒരിടപെടല്‍ എന്നു തോന്നുന്നു. ഏതായാലും ചിത്രത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്നു മണല്‍ചിത്ര രചനയുമായി തുടങ്ങുന്ന ടൈറ്റില്‍ സ്വീക്വന്‍സുകള്‍.

 

*Views are personal

This post was last modified on November 23, 2014 10:18 am