അഴിമുഖം പ്രതിനിധി
പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ 113 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് പരാമര്‍ശമുള്ള റിപ്പോര്‍ട്ട് കളക്ടര്‍ റവന്യു മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു.
ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷണമാകാമെന്ന് മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാളെ മന്ത്രിസഭ ഉപസമിതി പരവൂരില്‍ സന്ദര്‍ശനം നടത്തും. ഷിബു ബേബി ജോണ്‍, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. സമിതിയും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിച്ചതും ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ആവശ്യങ്ങളുടെ മുന്‍ഗണന അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം വേണമെന്ന് ഡിജിപിയുടെ ഓഫീസ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ അറിയിച്ചു. പൊലീസിന്റെ നിലപാട് നാളെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കും.
പരവൂരില്‍ വെടിക്കെട്ട് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കിയെന്നും ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. കോടതിയുടെ വിമര്‍ശനം സര്‍ക്കാരിന് എതിരെയാണെന്നും ആഭ്യന്തരമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഡിഎമ്മിന്റെ മൊഴിയെടുക്കും. വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയത് എഡിഎമ്മാണെന്ന് സൂചനയുണ്ട്. എഡിഎമ്മിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
എന്നാല്‍ താന്‍ ആര്‍ക്കും വാക്കാല്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് എഡിഎം നൗഷാദ് വ്യക്തമാക്കി. ഉത്തരവ് നടപ്പിലാക്കുന്നതില്‍ പൊലീസിനാണ് വീഴ്ച പറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് കളക്ടറുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി എടുക്കും. അതേസമയം, കേസില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
പരവൂര്‍ ദുരന്തത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിരോധിക്കപ്പെട്ട രാസവസ്തുക്കള്‍ എങ്ങനെ വന്നുവെന്ന് ചോദിച്ച കുമ്മനം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും പറഞ്ഞു. അപകടം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
This post was last modified on April 13, 2016 5:31 pm
Leave a Comment