X

ആന്‍റണിയുടെ ഉത്തരേന്ത്യന്‍ പേടിയും വി കെ സിംഗിന്‍റെ ‘പട്ടി’യും

വി കെ അജിത്‌ കുമാര്‍

ഉത്തരേന്ത്യന്‍ ജിവിതം ഭയപ്പെടുത്തുന്നുവെന്നു പറഞ്ഞത് സാക്ഷാല്‍ ഏ കെ ആന്റണിയാണ്. അങ്ങനെയൊന്നും വാ തുറന്നു സംസാരിക്കാത്ത ആളാണ്. വല്ലപ്പോഴും ചില കാര്യങ്ങള്‍ പറയും. അതൊക്കെ പലപ്പോഴും കുറിക്കു കൊള്ളുന്നതുമായിരിക്കും. അതാകട്ടെ എന്തെങ്കിലും ഉദ്ദേശ്യം മനസില്‍ കണ്ടുകൊണ്ടുമായിരിക്കും. എന്തായാലും ഇപ്പോള്‍ പറഞ്ഞത് മനസില്‍ തട്ടി തന്നെയാണെങ്കില്‍ സംഗതി സീരിയസായി എടുക്കേണ്ടതാണ്. കാരണം പടിയിറങ്ങിയ  മന്ത്രിസഭയിലെ രണ്ടാമന്‍- ചില കാര്യങ്ങളില്‍ ഒന്നാമനുമായിരുന്ന ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അതിനെ പണ്ട് നമ്മള്‍ വ്യാഖ്യാനിക്കുംപോലെ കേരള രാഷ്ട്രീയം നോക്കിയുള്ള ഒരു പ്രവര്‍ത്തനമോ പ്രസ്താവനയോ ആയി മാത്രം കാണരുത്.

ഏട്ടിലെ പശു ഇപ്പോള്‍ നാട്ടിലിറങ്ങി പുല്ലല്ല കാവിസംഘത്തോടൊത്ത് ചേര്‍ന്നു മനുഷ്യമാംസം വരെ രുചിച്ചു തുടങ്ങിയിരിക്കുന്നു. കറുത്ത മനുഷ്യരെയും ന്യൂനപക്ഷങ്ങളെയും ഹോളോകാസ്റ്റിന് വിധേയമാക്കുന്ന ഭീതിതമായ ഒരു കാലം അതിവിദൂരമല്ലെന്ന സുചനയാണ്‌ നല്‍കുന്നത്. മതഭോഗികള്‍ നാടുവഴാനിറങ്ങുമ്പോള്‍ നഷ്ടമാകാവുന്ന സ്വസ്ഥജീവിതം ഓര്‍ത്തു വേപഥു പൂണ്ടാണ്‌ ഏ കെ ആന്റണിയുടെ പ്രസ്താവനയെങ്കില്‍ അതിനോടൊപ്പം അദ്ദേഹം എന്നും എതിര്‍ത്തിരുന്ന കമ്മ്യൂണിസത്തെക്കൂടി പുനര്‍വായിക്കേണ്ടതുണ്ട്.

ഇന്ത്യയെന്ന ജനാധിപത്യ സങ്കല്‍പ്പത്തില്‍ കേവലം രണ്ടോ മുന്നോ സംസ്ഥാനങ്ങളില്‍ മാത്രം ജനാധിപത്യ സാന്നിധ്യം ഉറപ്പിച്ചിരുന്ന ഒരു ചെറു സമൂഹമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍. കുറച്ച് അനുയായികളും വളരെ കുറച്ച് നേതാക്കന്മാരും മാത്രമുള്ള താരതമ്യേന ചെറിയ കക്ഷിയെ എതിര്‍ത്തുകൊണ്ട് രാഷ്ട്രീയ പടവുകള്‍ കയറിയ ഒരാളായിരുന്നു ഏ കെ ആന്റണി. കേരളം നേടിയെടുത്ത രാഷ്ട്രിയ പ്രബുദ്ധതയും നിയമ സംവിധാനത്തിന്‍റെ പരിരക്ഷയുമാണ് ഒരു പക്ഷെ കുറച്ചു കാലത്തേക്കെങ്കിലും ജിവിതം അല്ലലില്ലാതെ പോകാന്‍ പറ്റിയ ഇടം കേരളമാകാം എന്നദ്ദേഹത്തെകൊണ്ട് ചിന്തിപ്പിച്ചതെങ്കില്‍ കൊലപാതക രാഷ്ട്രിയം എന്ന് പലപ്പോഴും കുറ്റപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സാന്നിധ്യം തന്നെയാണ് ഇവിടെ ഇനിയും ശക്തമാകാത്ത മതതീവ്രവാദത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചു നിര്‍ത്തുന്നതെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്.

ഇനി മറ്റൊരു അച്ഛനും മകനും പ്രതികരണത്തിലേക്ക് പോകാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് രൂപത്തില്‍ കണ്ടതാണ്. പണ്ട് അച്ഛന്‍ പറഞ്ഞു പോലും കമ്മ്യൂണിസ്റ്റായി വളരണമെന്ന്. എന്നാല്‍ അതേ അച്ഛന്‍ ഇപ്പോള്‍ പറയുന്നു, അവരൊക്കെ പാവങ്ങളെ പറ്റിച്ചു ജിവിക്കുന്നവരാണ് അതുകൊണ്ട് അത് വേണ്ട നീയിന്നു മുതല്‍ കമ്മ്യുണിസ്റ്റുകാരനാകേണ്ടെന്ന്. കണ്‍ഫ്യൂഷനൊന്നും  മകന്‍ വിനിത് ശ്രീനിവാസന് കാണാന്‍ വഴിയില്ല. കാരണം  അച്ഛന്‍മാരുടെ തണലില്‍ മാത്രം നിന്ന് വളരുന്നവര്‍ക്ക് സ്വന്തമായെന്താണുള്ളത്.

കമ്മ്യൂണിസം എന്നത് ചില നേതാക്കന്മാരോ ചില പ്രാദേശിക പ്രവര്‍ത്തനമോ ആണെന്ന തെറ്റിദ്ധാരണയിലാണ് എപ്പോഴും എല്ലാവരെയും വിമര്‍ശിക്കുന്ന ഈ അച്ഛന്‍ നില്‍ക്കുന്നതെന്ന് മകനിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. അച്ഛന്‍ അങ്ങനെ പറഞ്ഞത് കൊണ്ട് ഞാനിനി കമ്മ്യൂണിസ്റ്റല്ല, കൂട്ടുവെട്ടി എന്ന് പറയുന്നിടത്താണ് പതിനെട്ട് വയസിന്‍റെ പ്രസക്തി ചേദ്യം ചെയ്യപ്പെടുന്നത്. ആഷിഖ് അബുവിനെ വായിച്ചു തുടങ്ങേണ്ടതും ഇവിടെയാണ്. സ്വയം സൃഷ്ടിക്കപ്പെടേണ്ട രാഷ്ട്രീയമാണ് ജനാധിപത്യ വിശ്വാസിയായ ഒരാള്‍ക്ക് വേണ്ടത് ഇടതായാലും വലതായാലും. ചുറ്റും അക്രമങ്ങളും അപ്രഖ്യാപിത അടിയന്തരാവസ്ഥയും ശക്തമാകുമ്പോള്‍, വ്യക്തി സ്വാതന്ത്ര്യത്തെയും ജിവിത സ്വാതന്ത്ര്യത്തെയും മറ്റൊരാള്‍ ചോദ്യം ചെയ്യുകയോ നിരീക്ഷണത്തിനു വിധേയമാക്കുകയോ ചെയ്യുമ്പോള്‍ സ്വതന്ത്രമായ അഭിപ്രായങ്ങളാണ് യുവാക്കള്‍ക്കുണ്ടാകേണ്ടത്.

പ്രതികരണ രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ പ്രതികരണവും രണ്ടാണ്. ബീഫ് ഫെസ്റ്റ് പ്രതികരണ രാഷ്ട്രീയമായി കാണുമ്പോള്‍, ‘പട്ടികള്‍’ എന്ന വിളി രാഷ്ട്രീയക്കാരന്‍റെ അവനൊളിപ്പിച്ചിട്ടും സാധ്യമാകാതെ മനസില്‍ നിന്നും പുറത്ത് വരുന്ന പ്രതികരണമായി കാണണം. വി കെ സിംഗിനെ പറഞ്ഞിട്ട് കാര്യമില്ല. അതിനു മുന്‍പ് ഗുജറാത്ത് കലാപത്തിനൊടുവില്‍ റോയിട്ടറിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്‍റെ ഗുരുഭൂതനായ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞത് കാറോടിക്കുമ്പോള്‍ ചിലപ്പോള്‍ ചില നായ്ക്കള്‍ ചക്രങ്ങള്‍ക്കുള്ളില്‍ കുടുങ്ങി ചത്തു പോകാറുണ്ടെന്നാണ്. ആ നായ്ക്കള്‍ തന്നെയാണ് കാലാന്തരത്തില്‍ വി കെ സിംഗ് എന്ന മഹാമന്ത്രിയുടെ നാവിലൂടെ പട്ടിയായി മാറിയതെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരണങ്ങള്‍ വിവരക്കേടുകളായും മുറി ഇംഗ്ലിഷിലുള്ള ഫേസ്ബുക്ക് കമന്റുകളായും നിറയുമ്പോള്‍- ഇന്നിപ്പോള്‍ പശുവിന്‍റെ വിലപോലു മില്ലാത്ത ആ രണ്ടു കുഞ്ഞുങ്ങളെ അവരുടെ വീടിനാരും തികൊളുത്തിയല്ല മരിച്ചതെന്ന് ഫോറന്‍സിക്ക് ലാബ്‌ കണ്ടെത്തിയിരിക്കുന്നു. ദയവായി ഇനി കൂടുതല്‍ കണ്ടെത്തല്‍ നടത്തി ആ കുരുന്നുകള്‍ ജീവിതം മടുത്ത് ആത്മഹത്യ ചെയ്താണെന്നു പ്രതികരിക്കാതിരിക്കുക.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on November 1, 2015 2:07 pm