X

റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ

ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ എന്ന ഡോക്യുമെന്റിയുടെ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ഹ്രസ്വസംഭാഷണത്തില്‍ സംവിധായകന്‍ ഷെറി ഗോവിന്ദ് പറഞ്ഞ ഒരു വാചകം, ‘നമ്മള്‍ പലപ്പോഴും ഭാവനയില്‍ പറയുന്നതിനെക്കാള്‍ വര്‍ണ്ണാഭമായിരിക്കും യാഥാര്‍ത്ഥ്യത്തിനുള്ളത്’എന്നായിരുന്നു. ഷെറിയുടെ ഡോക്യുമെന്ററിയിലേക്ക് മനസ്സ് കൂടുതല്‍ ഫോക്കസ് ആയത് ആ ഒറ്റവാചകത്തിലായിരുന്നു. 

ചുവപ്പും നീലയും മഞ്ഞയും പച്ചയും; നിറങ്ങളുടെ വൈവിധ്യമാണ് പേരിനുള്ളതെങ്കിലും ഡോക്യുമെന്ററി തുടങ്ങിയത് കറുപ്പിലായിരുന്നു, പേരിലില്ലാത്ത നിറത്തിലേക്ക്. പക്ഷെ അതാണ് യാഥാര്‍ത്ഥ്യത്തിന്റെ നിറമെന്ന് വെറുമൊരു സാധാരണപ്രേക്ഷകനുപോലും എളുപ്പം മനസ്സിലായി. ഇരുട്ട് അഥവ കറുപ്പ്; അവിടെയാണ് മനുഷ്യന്റെ മുഖം കൂടുതല്‍ തെളിയുന്നത്, വ്യക്തമാകുന്നത്. എന്നാല്‍ പരിഷ്‌കൃതമെന്നും വിശുദ്ധമെന്നും നടിക്കുന്ന ഒരു സമൂഹ്യവിഭാഗത്തിന്റെ മുന്നില്‍ ഈ ഇരുട്ട് അഴുക്കാണ്. അതില്‍ ജീവിക്കുന്നവര്‍ അഴുക്കുപുരണ്ട മനുഷ്യരും.

അണ്‍ഫിക്ഷണല്‍ മോഷന്‍ പിക്ചറുകളായ ഡോക്യുമെന്റികള്‍ ഫീച്ചര്‍ ഫിലിമുകകളുടെ മിനിയേച്ചര്‍ പതിപ്പുകളായി മാറികൊണ്ടിരിക്കുന്ന കാലത്താണ് യഥാതഥമായ അവതരണത്തിലൂടെ റെഡ് ബ്ലൂ ഗ്രീന്‍ യെല്ലോ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. അവിടെ തന്നെയാണ് ഈ ഡോക്യുമെന്ററി അതിന്റെ ആദ്യനേട്ടം സ്വന്തമാക്കുന്നതും. സാമാന്യജനസമൂഹത്തിന്റെ കാഴ്ച്ചയുടെ മറുകരകളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ആവിഷ്‌കരിക്കപ്പെടുന്നത്. അവിടെ, ഒരു ക്യാമറയുടെ സ്ഥാനം പലപ്പോഴും വിസ്മരിക്കപ്പെട്ട്, കാഴ്ച്ചക്കാരന്‍ നേരിട്ട് ഭാഗമാകുന്നിടത്താണ് രണ്ടാമത്തെ വിജയം. മൂന്നാമതായി, നാം കാണുന്ന കാഴ്ച്ചകളുടെ സത്യസന്ധതയാണ്. പിന്‍വാങ്ങലിന് സാധ്യമല്ലാത്ത വണ്ണം കാഴ്ച്ചക്കാരന്‍ അവിടെ മനോവികാരങ്ങള്‍ കൊണ്ടെങ്കിലും ഉത്തരങ്ങള്‍ പറയാന്‍ ബാധ്യസ്ഥനാകുന്നു.

ആണ്‍-പെണ്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ് ഡോക്യുമെന്റി പറയുന്നത്/കാണിച്ചു തരുന്നത്. ചോല എന്ന പേരില്‍ നടത്തുന്ന ലൈംഗിക തൊഴിലാളി പുനരധിവാസകേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍, തെരുവിലെ ജീവിതങ്ങളുടെ യാഥര്‍ത്ഥ്യം, സ്വപ്നം, പ്രതീക്ഷ, പ്രണയം, സെക്‌സ്, മരണം എന്നിവയുടെ വിവരണം നടക്കുന്നു. മദ്യവും മയക്കുമരുന്നും, രോഗവും പീഢനവും ദാരുണമായ മരണവുമെല്ലാം നാം കാണുന്നു. പലനിറങ്ങളില്‍ ജീവിക്കുന്ന വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് നിറങ്ങള്‍ വെറും തോന്നലുകള്‍മാത്രമായി മാറുന്ന മറ്റു ചില മനുഷ്യരെ കണ്ടെത്താന്‍ ഇവിടെ സാധിക്കുന്നു.

മുഖങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ക്യാമറയോടാണ് ഓരോ സംഭാഷണവും. തങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു എന്ന തിരിച്ചറിവില്‍ തന്നെ അവര്‍ ഓരോരുത്തരും പറഞ്ഞുതുടങ്ങുമ്പോള്‍ എതിര്‍വശത്ത് കാഴ്ച്ചക്കാരനെ തന്നെ നിര്‍ത്താനാണ് സംവിധായകന്‍ തീരുമാനിക്കുന്നത്. കേള്‍ക്കേണ്ടത് സമൂഹം തന്നെയായിരിക്കണം. എഴുതി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചില്ല, ഇതുവരെ പകര്‍ത്തപ്പെട്ട ജീവിതമാണ് രേവതിയും രജിതയും ജമീലയും പൊട്ടത്തിയുമെല്ലാം പറയുന്നത്. അത്ഭുതപ്പെടുത്തിയത്, ആ വാക്കുകളിലൊന്നും നിരാശയോ അപേക്ഷകളോ ഇല്ല, നിസ്സംഗതയും നിസ്സാരതയുമാണ്. പക്ഷേ, അവരുടെ കണ്ണുകളില്‍, ചില നോട്ടങ്ങളില്‍, ഇടയ്ക്കുണ്ടാകുന്ന മൗനങ്ങളില്‍; ചിലതെല്ലാം മിന്നിമായുന്നുണ്ട്. അതായിരിക്കാം അവരുടെ വേദന.

തെരുവിലെ ലൈംഗിക തൊഴിലാളികള്‍ ചാതുര്‍ണവര്‍ണവ്യവസ്ഥയിലെ കീഴാളനെക്കാള്‍ നികൃഷ്ടരായാണ് ഇന്നത്തെ ആധുനീകസമൂഹത്തില്‍ ജീവിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആവശ്യക്കാരനെ പ്രലോഭിപ്പിച്ച് മാംസം വിറ്റ് ജീവിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും കൊടുക്കാന്‍ നാം ഇതുവരെ തയ്യാറായിട്ടില്ല. അവരെ നാം കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇരുട്ടിലെ മാംസക്കച്ചവടക്കാരെ മാത്രമെ നാം കാണുന്നുള്ളൂ. അവരുടെ ജീവിതത്തെ വെളിച്ചത്തില്‍ വിലയിരുത്താന്‍ തയ്യാറായിട്ടില്ല. അവിടെയാണ് നാം കാണിക്കുന്ന ഇരട്ടത്താപ്പ്. അഴുക്കുപുരളാത്ത ജീവിതം കൊതിക്കുന്നവരാണ് ഓരോ ലൈംഗിക തൊഴിലാളിയുമെന്നതാണ് സത്യം. അവര്‍ അങ്ങനെ ആയിപ്പോയതാണ്, അങ്ങനെ തന്നെ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും.

ജീവിതം, പ്രതീക്ഷ, മരണം; എന്നീ മൂന്നുഘട്ടങ്ങളിലാണ് ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കപ്പെടുന്നവരെ  നാം കാണേണ്ടതും അറിയേണ്ടതും.

ജീവിതം
റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ എന്ന ഡോക്യൂമെന്ററിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് ഒന്നിലേറെ ജീവിതങ്ങളാണ്. ഓരോരുത്തരും അവരുടെ ഇതുവരെയുള്ള അനുഭവങ്ങളുടെ ബ്രീഫ് എക്‌സപ്ലനേഷന്‍ തരുന്നുണ്ട്. താന്‍ എച്ച് ഐ വി ബാധിതയാണെന്ന കാര്യംപോലും എത്ര നിസ്സംഗമായാണ് രേവതി പറയുന്നത്. അവള്‍ ഒരു ഭാര്യയും രണ്ടുകുട്ടികളുടെ അമ്മയുമായിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് അവള്‍ക്ക് എച്ച് ഐ വി പകരുന്നത്. പിന്നീടവള്‍ തെരുവിലേക്കിറക്കപ്പെടുന്നു. അവിടെയവള്‍ തന്നെ വില്‍ക്കാന്‍ തുടങ്ങി. രോഗം അറിഞ്ഞുകൊണ്ടു തന്നെ. ആ രോഗത്തെക്കാള്‍ ക്രൂരമായ മനോനിലയുള്ളവരുടെ കൂടെ പെട്ടുപോയതോടെ അവള്‍ ഒരു ഗോരവാഹിനിയായും മാറുന്നു. സമൂഹത്തിനു മുന്നില്‍ അവള്‍ മാത്രം കുറ്റക്കാരിയാകുന്നു. ഒളിച്ചിരിക്കുന്നവര്‍ മാന്യരും. കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സ്വന്തം സഹോദരന്‍ കടന്നുവന്ന് തന്നെ കീഴടക്കി അനുഭവിച്ചിച്ചുപോയതിന്റെ കഥയും ഇതുകണ്ടുവന്ന സഹോദരന്റെ രണ്ടാംഭാര്യ, അവരുടെ ഭര്‍ത്താവിനെ താനാണ് വിളിച്ചുകയറ്റിയതെന്ന കുറ്റം കണ്ടെത്തുന്നതും രേവതി വളരെ ലാഘവത്തോടെയാണ് പറയുന്നത്. രേവതിയെ നമുക്ക് കുറ്റപ്പെടുത്താം, കല്ലെറിയാം. പക്ഷെ എത്ര നിഷ്‌കളങ്കമാണ് ആ പെണ്ണിന്റെ മുഖം. ലഹരിയുടെ മാറാലമൂടി അവളുടെ കാഴ്ച്ചകള്‍ അടഞ്ഞുപോയതാണ് .ഒരുപക്ഷേ അവളുടെ അകക്കണ്ണില്‍ അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് ബഹുവര്‍ണ്ണങ്ങളുടെ സൗന്ദര്യമുണ്ടായിരിക്കും. രേവതിയില്‍ നിന്ന് രജിതയിലേക്കും ജമീലയിലേക്കും പൊട്ടത്തിയിലേക്കും ലിസിയിലേക്കും ബീപാത്തുവിലേക്കും സുന്ദരിയിലേക്കും എല്ലാം നാമെത്തുമ്പോഴും പശ്ചാത്തലങ്ങള്‍ക്ക് മാത്രമെ പറയുന്ന കഥകളില്‍ വ്യത്യാസം വരുന്നുള്ളൂ. നേരിട്ടതിനെല്ലാം ഒരേസ്വഭാവം.

പെണ്‍ജീവിതങ്ങള്‍ മാത്രമല്ല, ആണ്‍ശരീരങ്ങള്‍ക്കും തെരുവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്നതും സമാനമായ അനുഭവങ്ങള്‍ തന്നെ. ഇരുളിലേക്ക് ചായം തേച്ച ചുണ്ടുകളില്‍ വശ്യതയുടെ പുഞ്ചിരിയും കാമം തെറിക്കുന്ന നോട്ടവുമായി വെളിച്ചമിറ്റുന്ന രാത്രികാലയിടങ്ങളിലെ കസ്റ്റമറുകളെ തേടിയിറങ്ങുന്ന പ്രവീണിനും ജീവിതം ഇങ്ങനെയായിപ്പോയതിന്റെ സങ്കടമൊന്നുമില്ല. പകരമുള്ള പരിഭവം, തങ്ങളെപ്പോലും ചൂഷണം ചെയ്യുന്നവരെ കുറിച്ചാണ്. പണം തട്ടിയെടുക്കാന്‍ വരുന്നവര്‍മാത്രമാണ് തങ്ങളോടു സ്‌നേഹം കാണിക്കുന്നതെന്നും വെറും അയ്യോപാവങ്ങളായവര്‍ക്ക് വേട്ടക്കാരന്റെ ഉദ്ദേശ്യം അറിഞ്ഞാല്‍പ്പോലും രക്ഷപ്പെടാന്‍ കഴിയാറില്ലെന്നും പറയുമ്പോള്‍, പലനിറങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നവര്‍ക്ക് മേല്‍ എത്രമാത്രം ഇരുട്ട് മൂടിക്കിടപ്പുണ്ടെന്ന് മനസ്സിലാകും.

പ്രതീക്ഷ
ചോളയില്‍ നടത്തിയ ഒരു ചിത്രരചനാമത്സരത്തില്‍ എല്ലാവരും വരച്ച് ഒരേ ചിത്രം, വീടിന്റെ. പ്രത്യേകിച്ച് ഒരു തീമും അവര്‍ക്ക് കൊടുക്കാതിരുന്നിട്ടും വീട് തന്നെ വരച്ചതില്‍ നിന്ന് അവരുടെ പ്രതീക്ഷയെന്താണെന്ന് മനസ്സിലാക്കാം. കുടുംബം അവരിപ്പോഴും സ്വപ്‌നം കാണുന്നു. അതൊരു വിദൂരസ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞിട്ടും. ഈ പ്രതീക്ഷയുടെ മറ്റൊരു ഭാവമാണ് അവരിലെ പ്രണയം. ജമീലയും ലിസിയും പൊട്ടത്തിയുമെല്ലാം കാമുകിമാരാണ്. നിസ്വാര്‍ത്ഥമതികളായ കാമുകിമാര്‍. എളുപ്പം വഞ്ചിക്കപ്പെടുന്നവരും. പ്രണയത്തിന്റെ മധുരഭാഷണങ്ങളുമായി വന്ന് തങ്ങളെ കീഴടക്കുന്നവര്‍ക്ക് വേണ്ടി മരിക്കാന്‍ പോലും ആത്മാര്‍ത്ഥ കാണിക്കുന്നവര്‍. കാമുകന്റെ കൊടിയ മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടന്നാലും അവന്‍ വിളിച്ചാല്‍ എല്ലാം മറന്ന് അവന്റെ തോളില്‍ തല ചായ്ച്ചു നടക്കുന്നത്ര പ്രണായാദ്രാമാണ് ഇവരുടെ മനസ്സുകള്‍. പക്ഷെ അവനോ, പണംകൊണ്ടുവരാനുള്ള തന്റെ അടിമയായിമാത്രം അവളെ കാണുന്നു, അവള്‍ കൊണ്ടുവരുന്ന പണമെടുത്ത് നല്ല ഉടുപ്പുകള്‍ വാങ്ങിയിടുന്നു, നല്ല ഭക്ഷണം കഴിക്കുന്നു, മദ്യം വാങ്ങി കുടിക്കുന്നു. അവളോ, ദിവസങ്ങളോളം ഓരേ വസ്ത്രം തന്നെ ധരിക്കേണ്ടിവരുന്നു. ഒരുനേരം മാത്രം എന്തെങ്കിലും കഴിക്കാന്‍ വിധിക്കപ്പെടുന്നു, അവന്റെ കൂട്ടുകാരുടെയും അവന്‍ ചൂണ്ടിക്കാണിക്കുന്നവരുടെയും കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. പ്രണയം, ഹൃദയവും ശരീരവും മുറിക്കുന്ന ഈര്‍ച്ചവാളുമത്രമാണ് തങ്ങളെ സംബന്ധിച്ചെന്ന് മനസ്സിലാക്കുമ്പോഴും അവര്‍ പ്രണയിക്കുന്നു, പ്രണയിക്കാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍ മാത്രം പ്രവീണിനെപ്പോലുള്ളവര്‍, കിട്ടിയ തിരിച്ചറിവില്‍ നിന്നു പറയുന്നു; ഞങ്ങള്‍ പ്രണയിക്കാനില്ലെന്ന്, പ്രണയം ചൂഷണത്തിന്റെ പര്യായം മാത്രമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുചിലപ്പോള്‍ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കവുമാവുന്നു.

മരണം
റെയില്‍വേ ട്രാക്കില്‍, കുറ്റിക്കാട്ടില്‍, അഴുകി ദ്രവിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളില്‍ അധികവും ഇത്തരം ലൈംഗിക തൊഴിലാളികളുടേതായിരിക്കും. അവരുടെ മരണത്തില്‍ ആരും അസ്വസ്ഥരാകുന്നില്ല, അവര്‍ വാര്‍ത്തകളാകുന്നില്ല, അവരുടെ മരണം അര്‍ക്കുമേലും കുറ്റവുമാകുന്നില്ല. ജീവിച്ചിരുന്നപ്പോഴും അവരെ നോക്കി ഓക്കാനിച്ചിരുന്നവര്‍ ചത്തുവീര്‍ത്ത ശരീരം നോക്കിയും ഓക്കാനിക്കുന്നു. ചോലയുടെ പ്രവര്‍ത്തകനും ലൈംഗിത തൊഴിലാളികള്‍ തങ്ങളുടെ രക്ഷകനായി കാണുകയും ചെയ്യുന്ന, ഡോക്യുമെന്ററിയിലെ ഒരു പ്രധാനകഥാപാത്രമായി വരുന്ന ഷാജിയുടെ മുഖത്ത് ക്യാമറ വരുമ്പോഴെല്ലാം അയാള്‍ പറയുന്നുണ്ട്, ജീവിതത്തിലും മരണത്തിലും ഗതികെട്ടാതെ പോകുന്നവരുടെ അവസ്ഥകളെ കുറിച്ച്. ആര്‍ക്കും വേണ്ടാതെ ജീവിക്കുന്നവരെ മരിക്കുമ്പോഴും ആര്‍ക്കും വേണ്ട. അവരുടെ അഴുകിയ ശരീരം പോലും എടുക്കാന്‍ ആരും തയ്യാറല്ല.

പലപ്പോഴും എത്രയോ ക്രൂരമായ മര്‍ദ്ദനമേറ്റായിരിക്കും പല സ്ത്രീകളും കൊല്ലപ്പെടുന്നത്. ഗുഹ്യഭാഗങ്ങളില്‍ പോലും അതിക്രൂരമായി മുറിവേല്‍പ്പിക്കപ്പെട്ട സ്ത്രീജഢങ്ങളാണ് കണ്ടെടുക്കപ്പെടുന്നത്. ഇതെല്ലാം കൊലപാതകങ്ങളാണ്. കഴുത്തു മുറുക്കിയും ക്രൂരമര്‍ദ്ദനമേറ്റും കൊല്ലപ്പെടുന്നവര്‍. പക്ഷെ ഒരു കൊലപാതകവും അന്വേഷിക്കപ്പെടുന്നില്ല, ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നില്ല. സമൂഹത്തിന്റെ പുറമ്പോക്കില്‍പോലും സ്ഥാനമില്ലാത്തവര്‍ ആരെയും അസ്വസ്ഥരാക്കുന്നില്ല എന്നതുതന്നെ കാരണം.ചിതയെരിയുകയാണ്…കൂട്ടത്തിലൊരാള്‍ എരിഞ്ഞടങ്ങുകയാണ്…ഒന്നുകരയാന്‍പോലും കഴിയുന്നില്ല, നിസ്സംഗതയാണ് മുഖങ്ങളില്‍. ആ നിസ്സംഗത പ്രേക്ഷകനിലേക്കും പകര്‍ന്നുവീഴുമ്പോഴാണ് ഒരു ഡോക്യുമെന്ററി അതിന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കുന്നത്. ഷെറി, നിങ്ങള്‍ പറഞ്ഞതെത്ര ശരിയാണ്, ഭാവനയില്‍ മെനയുന്നതിനെക്കാള്‍ എത്രയോ വര്‍ണാഭമാണ് യാഥാര്‍ത്ഥ്യം. പക്ഷെ എന്തുകൊണ്ടോ നിങ്ങള്‍ ഈ ഡോക്യുമെന്ററിക്കിട്ട പേരിലെ നിറങ്ങളെക്കാള്‍ കറുപ്പിനോട്, ഇരുട്ടിന്റെ, വിഷാദത്തിന്റെ, മരണത്തിന്റെ, പ്രതീക്ഷയുടെ, പ്രണയത്തിന്റെ ഇരുട്ടിനാണ് കൂടുതല്‍ തിളക്കം…നന്ദി

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on June 29, 2015 7:13 pm