X

രഞ്ജി ട്രോഫി: രോഹന് ഇരട്ട സെഞ്ച്വറി

അഴിമുഖം പ്രതിനിധി

രോഹന്‍ പ്രേമിന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഹൈദരാബാദിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാംദിനം കേരളം മികച്ച സ്‌കോര്‍ നേടി. ഇന്നലെ സെഞ്ച്വറിയുമായി കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച രോഹന്‍ ഇന്ന് 208 റണ്‍സ് അടിച്ചു കൂട്ടി. 19 ഫോറുകളും മൂന്ന് സിക്‌സറുകളും രോഹന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നു. 452 പന്തില്‍ നിന്നാണ് രോഹന്‍ 208 റണ്‍സ് എടുത്തത്. ഇന്നലത്തെ അഞ്ച് വിക്കറ്റിന് 186 റണ്‍സ് എന്ന സ്‌കോറില്‍ നിന്നും രോഹന്‍ റൈഫിന്‍ വിന്‍സന്റ് ഗോമസിന്റേയും മോനിഷ് കാരപറമ്പിലിന്റേയും ഫബിദ് അഹമ്മദിന്റേയും പിന്തുണയോടെ കേരളത്തിന്റെ സ്‌കോര്‍ 395-ല്‍ എത്തിച്ചു. റൈഫി 41-ഉം മോനിഷും ഫബിദും 37 റണ്‍സ് വീതവും നേടി. എട്ടാമനായി രോഹന്‍ സ്റ്റംപിന് പിന്നില്‍ പിടികൊടുത്ത് മടങ്ങി. പിന്നീട് വന്നവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഫബീദ് പുറത്താകാതെ നിന്നു. കേരളത്തിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാരെ ആകാശ് ഭണ്ഡാരി പുറത്താക്കി. ആകാശാണ് രോഹനേയും പുറത്താക്കിയത്. മെഹ്ദി ഹസന്‍ മൂന്നും വിശാല്‍ ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ഒരു വിക്കറ്റിന് 40 റണ്‍സ് എടുത്തിട്ടുണ്ട്. ആറ് റണ്‍സ് എടുത്ത തന്‍മയ് അഗര്‍വാളിനെ പുറത്താക്കി മോനിഷാണ് ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ പൊളിച്ചത്. ഹൈദരാബാദിനെ എത്രയും വേഗം പുറത്താക്കി ഒന്നാംഇന്നിങ്‌സ് ലീഡ് നേടാനാകും ഇന്ന് കേരളത്തിന്റെ ബൗളര്‍മാര്‍ ശ്രമിക്കുക.

This post was last modified on October 10, 2015 12:45 pm