X

മകനെ രാജ്യദ്രോഹി എന്നു വിളിച്ചത് വേദനിപ്പിച്ചു; രഘുറാം രാജന്റെ മാതാപിതാക്കള്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ഇനിയൊരു തവണ കൂടി ഗവര്‍ണര്‍ ആകാന്‍ താനില്ല എന്ന് അറിയിച്ചിട്ട് നാളുകളെ ആയുള്ളൂ. അതോടെ രഘുറാം രാജന്‍റെ തീരുമാനവും രാജനെതിരെ മോദി സര്‍ക്കാരും പ്രത്യേകിച്ച് സുബ്രഹ്മണ്യം സ്വാമിയും എടുത്ത നിലപാടുകളും വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മൌനം ത്യജിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ സുബ്രഹ്മണ്യം സ്വാമിക്ക് താക്കീതും നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രി.

ഇപ്പോള്‍ പ്രസ്തുത വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് രാജന്‍റെ മാതാപിതാക്കള്‍. രഘുറാം രാജനെതിരെയുള്ള ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു എങ്കില്‍ തങ്ങളുടെ മകന്‍ ചിലപ്പോള്‍ കുറച്ചുകാലം കൂടി തുടരാന്‍ തീരുമാനിച്ചിരുന്നേനെ എന്ന് രഘുറാം രാജന്റെ മാതാപിതാക്കള്‍ പറഞ്ഞു. തങ്ങളുടെ മകനെതിരെയുള്ള വ്യക്തിപരമായ ആക്രമണം തങ്ങളെ വേദനിപ്പിച്ചു എന്നും അവര്‍ പറയുന്നു.

മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ് രഘുറാം രാജന്റെ പിതാവ് ഗോവിന്ദരാജന്‍.

“അവനെതിരെയുള്ള ആക്രമണം ആരംഭിച്ച സമയത്ത് തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു എങ്കില്‍ ഒരുപക്ഷെ അവന്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുമായിരുന്നില്ല”- ഗോവിന്ദരാജന്‍ പറഞ്ഞു.

“അവന്‍ സ്വീകരിച്ച നയങ്ങളെക്കുറിച്ചോ പ്രവര്‍ത്തനരീതിയെപ്പറ്റിയൊ ആര് വേണമെങ്കിലും വിമര്‍ശിച്ചോട്ടെ. പക്ഷേ എന്റെ മകന്‍ രാജ്യസ്‌നേഹിയല്ല എന്നൊക്കെ പറഞ്ഞ് അവനെ വ്യക്തിപരമായി ആക്രമിക്കുന്നത് ഞങ്ങള്‍ക്ക് വളരെയേറെ സങ്കടമുണ്ടാക്കി”- രഘുറാം രാജന്റെ മാതാവ് മൈഥിലി പറഞ്ഞു.

തന്റെ ഭര്‍ത്താവ് നിരവധി വര്‍ഷങ്ങള്‍ സര്‍ക്കാറിനെ സേവിച്ച വ്യക്തിയാണ്. കുടുംബത്തേക്കാള്‍ രാജ്യത്തെയും തന്റെ ജോലിയും സ്‌നേഹിച്ച വ്യക്തിയാണ് തന്റെ ഭര്‍ത്താവ്. എന്നിട്ടും തന്റെ മകനെതിരെ ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് തങ്ങളെ അത്രയേറെ വേദനിപ്പിക്കുന്നു എന്നും അവര്‍ പറഞ്ഞു.

‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

വിശദമായ വായനക്ക്:

http://goo.gl/lUsquF 

 

This post was last modified on June 29, 2016 12:37 pm