X

നളന്ദ സര്‍വകലാശാലയുടെ ചാന്‍സിലറായി ആര്‍എസ്എസ് സൈദ്ധാന്തികനെ നിയമിച്ചു

രാജ്യത്തെ അക്കാദമിക്, സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഭട്കറിന്റെ നിയമനം

പ്രശസ്തമായ നളന്ദ സര്‍വകലാശാലയുടെ ചാന്‍സിലറായി കമ്പ്യൂട്ടര്‍ സയന്റിസ്റ്റും ആര്‍എസ്എസ് സൈദ്ധാന്തികനുമായ വിജയ് പി. ഭട്കറെ നിയമിച്ചു. ആര്‍എസ്എസിന്റെ ശാസ്ത്ര സംഘടനയായ വിജ്ഞാന്‍ ഭാരതിയുടെ ദേശീയ പ്രസിഡന്റാണ് ഭടക്ര്‍.

ഏറെ നാളായി വിവാദ തീരുമാനങ്ങളിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്ന നളന്ദ സര്‍വകലാശാലയിലെ നിയമനം ഇതോടെ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തില്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് ചാന്‍സിലറായിരുന്ന മുന്‍ സിംഗപ്പൂര്‍ മന്ത്രി ജോര്‍ജ് ഇയോ കഴിഞ്ഞ ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലിറായിരുന്ന ഗോപ സഭര്‍വാളിനെ പുറത്താക്കിയ നടപടിയും അദ്ദേഹത്തിന്റെ രാജിക്ക് കാരണമായിരുന്നു.

സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലിറായിരുന്ന നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ രണ്ടാം തവണയും ഈ പദവി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതും വിവാദമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് താന്‍ ഈ പദവിയില്‍ തുടരുന്നതില്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു സെന്‍ സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്നാണ് ഇയോ ഈ പദവിയിലെത്തിയത്. സര്‍വകലാശാല വിസിറ്റര്‍ എന്ന നിലയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഭട്കറെ നിയമിച്ചിരിക്കുന്നത്.

മുന്‍ രാഷ്ട്രപതി അന്തരിച്ച എ.പി.ജെ അബ്ദുള്‍കലാമിന്റെ ശ്രമഫലമായാണ് പുരാതന നളന്ദ മഹാവീര സര്‍വകലാശാല പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ 2006-ല്‍ ആരംഭിക്കുന്നത്. 17 രാജ്യങ്ങള്‍ ഈ സംരംഭത്തിന് പീന്തുണ നല്‍കി. 2014 സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സര്‍വകലാശാല ഉദ്ഘാടനം ചെയ്തു.

പുരാതന നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഉള്ള സ്ഥലത്ത് 2727 കോടി രൂപ ചെലവഴിച്ച് സര്‍വകലാശാലയുടെ നിര്‍മാണം നടന്നുവരികയാണ്. പാറ്റ്‌നയില്‍ നിന്ന് 110 കിലോ മീറ്റര്‍ അകലെയുള്ള രാജ്ഗീറിലെ താത്കാലിക സ്ഥലത്താണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേശക സമിതിയില്‍ അംഗമായ ഭട്കര്‍ 2000-ത്തില്‍ പത്മശ്രീ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി 1998-ല്‍ രൂപീകരിച്ച ഐ.ടി ടാസ്‌ക്‌ഫോഴ്‌സിലും അംഗമായിരുന്നു.

രാജ്യത്തെ അക്കാദമിക്, സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഭട്കറിന്റെ നിയമനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.