X

വീഡിയോ മെക്സിക്കോയിലേത്; കേരളത്തില്‍ ആര്‍എസ്എസുകാരനെ കൊല്ലുന്നതാണെന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന പുനീത് ശര്‍മയാണ് ഇത് പ്രചരിപ്പിക്കുന്നത്

മെക്‌സിക്കോയില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കുത്തി കൊല്ലുന്നതിന്റെ വീഡിയോ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പിന്തുടരുന്ന പൂനീത് ശര്‍മ്മയാണ് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പീഡനത്തിനിരയാകുന്നതെന്നും ഇയാള്‍ ഈ ട്വീറ്റില്‍ പറയുന്നു.

‘കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പീഡനത്തിനിരയാകുന്ന ഈ ദൃശ്യം കണ്ട് ഏത് ഹിന്ദുവിന്റെയാണോ രക്തം തിളയ്ക്കാത്തത്, അവരുടേത് രക്തമല്ല വെള്ളമാണ്’- എന്നാണ് ഹിന്ദിയിലുള്ള ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. 31,000-ല്‍ അധികം ഫോളോവേഴ്‌സുള്ള പുനീത് ശര്‍മ്മ ഇന്നലെ വൈകിട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ നിരവധധി സംഘപരിവാര്‍ അനുകൂലികള്‍ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തുക്കൊല്ലുന്നെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്ക് വഴിയും ട്വിറ്റര്‍ വഴിയും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ഷെയറിംഗ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ നടന്നു കഴിഞ്ഞു.

ഹിന്ദുത്വ ഡോട്ട് ഇന്‍ഫോ എന്ന ബ്ലോഗ് വഴിയാണ് ഈ വീഡിയോ ഇപ്പോള്‍ മുഖ്യമായും പ്രചരിക്കുന്നത്. ഒരുവിഭാഗം ആളുകള്‍ ഇത് സിപിഎം നടത്തുന്നതാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ ഇത് മുസ്ലിംകള്‍ നടത്തുന്നതാണെന്നാണ് ആരോപിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ കഴിഞ്ഞ മാസം 15 മുതല്‍ മെക്‌സിക്കന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ്. എല്‍ ചോലോ എന്ന അധോലോക സംഘത്തിലെ അംഗമായ അന്റോണിയോയെയാണ് ഈ വീഡിയോയില്‍ കുത്തിക്കൊല്ലുന്നതെന്ന് ക്രൈംജങ്കി ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ പറയുന്നു. സംഘഭക്തര്‍ ഇതാദ്യമായല്ല വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. ഏതാനും ദിവസം മുമ്പ് എബിവിപിക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ ഗുര്‍മെഹര്‍ കൗറിന്റെ പേരിലും സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നു.

ഒരു പെണ്‍കുട്ടി കാറിലിരുന്ന മദ്യപിക്കുന്നതും നൃത്തം ചെയ്യുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇത് ഗുര്‍മെഹര്‍ കൗറാണെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് ദുബയില്‍ ഒരു പെണ്‍കുട്ടിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. ഗുര്‍മെഹര്‍ കൗറിന്റെ മാതാവ് വനിതാ കമ്മിഷനില്‍ ഇതിനെതിരെ പരാതികൊടുത്തതോടെ പ്രചരണം നിലയ്ക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുള്ള ആര്‍എസ്എസ് നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ഇത്. കേരളത്തില്‍ ഹിന്ദുവിരുദ്ധ വികാരം നിലനില്‍ക്കുന്നെന്ന് വ്യാജപ്രചരണം നടത്തി തീവ്രഹിന്ദു മനോഭാവമുള്ളവരെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

This post was last modified on March 5, 2017 3:55 pm