X

മെക്സിക്കൻ ക്യാപ്റ്റന്‍ റാഫേൽ മാർക്വേസിനെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയതെന്തിന്?

എല്ലാ ആരോപണങ്ങളും മാർക്വേസ് നിഷേധിച്ചെങ്കിലും യു എസ് അധികൃതർ ചെവിക്കൊണ്ടില്ല, അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും യു എസ് ലേക്കുള്ള വിസ റദ്ദാക്കുകയും ചെയ്തു.

പാർട്ടികളും വിവാദങ്ങളും അതിനൊപ്പം അപ്രതീക്ഷിതമായ വിജയങ്ങളുമെല്ലാം ചേർന്നതാണ് മെക്സിക്കൻ ഫുട്‌ബോൾ. ആദ്യകളിയിൽ ലോകചാമ്പ്യൻമാരെ ഞെട്ടിച്ച ടീമിൽനിന്ന് മത്സരത്തിന് മുൻപും പിൻപും വരുന്നതെല്ലാം വിവാദ വാർത്തകളാണ്. എന്നാൽ തങ്ങളെ മനഃപൂർവം അപമാനിക്കാൻ ഉള്ള കുല്സിത ശ്രമങ്ങൾ ചിലർ നടത്തുന്നതായി മെക്സിക്കൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

കറുപ്പും വെളുപ്പും നിറഞ്ഞതാണ് മെക്സിക്കോയിലെ ജീവിതം. മയക്കുമരുന്നും അധോലോകങ്ങളും അരങ്ങുവാഴുന്ന സമാന്തര ലോകത്തിൽ നിന്ന് ഫുട്ബോളിനും മോചനമില്ല. ഒട്ടേറെ വിവാദങ്ങൾക്കിടയിലൂടെയാണ് മെക്സിക്കോ ടീം റഷ്യയിലെത്തിയത്. ലോകകപ്പിനുള്ള തയ്യാറെടുപ്പിനിടെയാണ് ടീമിലെ മുതിർന്ന അംഗമായ റാഫേൽ മാർക്വേസ് അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് സംഘത്തിലെ കണ്ണിയാണെന്ന് യു.എസ്. ട്രഷറി ഡിപ്പാർട്ട്‌മെന്റ് ആരോപണമുന്നയിച്ചത്.

മയക്കുമരുന്ന് മാഫിയ തലവനായ ഫ്‌ളോറസ് ഫെര്‍ണാണ്ടസുമായുള്ള മാർക്വേസിന്റെ ബന്ധം ആണ് താരത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്, മാർക്വേസിനെ കൂടാതെ 21 പേർക്കെതിരായിരുന്നു ഫ്ലോറസുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നത്. കിങ്‌പിൻ ആക്ട് പ്രകാരം മാർക്വേസിനെതിരെ നടപടിയെടുക്കാൻ യു എസ് ഫോറിൻ അസറ്റ്സ് കൺട്രോൾ വിഭാഗം തീരുമാനിച്ചു. ഫ്ലോറസിന്റെ സ്വത്തുക്കളുടെ ബിനാമിയാണ് മാർക്വേസ് എന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ, രണ്ടു അപകടകാരികളായ മയക്കു മരുന്ന് മാഫിയക്ക് മെക്സിക്കോയുടെ ഈ സൂപ്പർ താരവുമായി ബന്ധം ഉണ്ട് എന്നും പറയപ്പെടുന്നു. എല്ലാ ആരോപണങ്ങളും മാർക്വേസ് നിഷേധിച്ചെങ്കിലും യു എസ് അധികൃതർ ചെവിക്കൊണ്ടില്ല, അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും യു എസിലേക്കുള്ള വിസ റദ്ദാക്കുകയും ചെയ്തു.

അതേസമയം യു എസ് ട്രേഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയെ ഗൌരവമായിട്ടാണ് കാണുന്നതെന്നും യു എസ് സാങ്ഷന്‍ നിയമങ്ങള്‍ ലംഘിക്കപ്പെടാത്ത രീതിയിലാണ് ലോക കപ്പ് നടപടികള്‍ ആസൂത്രണം ചെയ്തതെന്നും മെക്സിക്കൊ ഫുട്ബോള്‍ ഫെഡെറേഷന്‍ പറഞ്ഞു. ഈ കാരണം കൊണ്ട് യു എസുമായുള്ള തങ്ങളുടെ കച്ചവട താത്പര്യം തകര്‍ന്നു പോകരുത് എന്നാണ് ഫെഡെറേഷന്റെ ചിന്ത. മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡെറേഷന്റെ എക്സ്ക്ളൂസീവ് കമേഷ്യല്‍ പങ്കാളിയാണ് അമേരിക്കന്‍ കമ്പനിയായ സോക്കര്‍ യുണൈറ്റഡ് മാര്‍ക്കറ്റിംഗ്.

ചരിത്രദൗത്യവുമായാണ് മാർക്വേസ് ഇത്തവണ റഷ്യയിൽ വിമാനമിറങ്ങിയത്. മുപ്പത്തൊമ്പതുകാരനായ മാർക്വേസ് 2002, 2006, 2010, 2014 ലോകകപ്പുകളിൽ ഉൾപ്പടെ മെക്സിക്കോയ്ക്കായി 143 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയുടെ നായകനായിരുന്നു. ജർമ്മനിയുടെ മുൻ ക്യാപ്റ്റൻ ലോതർ മത്തേയൂസും മെക്സിക്കോയുടെ മുൻ ഗോൾകീപ്പർ അന്‍റോണിയോ കാർബഹാലും മാത്രമേ ഇതിന് മുൻപ് അഞ്ച് ലോകകപ്പുകളിൽ കളിച്ചിട്ടുള്ളൂ.

കൂടുതല്‍ വായിക്കാന്‍: nytimes

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 20, 2018 5:27 pm