മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് തുടങ്ങിയവര്‍ക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി ഉയര്‍ത്തിയ വിക്രമാദിത്യ റാണ എന്നയാള്‍ക്കെതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇട്ട പോസ്റ്റുകളെ തുടര്‍ന്നാണ് വിക്രമാദിത്യ റാണയ്ക്കെതിരെ കേസെടുത്തത്. ഐപി അഡ്രസ് പരിശോധിച്ച് വരുകയാണെന്നും ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തനിക്ക് ഫേസ്ബുക്കില്‍ ലഭിച്ച ഭീഷണി ചൂണ്ടിക്കാട്ടി സാഗരിക ബുധനാഴ്ച ഡല്‍ഹി പൊലീസിന് ട്വീറ്റ് ചെയ്തിരുന്നു. സാഗരികയ്ക്കും അരുന്ധതിക്കും പുറമെ സിപിഐ (എംഎല്) നേതാവ് കവിത കൃഷ്ണന്, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ്, എഴുത്തുകാരി ശോഭ ഡേ എന്നിവര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തോക്ക് പിടിച്ച് നില്ക്കുന്ന വിദേശസൈനികന്റെ ചിത്രമാണ് വിക്രമാദിത്യ റാണയുടെ പ്രൊഫൈല്‍ പിക്. സാഗരിക ഘോഷിന്റെ രണ്ട് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ റാണ ഇട്ടിട്ടുണ്ട്. ഡല്‍ഹി പൊലീസിനും മുംബയ് പൊലീസിനും സാഗരിക പരാതി നല്‍കിയിട്ടുണ്ട്. മേഘാലയയിലെ ഷില്ലോംഗ് സ്വദേശി എന്നാണ് റാണയുടെ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. സംസ്ഥാന ട്രഷറി ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി അക്കൗണ്ട്സ് ഓഫീസര്‍ എന്നും കൊടുത്തിരിക്കുന്നു. പട്ടാളക്കാരുടെ ചിത്രങ്ങളാണ് പ്രൊഫൈലില്‍ നിറയെ. മാധ്യമപ്രവര്‍ത്തകരായും ആക്ടിവിസ്റ്റുകളായും വേഷം കെട്ടിയിരിക്കുന്ന എല്ലാ ദേശവിരുദ്ധര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും സാഗരിക അടക്കമുള്ള ദേശവിരുദ്ധരേയും ഇത്തരത്തില്‍ കൈകാര്യം ചെയ്യണമെന്നും റാണ ആവശ്യപ്പെടുന്നു.
This post was last modified on September 8, 2017 9:42 am