X

രമയ്ക്ക് വീടായി. ‘ആദിമ’യില്‍ ഇനിയും കവിതകള്‍ പിറക്കട്ടെ

രമ തികച്ചും യാദൃശ്ചികമായാണു ഞങ്ങളിലേക്കെത്തിയത്. സൈനിക് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമത്തിനായി കോഴിക്കോട്ടേക്കു പോകും വഴി സമയം കൊല്ലാനായി ഡ്രൈവറുടെ കയ്യില്‍ നിന്നു ‘മാധ്യമം’ വാരാന്ത്യപ്പതിപ്പു വാങ്ങി മറിച്ചു നോക്കുകയായിരുന്നു. വേണു കള്ളാറിന്റെ ‘വേദനയുടെ അക്ഷരങ്ങള്‍’ കണ്ണില്‍പ്പെട്ടു. കയ്‌പ്പേറിയ ജീവിതസാഹചര്യങ്ങളെ തരണം ചെയ്യാനായി കവിതകളെഴുതുന്ന രമയുടെ കഥ. ചെറുപ്രായത്തിലൊരു കുത്തിവെയ്പ്പു സമ്മാനിച്ച ശാരീരീക വൈകല്യങ്ങളെ വകവയ്ക്കാതെ സമ്മാനങ്ങള്‍ വാരിക്കൂട്ടി മിടുക്കിയായി പഠിച്ച രമ. എന്നിട്ടും തല ചായ്ക്കാനൊരിടമില്ലാതെ ‘ആരോ വരച്ച വരയിലെ കല്ലും മുള്ളും ചവിട്ടി, കാലുകളേക്കാള്‍ നൊന്ത മനസ്സുമായി’ കവിതകള്‍ കുറിക്കുന്ന രമ.

സൈനിക് സ്‌കൂള്‍ കാലത്തെ തമാശകളുടെയിടയില്‍ രമയെക്കുറിച്ചും സുഹൃത്തുക്കളോടു സംസാരിച്ചു. അവരില്‍ പലരും ‘വേദനയുടെ അക്ഷരങ്ങളി’ലൂടെ കണ്ണോടിച്ചു. സ്‌കൂള്‍ തമാശകളില്‍ നിന്നുമാറി സാമൂഹിക കടപ്പാടുകളിലേക്കായി സംസാരം. ചുരുങ്ങിയ ചിലവില്‍, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ച നമ്മള്‍ക്ക് ചില സാമൂഹിക പ്രതിബദ്ധതകളില്ലേ? അമ്പതിലധികം വര്‍ഷമായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ജീവിതമൂല്യങ്ങള്‍ പഠിപ്പിച്ച മാതൃവിദ്യാലയത്തിനു സമര്‍പ്പിക്കാനായി ആ മൂല്യങ്ങള്‍ സമൂഹത്തിനുപയോഗപ്പെടുത്തിക്കൂടെ? നമ്മുക്കൊരുമിച്ചു രമയെ സഹായിച്ചുകൂടെ?

അങ്ങിനെ ഞങ്ങള്‍ രമയെത്തേടി പയ്യോളിക്കടുത്ത് ഉള്‍ഗ്രാമമായ പള്ളിക്കരയിലെത്തി. അവിടെ നാലഞ്ചു മരങ്ങളില്‍ ചുറ്റിയ തുണിമറയ്ക്കുള്ളിലൊരു ചെറുകുടില്‍. അതിന്റെ ഓലക്കീറുകള്‍ വിരിച്ച മേല്‍ക്കൂരക്കു കീഴില്‍ കഴിയുന്ന രമയും, അവളുടെ അച്ഛനും. ക്ഷയരോഗിയായ അച്ഛനു തുണ രമയും, വലതു കാലിനും കൈക്കും ശേഷിയില്ലാത്ത രമക്കു തുണയായി അച്ഛനും. മലയാളിയുടെ വൃത്തികെട്ട ആഢംബരപ്രദര്‍ശനമായ മണിഹര്‍മ്യങ്ങള്‍ക്കു മുന്നിലെ നോക്കുകുത്തികള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശപിക്കപ്പെട്ട രണ്ടു ജീവിതങ്ങള്‍. ജീവിതനിലവാരങ്ങള്‍ ലോകോത്തരമാണെന്നവകാശപ്പെടുന്ന കേരളത്തിലെ വിരോധാഭാസങ്ങളായി ഒരച്ഛനും മകളും. ഞങ്ങള്‍ രമയെ സഹായിക്കാന്‍ നിശ്ചയിച്ചു.

 

രമയുടെ പേരിലുള്ള മൂന്നു സെന്റു സ്ഥലത്ത് ഒരു ചെറിയ വീടു നിര്‍മ്മിച്ച് അവര്‍ക്കു നല്‍കുക. അതിനാവശ്യമുള്ള ധനസഹായം സൈനിക് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നു സംഭരിക്കുക. അതായിരുന്നു പദ്ധതി. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഇന്റെര്‍നെറ്റ് കൂട്ടായ്മയിലേക്കയച്ച അഭ്യര്‍ഥനക്ക് ഉടനടി പ്രതികരണമുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ധനസഹായവും, വീടുകെട്ടാനുള്ള സാങ്കേതിക ഉപദേശങ്ങളും എത്തിത്തുടങ്ങി. നമ്മളെന്തുകൊണ്ടു നേരത്തെ ഇങ്ങനെ ചിന്തിച്ചില്ലാ എന്നു പല കോണുകളില്‍നിന്നും അഭിപ്രായവുമുയര്‍ന്നു. വിവരങ്ങള്‍ കേട്ടറിഞ്ഞ് സൈനിക് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളല്ലാത്ത മറ്റ് ഉദാരമനസ്‌കരും സംഭാവനയുമായെത്തി.

കുറഞ്ഞ ചെലവില്‍ വീടു നിര്‍മ്മിക്കാന്‍ തയ്യാറായി പയ്യോളിയിലെത്തന്നെ എഞ്ചിനീയറായ മോഹന്‍ദാസും, പണിക്കായി രാജനും സംഘവും, സഹായവുമായി നാട്ടുകാരായ ഷാജിയും, ശശിഭൂഷണും, പിന്തുണയുമായി തിക്കോടി പഞ്ചായത്തും മുന്നോട്ടു വന്നതോടെ ‘രമയ്‌ക്കൊരു വീട്’ പദ്ധതിക്കു തുടക്കമായി.

ജൂണ്‍മാസത്തില്‍ നിര്‍മ്മാണം തുടങ്ങിയെങ്കിലും മഴമൂലം നാലഞ്ചുമാസത്തോളം കാര്യമായ പുരോഗമനമുണ്ടാക്കാന്‍ സാധിച്ചില്ല. മഴവെള്ളമൊലിച്ചിറങ്ങുന്ന ചെറ്റക്കുടിലിലിരുന്ന് തന്റെ വീടിനെ സ്വപ്‌നം കണ്ടു രമ കവിത കുറിച്ചു. ‘മഴയില്‍ കേഴും മനസ്സേ, മിഴിനീരില്‍ കുതിരും കവിതേ, നമുക്കൊരുമിച്ചിനിയൊരു വരിയെഴുതാം, കുളിരും കനവായ് നിനവില്‍ നിറയും, ചെറിയൊരു വീടിന്‍ കഥയെഴുതാം’.

മഴ ശമിച്ചയുടനെ നിര്‍മ്മാണം പുനരാരംഭിച്ചെങ്കിലും പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ വീണ്ടുമുണ്ടായി. പഴയ ഒരു മാനസികവിഭ്രാന്തി രമയില്‍ വീണ്ടുമുയര്‍ന്നു. അച്ഛന്റെ ക്ഷയരോഗം മൂര്‍ച്ഛിച്ചു. രണ്ടുപേര്‍ക്കും സാമാന്യനിലയിലെത്താന്‍ സമയം വേണ്ടിവന്നു. പിന്നെ സാധാരണയുള്ള മണല്‍ ക്ഷാമം, തൊഴിലാളി ദൗര്‍ലഭ്യം മുതലായ തടസ്സങ്ങളും.

‘എന്റെ അച്ഛനു ചോരാത്ത പുരയില്‍ക്കിടന്നു മരിക്കാനാകുമോ സാറേ?’, രമയുടെ നിസ്സഹായത അണപൊട്ടിയ നിമിഷങ്ങള്‍. ഞങ്ങള്‍ വീണ്ടും ഊര്‍ജ്ജസ്വലരായി. ഓരോ ഘട്ടത്തിലും രമയിലുണ്ടായ ഭാവമാറ്റങ്ങള്‍ ഞങ്ങള്‍ക്കു പ്രചോദനമായി.

കുറച്ചു നാളത്തെ ശ്രമഫലമായി രമയുടെ വീടുയര്‍ന്നുവന്നു. ചെറ്റക്കുടിലിനു മുന്നിലെ നിസ്സംഗത നിറഞ്ഞ മുഖത്ത്, മന്ദസ്മിതം വിരിഞ്ഞു. പിന്നീടതു തോരാത്ത ചിരിയായി. സന്തോഷം, ആത്മവിശ്വാസം, ആത്മാഭിമാനം. അന്നോളമറിയാത്ത വികാരങ്ങള്‍ അവളില്‍ അല തല്ലി. രോഗമൂര്‍ഛയില്‍ ഏതാണ്ടു നിര്‍ജ്ജീവമായ അച്ഛന്റെ മുഖത്തും ഒരു പുഞ്ചിരി വിടര്‍ന്നു.

വീടിനെന്തു പേരിടുമെന്ന ചോദ്യത്തിനുത്തരം ഉടനടി തന്നു രമ.

‘എനിക്കാദ്യായി കിട്ട്ണ നേട്ടമല്ലേ സാറെ. ഞാനിതിനെ ‘ആദിമ’ എന്നു വിളിച്ചോട്ടേ?’

 

രമയുടെ ജീവിതത്തിനൊരു പുതിയ തുടക്കമായി, കഴക്കൂട്ടം സൈനിക്‌സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സാമൂഹ്യ സേവനപാതയിലെ ആദ്യപടിയായി ‘ആദിമ’ തയ്യാറായി. ജനുവരി മൂന്നാം തിയ്യതി, ഇന്ന്, ഞങ്ങളുടെ പുതുവത്സര സമ്മാനമായി ആ ഭവനം രമയ്ക്കു കൈ മാറി.

പള്ളിക്കരയില്‍, വീടിനടുത്തു നടന്ന ലളിതമായ ചടങ്ങില്‍ ഇരുപത്തിയഞ്ചോളം പൂര്‍വ്വവിദ്യാര്‍ത്ഥികളും, കുടകില്‍ നിന്നെത്തിയ പൂര്‍വ്വ അദ്ധ്യാപകന്‍ എം.കെ പൂനച്ചയും, നാട്ടുകാരും പങ്കെടുത്തു. പുതിയ വീടിന്റെ താക്കോല്‍ സമ്മാനിച്ചത് സൈനിക് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹരി അശ്വിന്‍. തന്റെ പോക്കറ്റ്മണി സ്വരൂപിച്ച് ഈ കൊച്ചുമിടുക്കന്‍ തന്റേതായ ഒരു സമ്മാനവും രമയ്ക്കു നല്‍കി. തനിക്കൊരു തണലേകിയ പൂര്‍വ്വവിദ്യാര്‍ത്ഥികളോടെന്നും കടപ്പാടുണ്ടാകുമെന്നു പറഞ്ഞ രമ, ഹരി അശ്വിന്റെ സമ്മാനമായ നിലവിളക്ക് ‘ആദിമ’യോളംതന്നെ തനിക്കു പ്രിയപ്പെട്ടതാണെന്നു നിറമിഴികളോടെ പറഞ്ഞു. പന്ത്രണ്ടുകാരനായ ഹരിയിലൂടെ അടുത്ത തലമുറയേയും സാമൂഹ്യസേവനപാതയിലേക്കാനയിക്കാനായി.

ജീര്‍ണ്ണിച്ച ജീവിതത്തിനു വിട പറഞ്ഞ്, ശേഷികുറഞ്ഞ കാലിലേന്തി, രോഗിയായ അച്ഛന്റെ കൈ പിടിച്ച്, ‘ആദിമ’യുടെ പടിവാതില്‍ കടന്നപ്പോള്‍, ആത്മാഭിമാനത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും പടികള്‍ കയറുകയായിരുന്നു രമ. കൂടെ സാമൂഹ്യസേവനത്തിന്റെ ആദ്യപടികള്‍ ചവിട്ടി ഞങ്ങളും.

 

ജോബി വര്‍ഗീസ്

ചാലക്കുടി സ്വദേശിയാണ് ജോബി വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍. ലോകസിനിമയെ കുറിച്ചുള്ള എഴുത്തുകള്‍ സിനിമ ജാലകത്തിലൂടെ വായിക്കാം

More Posts

Follow Author:

This post was last modified on January 3, 2015 12:20 pm