X

സഖാവ്; ഒരു സാഹിത്യ ചോരണത്തിന്റെ കഥ

വര്‍ഗ്ഗീസ് ആന്‍റണി

സഖാവ് എന്ന കവിതയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അവകാശത്തർക്കത്തിന്റെ കഥ രസകരമാണ്. സാഹിത്യ ചോരണമാണല്ലൊ വിഷയം. ഫേസ്ബുക്കിൽ ലഭിക്കുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് ഒരന്വേഷണം നടത്തി. കവിത ആദ്യം ചൊല്ലി പ്രചാരത്തിലാക്കിയ ചെറുപ്പക്കാരൻ മരിച്ചതുൾപ്പെടെ കഥയിലുടനീളം ട്വിസ്റ്റുകളാണ്. മനസിലായ കാര്യങ്ങൾ ഇങ്ങനെ ഓർഡറിൽ നിരത്താം.

1. തലശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന ആര്യ ദയാൽ എന്ന പെൺകുട്ടി സഖാവ് എന്ന് പേരുള്ള ഒരു കവിത ചൊല്ലി വീഡിയോ പകർത്തുന്നു. സോഷ്യൽ മാധ്യമങ്ങളിലെ അഭിനവ പാണൻമാർ അത് ഷെയർ ചെയ്ത് വൈറലാക്കുന്നു. രണ്ടാഴ്ച മുൻപ് തൊട്ടാണ് കവിത തരംഗമായിത്തുടങ്ങിയത്. മന്ത്രി തോമസ് ഐസക്കും എം.സ്വരാജ് എം.എൽ.എയുമെല്ലാം ഇതിന്റെ വീഡിയോ ഷെയർ ചെയതവരിൽപ്പെടുന്നുണ്ട്.

2. കോട്ടയം സി.എം.എസിൽ ഡിഗ്രി പഠിച്ച, ഇപ്പോൾ എം.ജി. യൂണിവേഴ്‌സിറ്റി ക്യാംപസിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എക്ക് പഠിക്കുന്ന സാം മാത്യുവിന്റെ സൃഷ്ടി എന്ന നിലയിലാണ് ഇത് പ്രസിദ്ധിയാർജിച്ചത്. 2012-13 അദ്ധ്യയന വർഷത്തിലെ സി.എം.എസ്. കോളേജ് മാഗസിനിൽ സാമിന്റെ പേരിൽ ഈ കവിത അച്ചടിച്ച് വന്നിരുന്നു. കവിത വൈറലായതോടെ സാമിന് ഒരു സിനിമയിൽ പാട്ടെഴുതാനുള്ള അവസരവും കൈവന്നു.

3. പാലക്കാട് ജില്ലക്കാരിയായ പ്രതീക്ഷ ശിവദാസ് എന്ന പ്ലസ് ടു വിദ്യാർത്ഥിനി സഖാവ് എന്ന കവിത താൻ എഴുതിയതാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നു. പ്രതീക്ഷയുടെ ചില സുഹൃത്തുക്കൾ ഇതിനെ പിന്തുണച്ച് രംഗത്തെത്തി. 2013 ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ താൻ എഴുതി എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റിലേക്ക് അയച്ചതാണ് ഇതെന്ന് പ്രതീക്ഷ പറയുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ പഠിച്ചിരുന്ന എസ്.എഫ്.ഐ പ്രവർത്തകനായ തന്റെ ചേട്ടന്റെ അനുഭവങ്ങളാണ് കവിതക്ക് വിഷയമായതെന്നും ആ കുട്ടി പറയുന്നുണ്ട്. സാമിന്റേതെന്ന് പറഞ്ഞ് പുറത്ത് വന്ന കവിതയിൽ തന്റേതല്ലാത്ത ആറു വരികൾ ഉണ്ട്. ബാക്കിയെല്ലാം അതുപോലെ തന്നെയുണ്ടെന്നാണ് പ്രതീക്ഷയുടെ ആരോപണം.

4. ഈ കവിതയുടെ രണ്ട് വീഡിയോകൾ ആര്യ പാടും മുൻപേ പ്രചാരത്തിലുണ്ട്. ഒന്ന് ഹരി കോവിലകം എന്ന ചെറുപ്പക്കാരൻ പാടിയത്. മറ്റൊന്ന് സാം പാടിയത്. ഹരി പാടിയതിൽ പ്രതീക്ഷ പറയുന്ന ആറ് വരികൾ ഇല്ല. എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ കവിത കിട്ടിയതെന്ന് ചോദിക്കാൻ ഹരി ഇന്ന് ജീവിച്ചിരിപ്പില്ല. കുറച്ച് നാൾ മുൻപ് അദ്ദേഹം മരിച്ചു. അടുത്ത കാലത്താണ് സാമിന്റെ വീഡിയോ വരുന്നത്. 

ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങൾ നടത്താമെന്ന് കരുതുന്നു: 

ഒന്നാമതായി ഈ കവിതക്ക് ഒരു പെൺ പേഴ്‌സ്‌പെക്ടീവ് ഉണ്ട്. കോളേജിൽ മുദ്രാവാക്യങ്ങൾ മുഴക്കി സമരം നടത്തുന്ന സഖാവിനെ കോളേജ് മുറ്റത്തെ പൂമരം പ്രണയിക്കുന്നതാണ് അതിന്റെ തീം. പെൺ സഖാവിനെയല്ല പൂമരം പ്രണയിക്കുന്നത് എന്നോർക്കണം. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ വാദങ്ങളെ തള്ളിക്കളയാനാകില്ല എന്നാണ് തോന്നുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒരു കുട്ടിക്ക് ഇങ്ങനൊക്കെ എഴുതാൻ കഴിയുമോ എന്നതാണ് അപ്പോൾ ഉയരുന്ന പ്രധാന സംശയം. വിദ്യാരംഗത്തിന്റെ ജില്ലാതല കോഓർഡിനേറ്ററായ ഒരു അദ്ധ്യാപകൻ പ്രതീക്ഷ ശിവദാസിനെക്കുറിച്ച് ഒരിടത്ത് കമന്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി സ്‌കൂൾ യുവജോനോത്സവം മുതൽ സകല കവിതാ മത്സരങ്ങളിലും വിജയിക്കുന്ന കുട്ടിയാണെന്ന് അദ്ദേഹം പറയുന്നു. ആ കുട്ടി നുണ പറയാനിടയില്ലെന്നും അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവൾ ഇതിലും ഗഹനമായ വിഷയങ്ങൾ എഴുതിയിട്ടുണ്ടെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു.

രണ്ട് രസകരമായ ‘പിഴവുകൾ’ കവിതയിലുണ്ട്. ഒന്നാമത്തേത് നേരത്തേ ചർച്ചയായതാണ്. സെമസ്റ്റർ കാലത്ത് കൊല്ലപ്പരീക്ഷ എന്നെഴുതുമോ എന്ന്. സ്‌കൂൾ കുട്ടി എഴുതിയതാണെന്ന സംശയത്തിന് ബലം കൂടാനേ ഇത് സഹായിക്കൂ. അവൾക്ക് സെമസ്റ്റർ സമ്പ്രദായം അറിയണമെന്നില്ലല്ലോ.

മറ്റൊന്ന് ‘പീത പുഷ്പങ്ങൾ പൊഴിക്കുന്ന’ എന്ന പ്രയോഗമാണ്. വിപ്ലവ പ്രണയ കവിതയിൽ പീത വർണത്തിന് എന്ത് പ്രാധാന്യം. മഞ്ഞപ്പൂക്കൾ പൊഴിക്കുന്ന വാക മരങ്ങളുണ്ടല്ലോ എന്ന് ചോദിക്കാം. പക്ഷേ, ചുവപ്പല്ലേ വരാൻ സാധ്യത എന്ന് ആരും കരുതിപ്പോകും. ‘തരിക നീ പീതസായന്തനത്തിന്റെ നഗരമേ’ എന്ന് ചുള്ളിക്കാട് എഴുതിയതിന് ശേഷം ആധുനിക കവിതയിലേക്ക് നെഞ്ച് വിരിച്ച് കയറി നിന്ന പുള്ളിയാണ് ‘പീതം’ എന്ന വാക്ക്. അതിന് മുൻപ്/ശേഷവും എസ്.എൻ.ഡി.പി യുടെ റാലി നടന്നതിന്റെ പിറ്റേ ദിവസം ‘ ആലപ്പുഴ പീത സാഗരമായി’ എന്ന് തലക്കെട്ട് കൊടുക്കാൻ പത്രങ്ങൾ ഉപയോഗിച്ചിരുന്ന വാക്കാണിത്. മഞ്ഞക്കൊടികൾ നിറഞ്ഞ ഒരു ചിത്രവും ഒപ്പമുണ്ടാകും. ചുള്ളിക്കാടിനെ വായിച്ച് കൊതിപൂണ്ട ഒരു സ്‌കൂൾ കുട്ടി ഇതെടുത്ത് പ്രയോഗിച്ചാൽ ഒന്നും പറയാനില്ല. ഇംഗ്ലീഷ് സാഹിത്യ ബിരുദം പഠിക്കുന്ന ഒരാൾ വിപ്ലവ പ്രണയ കവിതയിൽ മഞ്ഞപ്പൂക്കൾ വച്ചാൽ, അവൻ പിടികിട്ടാത്ത കേമനായി കാണേണ്ടി വരും.

മറ്റൊരു വശം കൂടി പ്രതീക്ഷക്ക് പിന്തുണ നൽകുന്നുണ്ട്. തന്റേതല്ലെന്ന് പ്രതീക്ഷ പറയുന്ന വരികളൊഴികെ മറ്റെല്ലാ വരികളും താളബദ്ധമാണ്. കൂട്ടിച്ചേർത്തതെന്ന് പറയുന്ന ആറ് വരികൾ വേറിട്ട് നിൽക്കുകയാണ്. കവിതയുടെ ഈണത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് സംശയം തോന്നും അവ വായിച്ചാൽ.

ആരോപണം പുറത്തുവന്നിട്ട് ഒരു ദിവസം പിന്നിട്ടിരിക്കുന്നു. സാമിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ കാണാനില്ല. മിണ്ടാതിരിക്കുന്നത് ചിലരെങ്കിലും തെറ്റിദ്ധരിക്കാൻ ഇടയാക്കില്ലെ.

എസ്.എഫ്.ഐയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റിന്റെ സുഹൃത്താണ് സാം മാത്യു. ഇരുവരും സി.എം.എസിൽ പഠിച്ചവർ. ജെയ്ക്കിനെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയതുമായി ബന്ധപ്പെട്ട സമരത്തിൽ സാം ഉണ്ടായിരുന്നു. ആ അനുഭവമാണ് സഖാവ് എഴുതാൻ പ്രേരിപ്പിച്ചതെന്ന് സാം പറഞ്ഞിട്ടുണ്ട്. ജെയ്ക്ക് സംസ്ഥാന പ്രസിഡന്റാകും മുൻപേ സ്റ്റുഡന്റ് മാസികയുടെ എഡിറ്റർ സ്ഥാനത്ത് എത്തി എന്നാണ് മനസിലാകുന്നത്. അത് എന്ന് മുതലാണെന്ന് വിഷയത്തിൽ താത്പര്യമുള്ള ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിച്ചാൽ പ്രതീക്ഷ ശിവദാസിന്റെ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാം. പൈങ്കിളി എന്നൊക്കെ ആളുകൾ വിളിക്കുന്നുണ്ടെങ്കിലും സാഹിത്യ മോഷണം ചെറിയ കലയല്ലല്ലോ. കോട്ടയത്ത് ബാറ്റൺബോസ് ഫാൻസായ അശ്വാരൂഢ ഡിറ്റക്ടീവുകൾ ആരെങ്കിലുമുണ്ടെങ്കിൽ അന്വേഷിക്കണമെന്നപേക്ഷ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 
സഖാവ് 

നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ?
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യ-
മില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
എത്ര കാലങ്ങളായി ഞാനീയിട-
ത്തെത്രപൂക്കാലമെന്നെതൊടാതെ പോയി
നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം,
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പെയ്ത പുഷ്പങ്ങൾ ആറികിടക്കുന്നു
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നു എന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ…
വരും ജന്മമുന്ടെകിലീ പൂമരം
നിന്റെ ചങ്കിലെ ചുവന്ന പൂവായ് പിറന്നിടും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on August 8, 2016 12:30 pm

Related Post
Leave a Comment