X

ഒരു നിമിഷം കൊണ്ട് അടിച്ചുകൊടുക്കപ്പെടുന്ന ഭീകരവാദി സര്‍ട്ടിഫിക്കറ്റുകള്‍

റിബിൻ കരീം 

ഫ്രാന്‍സിസ്കോ സാഗ്ടിസിന്‍റെ’നീണ്ട രാത്രി’ എന്നൊരു നോവലുണ്ട് 1970കളില്‍ അര്‍ജന്‍റീനയില്‍ നിലനിന്ന ഏകാധിപത്യഭരണത്തിന്‍റെ നൃശംസതയുടെ ആവിഷ്കാരമായ ഈ കൃതിയുടെ അവസാനത്തെ അധ്യായം ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഒരു റിപ്പോര്‍ട്ടാണ്. 19 വയസ്സുമുതല്‍ 41 വയസ്സുവരെയുള്ള 13 വ്യക്തികളുടെ പേരുകള്‍ മാത്രമടങ്ങുന്ന അവസാനത്തെ അധ്യായത്തിലെ വിദ്യാര്‍ഥിയും കവിയും അധ്യാപകനും വക്കീലും തൊഴിലാളിയുമെല്ലാം1976 മാര്‍ച്ചിനും 1977 ജൂലൈ മാസങ്ങള്‍ക്കുമിടയില്‍ അര്‍ജന്‍റീനയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തശേഷം അപ്രത്യക്ഷരായവരാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് അക്കാലയളവില്‍ അര്‍ജന്‍റീനയില്‍ അപ്രത്യക്ഷരായവര്‍30,000 പേരാണ്. ഭരണകൂട ഭീകരതയുടെ നടുക്കുന്ന ഈ ചരിത്രം കഥയും കവിതയും ചലച്ചിത്രവും ഓര്‍മകളും ഇനിയും അവസാനിക്കാത്ത പ്രതിഷേധങ്ങളുമായി അര്‍ജന്‍റീനയിലെയും ലാറ്റിനമേരിക്കയുടെയും പൊതുമണ്ഡലത്തില്‍ അണയാത്ത കനലായി നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഇതൊരു അർജന്റീനയുടെ മാത്രം അവസ്ഥ അല്ല മനുഷ്യാവകാശ ലംഘനങ്ങൾ അധികം ഉള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ പേരും ആംനസ്റ്റിഇന്‍റര്‍നാഷണൽ പുറത്തു വിട്ടിരുന്നു.

ഇന്നത്തെ സുപ്രഭാതം പിറന്നത് ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയുമായാണ്.ദേശീയ ഗാനത്തെ അപമാനിച്ചു എന്നതിന്റെ പേരിലും ഫെയ്സ്ബുകിൽ “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല” എന്നു തുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ വരികൾക്ക് പാരഡി തീർത്തുകൊണ്ട് ദേശീയതയെ അപമാനിച്ചു എന്നും ആരോപിച്ച് കൊണ്ട് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത സല്‍മാന്‍ എന്ന വിദ്യാര്‍ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.  

നേരത്തെ തിരുവനന്തപുരം ജില്ല കോടതി സൽമാന് ജാമ്യം നിഷേധിക്കുകയും കൊലപാതകത്തെക്കാൾ വലിയ കുറ്റമാണ്സല്‍മാന്‍ ചെയ്തതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

മലയാളത്തിലെ ഏറ്റവും നല്ല ഭ്രമാത്മക സൃഷ്ടികള്‍ നടത്തിയിട്ടുണ്ടാവുക പൊലീസുകാരും അവരെ പിന്തുടര്‍ന്ന് മാധ്യമങ്ങളും ആയിരിക്കും എന്ന് തോന്നുന്നു.  ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി അനുശാസിക്കുന്ന ചില നടപടി ക്രമങ്ങളുണ്ട് സല്‍മാന്‍റെ കാര്യത്തില്‍ ഇവ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. രാജ്യം നിരോധിച്ച ഏതോ സംഘടന പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന പ്രതീതി മുന്‍പ് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത സൽമാന് മേല്‍ ഉണ്ടായത് എന്തുകൊണ്ടായിരിക്കും എന്ന് ഗൌരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിൽ അറിവ് ആണ് പ്രധാനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെത്. ജനാധിപത്യക്രമത്തിന്‍റെ കടന്നുവരവോടെ അപ്രസക്തമായ ഫാഷിസം അതിന്‍റെ അദ്യശ്യമായ സങ്കീര്‍ണതകളോടെ പുതിയ കാലത്തും സജീവമായി നിലനില്‍ക്കുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ആണ് സോനാ സോറി മുതൽ അബ്ദുള്‍ നാസർ മദനി വരെ നീളുന്ന പട്ടിക.

സോഷ്യൽ മീഡിയയിൽ ഒരു കൂട്ടര് സൽമാന് “രാജ്യദ്രോഹ” പട്ടം ഇതിനോടകം ചാർത്തി കഴിഞ്ഞു.  ദേശീയ ചിഹ്നങ്ങളും ബിംബങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലൂടെ സ്റ്റേറ്റും കോടതിയും പൊതുബോധത്തിനു വഴി കാട്ടിക്കൊടുത്ത് പൌരന്റെ വ്യക്തി സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം പൂര്‍ത്തിയാക്കുകയാണ്. സൽമാൻ ചെയ്തത് രാജ്യദ്രോഹ കുറ്റം ആണെന്ന് നിരീക്ഷിക്കുന്നവർ രാജ്യദ്രോഹം എന്നാൽ എന്താണ് എന്ന് കൂടി വ്യക്തമാക്കാൻ തയ്യാറാകണം.  സര്‍ക്കാരിന്റെയോ രാജഭരണത്തിന്റെയോ അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുക എന്നതാണ് രാജ്യദ്രോഹം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരാളെ ഭീകരവാദി ആയി സ്റ്റേറ്റ് മുദ്ര കുത്തിയാൽ അവൾ/അവൻ പിന്നീട് എല്ലാ കാലത്തും സ്റ്റേറ്റിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെയും നോട്ടപ്പുള്ളി ആയിരിക്കും. യു എ പി എ, 66 എ പോലെ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുമ്പോൾ ഭരണകൂടത്തിനു ലഭിക്കുന്ന സ്വാതന്ത്രത്തിന്റെ അനിർവചനീയമായ അഴിഞ്ഞാട്ടങ്ങളിലൊന്നു മാത്രമാണ് സൽമാൻ വിഷയം. 

മുസ്ലീം ചെറുപ്പക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് നമ്മുടെ പത്ര മാധ്യമങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. സൽമാൻ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ പാളിച്ചകൾ ചൂണ്ടി കാണിക്കാനോ സല്‍മാന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ അദ്ധ്യക്ഷനായുള്ള സല്‍മാന്‍ ജസ്റ്റിസ്‌ ഫോറം നടത്തിയ വാർത്താ സമ്മേളനങ്ങളും കുറിപ്പുകളും  പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനോ മുഖ്യധാര മാധ്യമങ്ങള്‍തയാറായിട്ടില്ല എന്നത് നിരാശാജനകം ആണ്.

സല്‍മാനെ കൂട്ടം ചേർന്ന് ആക്രമിക്കുന്നവരെ ഏറെ മുറിവേൽപ്പിച്ചിട്ടുള്ളത് അയാളുടെ ദേശീയതയോടുള്ള അവജ്ഞ ആയിരിക്കണം. അതൊരു കുറ്റം ആയി കാണുക പ്രയാസം ആണ്. കൃത്യമായ കാഴ്ചപ്പാടും രാഷ്ട്രീയവും ഉള്ള അദ്ദേഹത്തോട് നമുക്ക് വിയോജിക്കാം, വിമർശിക്കാം. അതിനപ്പുറത്തേക്കുള്ള അടിച്ചേൽപ്പിക്കലുകൾ ഭൂഷണം അല്ല.

കൊലപാതകത്തെക്കാൾ വലിയ കുറ്റം എന്ന് കണ്ടെത്തിയ ജില്ലാ കോടതിയെ മറികടന്ന്‍ ഹൈക്കോടതി സൽമാന് ജാമ്യം അനുവദിച്ചത് ഏറെ പ്രതീക്ഷ ഉണര്ത്തുന്നു. ആശങ്കകൾ ഇനിയും ബാക്കി നില്ക്കുന്നുണ്ട്. എന്നിരുന്നാൽ പോലും കോടതികൾ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജന വികാരം മാനിച്ചു അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നശേഷം വർഷങ്ങൾ കഴിഞ്ഞു ആ പ്രസ്താവനപിന്‍വലിക്കുന്നു എന്ന് പറയേണ്ടി വന്നത് എന്തുകൊണ്ടെന്ന്സ്വയം വിചിന്തനം നടത്താൻ കോടതികൾ തയ്യാറാവണം.

നീതി,നിയമം തുടങ്ങിയ പദാവലികളുടെ അര്‍ഥം ചോര്‍ന്നുപോവുകയും വ്യക്തികള്‍ നിസ്സഹായരായിത്തീരുകയുംചെയ്യുന്ന ഭരണകൂട ഭീകരതയുടെ ഇരകള്‍ നമുക്ക് മുന്നില് ഏറെയുണ്ട്.  റാബ്രി ദേവിയും, ശശി തരൂരും ചെയ്തതിനപ്പുറം ഒന്നും സല്‍മാന്‍ ചെയ്തെന്നു  ഞാൻ കരുതുന്നില്ല ഒരേ സ്വഭാവം ഉള്ള കുറ്റങ്ങളിൽ ഇരട്ട നീതി കൽപ്പിക്കുന്നത് ജനാധിപത്യ രാജ്യത്തിനും കോടതികള്‍ക്കും കളങ്കം തന്നെയാണ്.

നദിക്കരയിലെ വൃക്ഷം കണ്ണീരുപോലെ ഇലകള്‍ പൊഴിക്കുന്നു എന്നും അത് തീരത്ത് വീണ്ടും വീണ്ടും കണ്ണീര് പരത്തുന്നുവെന്നും ഒരു കവിതയില്‍ അഡോണിസ്. നീതി കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ കണ്ണുനീര്‍ ഒരു സമുദ്രത്തോളം വലുപ്പത്തിൽ നമ്മുടെ മുൻപിൽ ഉണ്ട്. ആ ശ്രേണിയിലേക്ക് സല്‍മാനെപ്പോലെ ഉള്ള ചെറുപ്പക്കാരെ കൂട്ടി ചേര്‍ക്കുന്നത് കൊണ്ട് നഷ്ടപ്പെടുന്നത് ഇന്നിന്റെ നിലപാടുകളുള്ള യുവജനതയെയാണ്‌. ഒരു നിമിഷം കൊണ്ട് ആര്‍ക്കും ഭീകരവാദി സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുക്കാം. ഒരു ജന്മം മുഴുവൻ അത് പേറി ജീവിക്കേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്.

കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമങ്ങൾ, സാധാരണ പൗരന്മാരെ മാത്രം ബാധിക്കുന്ന യു എ പി എ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന 66 എ, സല്‍മാനെതിരെ ചുമത്തിയ 124A (124 A യെ കുറിച്ച് ഗാന്ധി തന്നെ പറയുന്നത് “Sedition is the prince among the political sections of the Indian Penal Code designed to suppress the liberty of the citizen.”  എന്നാണ്) തുടങ്ങിയ  നിയമങ്ങൾ എല്ലാം തന്നെ ഭേദഗതി ചെയ്യുകയോ ഇവയുടെ വ്യാപകമായുള്ള   ദുരുപയോഗം അവസാനിപ്പിക്കാൻ കോടതികൾ അടിയന്തിരമായി   നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം 1000 അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ജുഡീഷ്യറിയുടെ ആപ്ത വാക്യത്തിന് യാതൊരു വിലയും ഇല്ലാതെ ആയിപ്പോകും.

 

This post was last modified on September 22, 2014 7:23 pm