X

സഖാവേ, സ്ത്രീപക്ഷ രചന എന്നു തന്നെയാണോ പറഞ്ഞത്?

നിയതി ആര്‍. കൃഷ്ണ

പങ്കാളികള്‍ പരസ്പരം തിരഞ്ഞെടുക്കുന്ന പ്രണയവിവാഹം പാപവും marital rape നാട്ടുനടപ്പുമാകുന്ന ഒരു സംസ്കാരത്തില്‍ നിന്ന് പിറവി കൊള്ളുന്ന മറ്റൊരു തലമുറ ‘തനിക്കൊരു ബീജം അടിച്ചേല്‍പ്പിച്ച ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ വര്‍ണന’ കവിതയായി എഴുതിയതില്‍ കരയണോ ചിരിക്കണോ എന്ന് അറിയില്ല… പക്ഷേ, സ്ത്രീപക്ഷ രചന എന്നൊക്കെ പറഞ്ഞാല്‍ ‘അതേത് സ്ത്രീ?’ എന്ന് ചോദിക്കേണ്ടി വരും.

 

പണ്ട്  ‘കുട്ടി, പെട്ടി, മമ്മൂട്ടി’ സിനിമകളില്‍ മുതല്‍, എന്തിനധികം, അടുത്ത കാലത്തെ ദൈവത്തിന്റെ ‘സ്വന്തം’ ക്ലീറ്റസില്‍ വരെ, കുറെയധികം കണ്ടിട്ടുള്ള ഒന്നാണ് നായകന്‍ ‘ബലാത്സംഗി’, അല്ലെങ്കില്‍ ബലാത്സംഗി ‘നായക’നാകുന്നത്. [നമുക്ക് ഇതൊന്നും പുതുമയല്ല. ഒന്നുമില്ലെങ്കിലും സ്വന്തം ഭാഷയില്‍ പീഡകനെ ‘വീരന്‍’ എന്ന വിശേഷണം ചേര്‍ത്ത് വിളിക്കുന്നതിലെ അനൌചിത്യബോധം പോലും ചോദ്യം ചെയാത്തവരാണ് നമ്മള്‍]. എന്നാല്‍, ആ സിനിമകളിലെ നായികമാര്‍ പോലും, മിനിമം, ആ ബീജത്തെ കാല്‍പ്പനികമായി ചുമന്നുകൊണ്ട് നടന്നവരല്ല. അത് അതുവരെ സല്‍സ്വഭാവിയായ, തന്റെ ഒരു നിമിഷത്തിന്റെ കൈയബദ്ധത്തില്‍ പശ്ച്ചാത്തപിക്കുന്ന നായകന്റേതായാല്‍ പോലും!

 

എന്നാല്‍ ഇവിടുത്തെ ‘നായിക’ വ്യത്യസ്തയാണത്രേ! അവള്‍ ‘നിലാവായി ഉള്ളില്‍ വഹിക്കുന്ന’ ബീജത്തിനുടമയെ സ്നേഹിക്കുന്നു. ഈ കാര്യം ബലാത്സംഗിക്ക് അറിയാമോ, അതോ അതും പറയാന്‍ പേടിയായിരുന്നോ എന്ന് അറിയില്ല. എന്തായാലും, പണ്ടത്തെ, സഖാവിനെ പ്രണയിക്കുന്ന, അത് പറയാന്‍ പേടിയായിരുന്ന, പൂമരത്തെ ഒന്ന് എമ്പവര്‍ ചെയ്യിക്കാന്‍ നോക്കിയതാവാം ഈ കവിതയില്‍ കവി. അങ്ങനെയെങ്കില്‍ സിതാരയുടെ ‘അഗ്നി’ എന്ന ചെറുകഥയെ പറ്റി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  കൂട്ട ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടി സ്നേഹം കൊണ്ടല്ല, ആത്മവിശ്വാസം കൊണ്ട് പ്രതികാരം ചെയ്യുന്നത് എങ്ങനെയെന്നു കവി പലതവണ വായിച്ചു പഠിക്കേണ്ട ഒന്നാണാ കഥ. ഒന്നുമില്ലെങ്കിലും ഭാഷയുടെയും ക്രിയാത്മകതയുടെയും ശൈലിയുടേയും പേരിലെങ്കിലും കവിക്ക് ഉപകാരപ്പെടും.

 

 

‘സ്നേഹം കൊണ്ടുള്ള പ്രതികാരം’ എന്നൊക്കെയുള്ള വീരവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോ വല്യ സംഭവമാണ് എന്ന് തോന്നുമെങ്കിലും എന്ത് കൊണ്ടാണ് ബലാത്സംഗത്തിന് ‘ഇര’യായ സ്ത്രീയുടെ അച്ഛനോ ആങ്ങളയോ പുരുഷാരമോ കയ്യൂക്ക് കൊണ്ടുള്ള പ്രതികാരവും (“അവന്റെ ലിംഗം ഛേദിക്കെടാ..”, “അവനെ തല്ലിക്കൊല്ലെടാ…”, “കൃഷ്ണപ്രിയയുടെ അച്ഛനെ കണ്ടു പഠിക്കണം” എന്നൊക്കെയുള്ള ഫെയ്സ്ബുക്ക് ആഹ്വാനങ്ങളുള്‍പ്പെടെ), എന്നാല്‍ ‘ഇര’ സ്വയം സ്നേഹത്തിന്റെ പ്രതികാരവും തിരഞ്ഞെടുക്കണമെന്ന് കവിക്ക് തോന്നുന്നത്?

 

സ്ത്രീ എന്തുകൊണ്ടാണ് എപ്പോഴും ശാന്തശീലയായ അമ്മയാകണം എന്ന് വിധിക്കുന്നത്? ഇത്തരം ചിന്തകള്‍ പിന്‍പറ്റുന്നത് തന്നെ ഒരു ബലാത്സംഗ സംസ്കാരമാണെന്നുള്ളതാണ് ഏറ്റവും വലിയ വൈപരീത്യം. പുരുഷന്റെ അധികാരത്തെയും സ്ത്രീയുടെ വിധേയത്വത്തെയും നമ്മള്‍ ഒരിക്കല്‍ കൂടി ആണിയടിച്ച് ഉറപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അത് റേപ്പിനെതിരെ സംസാരിക്കുമ്പോഴായാല്‍ പോലും.

 

റേപ്പിലൂടെ ഗര്‍ഭിണിയായ യുവതി തന്നെ ഗര്‍ഭചിദ്രം നടത്താന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ “അത് വേണ്ട, ധൈര്യമായി പ്രസവിച്ചോളൂ” എന്ന് പ്രസ്താവിച്ച ജഡ്ജിക്കും ഒരുപക്ഷെ ഇതേ തരത്തിലുള്ള, പുരുഷനാല്‍ തീരുമാനിക്കപ്പെട്ട ‘സ്ത്രീപക്ഷ’ ചിന്ത ആയിരുന്നിരിക്കണം. അതുകൊണ്ടാണ് ഇവരെല്ലാം തന്നെ, ബലാല്സംഗിയെക്കാള്‍ ഒട്ടും മോശമല്ലാത്ത വിധം, പുരുഷബീജത്തെ വീണ്ടും വീണ്ടും ഒരു സ്ത്രീയിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. ഇതേ കവിയുടെ തന്നെ, കോപ്പിയടി ആരോപണങ്ങളുടെ പേരില്‍ വിവാദമായ ‘സഖാവ്’ എന്ന കവിത അതിന്റെ വൈറാലിറ്റി ഘടകമായ ‘സ്ഥിരംപൈങ്കിളി’യുടെ പേരില്‍ വിമര്ശിക്കപ്പെട്ടപ്പോള്‍, ഒരു യുവകവി എന്ന നിലയില്‍ അയാളോട് കുറച്ച് ഇളവ് കാട്ടാമായിരുന്നു എന്നേ എനിക്ക് തോന്നിയുള്ളൂ. എന്നാല്‍ സമൂഹമന:സാക്ഷിയോട് പോലും നീതി പുലര്‍ത്താതെ, അരാഷ്ട്രീയമായി ഇടപെടുന്ന ഒരാളാണ് കവിയെന്നാണ് ഈ പുതിയ കവിതയുടെ വരികള്‍ വായിക്കുമ്പോള്‍ മനസിലാകുന്നത്.

 

ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍മുതല്‍, അതും ആണ്‍-പെണ്‍ ഭേദമന്യേ, ബലാത്സംഗത്തിന് ഇരയാവുന്ന കാലത്ത്/നാട്ടില്‍, അസാമാന്യ ഉളുപ്പില്ലായ്മ വേണം ഇങ്ങനെയൊക്കെ എഴുതിവിടാനും അതിനെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും. പതിനേഴു തികയാത്ത പാല്‍ക്കാരന്‍ പയ്യനെ അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നാല്‍ അവന്റെ ആത്മാവ് സ്വര്‍ഗത്തില്‍ കിടന്നു അര്‍മാദിക്കുകയായിരിക്കും എന്ന് അസൂയപ്പെടുന്നവരുടെ കൂട്ടത്തിലൊരുവന്‍ അതിനെ നേരെ തിരിച്ച് സങ്കല്‍പ്പിച്ച് ‘പെണ്‍പക്ഷകവിത’ എന്ന ലേബലും ഒട്ടിച്ച് ഇറങ്ങുമ്പോള്‍, പെണ്ണുങ്ങള്‍ക്ക് പ്രണയവും മാതൃത്വവുമൊക്കെ (സ്വന്തംഅമ്മയ  ഭാര്യയോ പെങ്ങളോ മകളോ ആവാതിരിക്കുന്നിടത്തോളം കാലം) വഴിയേ പോകുന്ന ഏതൊരു ബലാത്സംഗിയുടെ കയ്യില്‍ നിന്ന് കിട്ടിയാലും സ്വര്‍ഗമാണ് എന്ന് ചിന്തിക്കുന്ന ഒരു ഇരുപതുകാരന്‍ യുവാവ്  ‘ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്’ എന്നത് കൂടിയാണ് കവിതയേക്കാള്‍ നന്നായി അവതരിപ്പിക്കപ്പെടുന്നത്….

 

(ചെന്നൈ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റില്‍, ജെന്‍ഡര്‍ സ്റ്റഡീസില്‍ അസി. പ്രൊഫസറാണ് നിയതി)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)    

This post was last modified on September 19, 2016 10:24 am