എഡിറ്റോറിയല്‍ / ടീം അഴിമുഖം
യു.എസ് കോടതിവിധിയെ അഴിമുഖവും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്വവര്‍ഗ വിവാഹത്തിന് യു.എസില്‍ നിയമപരമായ അംഗീകാരം ലഭിച്ചു. ചരിത്രപ്രധാനമായ 5-4 എന്ന ഭൂരിപക്ഷവിധിയിലൂടെ. ഭൂരിപക്ഷ വിധിയിലെ ജസ്റ്റിസ് ആന്റണി കെന്നഡിയുടെ അഭിപ്രായത്തില്‍, സ്‌നേഹം,വിശ്വസ്തത, സമര്‍പ്പണം, കുടുംബം എന്നിവയുടെ ഉയര്‍ന്ന മൂല്യങ്ങളുടെ മൂര്‍ത്തമായ’ കൂടിച്ചേരല്‍ എല്ലാ ആണ്‍, പെണ്‍ സ്വവര്‍ഗാനുരാഗികളായ യു.എസ് പൗരന്‍മാര്‍ക്കുംകൂടി അനുവദിച്ചു.
വൈവാഹികാവകാശത്തിലെ തുല്യത സംബന്ധിച്ച പൊതുജനാഭിപ്രായം യു.എസില്‍ ഏറെ മുന്നോട്ടുപോയത് പരിശോധിച്ചാല്‍ ഈ വിധി അനിവാര്യമായിരുന്നു. പക്ഷേ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞതുപോലെ നീതിയുടെ ഈ ‘ഇടിമുഴക്കം’ സാധ്യമായത് തിരിച്ചടികളും, വെല്ലുവിളികളും ചെറിയ നേട്ടങ്ങളുമായി നിരന്തരമായ വീര്യത്തോടെ LGBTQ സമൂഹം ദശാബ്ദങ്ങളായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം യു.എസില്‍ തീര്‍ന്നിട്ടില്ല എന്നതില്‍ സംശയമില്ല. ആയിരങ്ങള്‍ ഇതാഘോഷിക്കുകയും ഫെയ്‌സ്ബുക്കില്‍ മാരിവില്‍ നിറങ്ങള്‍ നിറയുകയും ചെയ്‌തെങ്കിലും മുന്നറിയിപ്പും മുഴങ്ങുന്നു; സുപ്രീം കോടതി വിധി വന്നെങ്കിലും സ്വവര്‍ഗ വിവാഹത്തിന് പല സംസ്ഥാനങ്ങളും പച്ചക്കൊടി കാട്ടിയിട്ടില്ല. ഈ സുപ്രധാനാവകാശം നേടിയെടുത്തെങ്കിലും തൊഴിലിടങ്ങള്‍ അടക്കമുള്ള പൊതുവിടങ്ങളില്‍ സ്വവര്‍ഗാനുരാഗി വിരുദ്ധ വിവേചനം കൂടാന്‍ ഇടയുണ്ട്. കാരണം ഒരു നിയമവും അതിനെ വിലക്കുന്നില്ല.
ഇതൊരു ചരിത്രപ്രധാനമായ വിധിയാണ്. പക്ഷേ ജസ്റ്റിസ് കെന്നഡി പറഞ്ഞപോലെ ‘സമത്വത്തിന്റെ കേന്ദ്ര ധാരണകളെ വെട്ടിച്ചുരുക്കുന്ന’ എല്ലാ നിയമങ്ങളും നീക്കം ചെയ്യുന്നതിന് ഇനിയും കുറേ ദൂരം സഞ്ചരിക്കാനുണ്ട്. നിരാശജനകമെന്ന് പറയാവുന്ന തരത്തില്‍, ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷകരെന്ന തങ്ങളുടെ പങ്കില്‍ നിന്നും തലയൂരിക്കൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി 2013 ഡിസംബറില്‍, നിയമപരമായി ഒരുമിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377-ആം വകുപ്പ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമല്ല എന്നു വിധിച്ച കോടതി അത് എടുത്തുകളയണോ എന്നു തീരുമാനിക്കാനുള്ള അവകാശം പാര്‍ലമെന്റിന് വിട്ടുകൊടുത്തു. എങ്കിലും, ഇതേ കോടതി തന്നെ സാമൂഹ്യമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്കും നല്‍കാന്‍ നിയമനിര്‍മ്മാണത്തിന് വഴികാട്ടുന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. ജനാധിപത്യലോകത്തിലെ വലിയ ഭാഗവും LGBTQ സമൂഹത്തിന് പൗരാവകാശങ്ങള്‍ അനുവദിക്കുന്നതില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ഇന്ത്യ സ്വവര്‍ഗാനുരാഗികളെന്ന ഒറ്റക്കാരണത്താല്‍ ആയിരക്കണക്കിന് വരുന്ന സ്വന്തം പൗരന്മാരെ കുറ്റവാളികളാക്കുന്ന പിന്തിരിപ്പന്‍നിയമങ്ങള്‍ പുന:സ്ഥാപിച്ചുകൊണ്ട് ലജ്ജാകരമായ രീതിയില്‍ പിറകോട്ടു പോവുകയാണ്. യു.എസ് വിധി, തങ്ങളുടെ നിയമപുസ്തകത്തില്‍ നിന്നും ഈ മനുഷ്യാവകാശ വിരുദ്ധ നിയമങ്ങളുടെ കളങ്കത്തെ മായ്ച്ചുകളയാന്‍ നമ്മുടെ നിയമനിര്‍മ്മാതാക്കളെ പ്രേരിപ്പിക്കും എന്നു പ്രതീക്ഷിക്കാം.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
This post was last modified on July 2, 2015 8:44 am
Leave a Comment