X

സനില്‍ ഫിലിപ്പ്; ഒരോര്‍മ്മ-ഡി. ധനസുമോദ് എഴുതുന്നു

ഇന്നലെ രാത്രി അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിനെക്കുറിച്ച് സഹപ്രവര്‍ത്തകനായിരുന്ന ഡി. ധനസുമോദ് എഴുതുന്നു

ഇപ്പോള്‍ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുന്ന ടിവി 18 റിപ്പോര്‍ട്ടര്‍ ആയിരുന്നു സനില്‍ ഫിലിപ്പ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ സേവനമനുഷ്ടിച്ചതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ടിവി 18-ല്‍ ജോയിന്‍ ചെയ്തത്. റിപ്പോര്‍ട്ടറില്‍ എത്തുന്നതിന് മുന്‍പ് ജയ് ഹിന്ദിലായിരുന്നു അദ്ദേഹം. ന്യൂ ഡല്‍ഹി ബ്യൂറോയില്‍ അടക്കം പ്രവര്‍ത്തിച്ച പരിചയം സനിലിന് ഉണ്ടായിരുന്നു.

സനിലിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരാള്‍ക്കും അദ്ദേഹത്തെപ്പറ്റി മോശമായ ഒരഭിപ്രായവും പറയാന്‍ ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ ചാനലുകള്‍ കടന്നു പോകുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ശമ്പളം മുടങ്ങുക എന്നത് പതിവായിരുന്നു. മാസങ്ങളോളം ഒരുപക്ഷെ ശമ്പളം കിട്ടാത്ത അവസ്ഥ വരെ ചിലപ്പോള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ അത്തരം സാഹചര്യങ്ങളിലും സനില്‍ ആരോടും പരാതി പറയുന്നതോ കുറ്റം പറയുന്നതോ ഞാന്‍ കണ്ടിട്ടില്ല. എന്നും പ്രസന്നവദനനായ സനിലിനെ മാത്രമേ എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുള്ളൂ. കാരണം സനില്‍ എന്നും അങ്ങനെ ആയിരുന്നു. വളരെ പോസിറ്റീവായി കാര്യങ്ങളെ മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍. അതായിരുന്നു സനില്‍. ശമ്പളം മുടങ്ങി എന്ന കാരണത്തില്‍ ഇന്നുവരെ സനിലിന്റെ ഒരു വാര്‍ത്ത പോലും എയറില്‍ പോകാതിരുന്നിട്ടുണ്ടാവില്ല.

വാര്‍ത്തകള്‍ കണ്ടുപിടിച്ച് അതിന്റെ പിന്നാലെ സഞ്ചരിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയായിരുന്നു സനിലിന്റേത്. വാര്‍ത്തകള്‍ നല്‍കുക മാത്രമല്ല പിന്നീട് ആ വാര്‍ത്തയുടെ വിധി എന്തായിരുന്നു എന്നുകൂടി സനില്‍ കൃത്യമായി നിരീക്ഷിച്ചു. മറ്റേതൊരു മാധ്യമപ്രവര്‍ത്തകനും മാതൃക ആകുന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് കൃത്യമായ ഫോളോഅപ്പുകള്‍ സനില്‍ ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും സനിലും ഒന്നിച്ച് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലം. ഡല്‍ഹിയില്‍ കൊടും തണുപ്പായിരുന്നു. ആ സമയത്താണ് ഡല്‍ഹിയില്‍ നഴ്‌സുമാരുടെ സമരം നടക്കുന്നത്. താനൊരു മുണ്ടക്കയത്തുകാരനാണെന്ന് സനില്‍ ഇടയ്ക്കിടെ തമാശയായി ഞങ്ങളോടൊക്കെ പറയുമായിരുന്നു. അന്ന് മുണ്ടക്കയത്ത് നിന്നും കോട്ടയത്ത് നിന്നും ഇടുക്കിയില്‍ നിന്നുമൊക്കെ ഒരുപാട് നഴ്‌സുമാര്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. വളരെ തുച്ചമായ ശമ്പളമാണ് അവര്‍ക്കൊക്കെ കിട്ടുന്നതെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യുമായിരുന്നു. വിദ്യാഭ്യാസവായ്പ പോലും തിരിച്ചടക്കാന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷേ അന്നാ സമരത്തെ ഏറ്റവും സജീവമാക്കിയത് സനില്‍ ഫിലിപ്പ് ആയിരുന്നു. ആരും എഴുന്നേല്‍ക്കാന്‍ മടിക്കുന്ന കൊടും തണുപ്പില്‍ അതിരാവിലെ അഞ്ചരയ്ക്കും ആറുമണിക്കുമൊക്കെ ഉണര്‍ന്ന് സനില്‍ കേരള ഹൌസിനു സമീപം ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരപ്പന്തലില്‍ എത്തുകയും അവരുമായി സംസാരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അവര്‍ക്ക് വേണ്ടി അന്ന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് സനില്‍ ആയിരുന്നെന്ന് തോന്നിയിരുന്നു. മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്ത നല്‍കാന്‍ പ്രേരിപ്പിക്കുകയും എം.പി മാരെ അടക്കം ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. 

കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് യോഗങ്ങള്‍ എതിര്‍ ഗ്രൂപ്പുകാര്‍ അറിയുന്നതിനും മുന്‍പ് സനില്‍ അറിയാറുണ്ടായിരുന്നു. അത്രയ്ക്ക് ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തികൂടിയായിരുന്നു സനില്‍ ഫിലിപ്പ്. ഒടുവില്‍ അവസാന മാസങ്ങളില്‍ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം തന്നെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ സനില്‍ ചെയ്തിരുന്നു. ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ഘട്ടത്തില്‍ അങ്ങോട്ട് പോകുന്നതിനിടയിലാണ് സനില്‍ സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തില്‍ പെട്ടത്.

പിന്നീട് ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ അവിടെ ചെന്നിരുന്നു. മരണത്തോട് മല്ലിടുക എന്നൊക്കെ ചിലപ്പോള്‍ പറയാറുണ്ടെങ്കിലും സനില്‍ ആ ആശുപത്രിക്കിടക്കയില്‍ യഥാര്‍ത്ഥത്തില്‍ അതായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം സംസാരിച്ചത് ജയ്ഹിന്ദിലേയും റിപ്പോര്‍ട്ടറിലേയും തന്റെ മാധ്യമപ്രവര്‍ത്തന നാളുകളെ പറ്റിയാണ്. വാര്‍ത്തകളും വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്തകളും ഒക്കെയായിരുന്നു സനില്‍ അന്ന് സംസാരിച്ചത്.

തന്റെ ശരീരം ഏകദേശം തളര്‍ന്നു പോയെന്നു സനില്‍ അറിഞ്ഞിരുന്നില്ല. സനിലിനോട് ആരുമത് പറഞ്ഞതുമില്ല. എല്ലാം പോസിറ്റീവായി കാണാന്‍ അറിയാവുന്ന സനില്‍ ഇതും അങ്ങനെ കാണും എന്ന് എല്ലാവരും വിശ്വസിച്ചു. സനിലിന്റെ മാതാപിതാക്കള്‍ അടക്കം അങ്ങനെ വിശ്വസിച്ചവരായിരുന്നു.

പന്ത്രണ്ട് മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയ സനിലിന് ആവശ്യമായിരുന്നു. അതിന് പതിനാല് മണിക്കൂറോളം സനിലിനെ മയക്കിക്കിടത്തേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷേ അത്രയും നീണ്ട സമയം സെഡെഷനില്‍ കിടത്താനുള്ള ആരോഗ്യനിലയില്‍ ആയിരുന്നില്ല സനിലിന്റെ ശരീരം. നട്ടെല്ലുമായി ബന്ധപ്പെട്ട മുപ്പതോളം ഞരമ്പുകള്‍ പ്രതികരിക്കുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ശരീരം തളര്‍ന്നിരുന്നു.

സനിലിന് എവിടെയും സുഹൃത്തുക്കള്‍ മാത്രമേ ഉള്ളൂ. അപകടം നടന്നതറിഞ്ഞു ആശുപത്രിയിലേക്ക് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും ഒക്കെ അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുകയായിരുന്നു എന്ന് പറയാം. സൈബര്‍ ലോകവും സനിലിന്റെ സുഹൃത്തുക്കളും ദിവസങ്ങളായി അദ്ദേഹത്തിന്റെ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു.

പക്ഷേ എല്ലാ പ്രാര്‍ത്ഥനയും വിഫലമാക്കി പ്രാര്‍ത്ഥനകള്‍ ഇല്ലാത്ത ലോകത്തേക്ക് സനില്‍ പോയി.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ലായിരുന്നു സനില്‍. അതിലുമുപരി നല്ല മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം.

 

This post was last modified on June 29, 2016 11:03 am