X

ചരിത്രത്തില്‍ ഇന്ന്: സത്യജിത്ത് റേയ്ക്ക് അന്താരാഷ്ട്ര അംഗീകാരം, എല്‍വിസ് പ്രസ്‌ലിയുടെ മരണം

1958 ആഗസ്ത് 16
സത്യജിത്ത് റേയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

സത്യജിത്ത് റേ എന്ന ഇന്ത്യന്‍ ഇതിഹാസ ചലച്ചിത്രകാരനെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട ദിനമായിരുന്നു 1958 ആഗസ്ത് 16. റേയുടെ മാസ്റ്റര്‍ പീസായ ‘പഥേര്‍ പാഞ്ചലി’ (പാതയുടെ സംഗീതം) വാന്‍കൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അഞ്ച് അവാര്‍ഡുകളടക്കം നേടിക്കൊണ്ട് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത് ഈ ദിനമാണ്. ഈ ഒരൊറ്റ ചിത്രത്തിലൂടെ സത്യജിത്ത് റേ എന്ന ഇന്ത്യന്‍ സിനിമാ സംവിധായകന്‍ ലോകത്തിനു മുന്നില്‍ പ്രസിദ്ധനായിത്തീരുകയായിരുന്നു.

പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായെ രചിച്ച ‘പഥേര്‍ പാഞ്ചലി’ ബംഗാളിലെ ഒരു ഗ്രാമീണ ബാലനായ അപുവിന്റെ കഥയാണ് പറയുന്നത്. ഈ നോവല്‍ അവലംബിച്ച് റേ ഒരുക്കിയ ചിത്രമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി മാറിയത്.

പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറാണ് ‘പഥേര്‍ പാഞ്ചലി’ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 50 സൗണ്ട്ട്രാക്കുകളുടെ ഗണത്തിലാണ് പഥേര്‍ പാഞ്ചലിയുടെ സംഗീതവും ഉള്‍പ്പെട്ടിരിക്കുന്നത്.

സത്യജിത്ത് റേ 36 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1992 ഏപ്രില്‍ 23 ന് മഹാനായ ഈ ചലച്ചിത്രകാരന്‍ അന്തരിച്ചു. അതേ വര്‍ഷം തന്നെ സമഗ്ര സംഭാവനയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനും സത്യജിത്ത് റേ അര്‍ഹനായിത്തീര്‍ന്നു.

1977 ആഗസ്ത് 16
എല്‍വിസ് പ്രസ്‌ലി അന്തരിച്ചു

1977 ആഗസ്ത് 16. സംഗീതലോകം ഇരുട്ടിലാണ്ടുപോയ ദിവസമായിരുന്നു അന്ന്. ടെന്നിസിയിലെ മെംഫിസിലുള്ള ഗ്രെയ്‌സ്‌ലാന്‍ഡ് എന്ന രമ്യഹര്‍മ്മത്തിനുള്ളില്‍ ആ ദിവസമാണ് എല്‍വിസ് പ്രസ്‌ലിയെ അബോധവാസ്ഥയില്‍ കാണപ്പെട്ടത്. അവിടെ നിന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രസ്‌ലിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഗീതത്തിന്റെ രാജകുമാരന്‍ അങ്ങിനെ  42-ആം വയസ്സില്‍ വിടപറഞ്ഞു. വളരെ ചെറിയൊരു ജീവിത കാലയളവ്, അതിനുള്ളില്‍ റോക് ന്‍ റോളിന്റെ അതുല്യതലങ്ങളില്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു അദ്ദേഹം.


തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ മരണവാര്‍ത്തയറിഞ്ഞ് ആയിരങ്ങളാണ് ഗ്രെയ്‌ലാന്‍ഡ് ബംഗ്ലാവിലേക്ക് ഒഴുകിയെത്തിയത്. അമിതായ മയക്കുമരുന്ന് ഉപയോഗത്തിന് അടിമയായിരുന്ന പ്രസ്‌ലിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ് സംഭവിച്ചതെന്ന് പിന്നീട് ഡോക്ടര്‍മാര്‍ പ്രസ്താവിച്ചു.

പത്തൊന്‍പതാമത്തെ വയസ്സിലാണ് പ്രസ്‌ലിയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരു തലമുറയെ ആകമാനം സ്വാധീനിക്കുന്ന തലത്തിലേക്ക് സംഗീത ലോകത്ത് പ്രസ്‌ലി ഒരു താരമായി മാറി. 1956-58 കാലയളവിനുള്ളില്‍ പ്രസ്‌ലിയുടെ സംഗീത ജീവിതം ലൗവ് മി ടെന്‍ഡര്‍, ജയില്‍ ഹൗസ് റോക്ക്, ലൗവിങ് യൂ, കിംഗ് ക്രിയോള്‍ എന്നീ നാലു സിനിമകള്‍ക്ക് പ്രചോദനമായി.

1960 കളുടെ അവസാനത്തോടെ സംഗീതത്തോടുള്ള അഭിനിവേശം പ്രസ്‌ലിയില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങി. ആസ്വാദകര്‍ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ടിരുന്നെങ്കിലും സ്വയം തന്റെ ഭൂതകാലത്തിന്റെ നിഴലായി മാറിക്കഴിഞ്ഞിരുന്നു എല്‍വിസ് പ്രസ്‌ലി.

This post was last modified on August 16, 2014 7:56 am