X

സത്യാന്വേഷി: വേറിട്ട മിസ്റ്ററി ത്രില്ലര്‍ അനുഭവം

രാജേഷ്. എം. ആര്‍

ഋതുപര്‍ണ്ണഘോഷിന്റെ അവസാനത്തെ സിനിമയായ ‘സത്യാന്വേഷി'(2013) ഒരു മിസ്റ്ററി-ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. ബംഗാളിലെ പ്രസിദ്ധ സംവിധായകനായ സുജോയ് ഘോഷാണ് ഇതിലെ ഡിക്ടിറ്റിവായ ബ്യേംകേഷ് ബക്ഷിയെ അവതരിപ്പിക്കുന്നത്. 2013 മെയ് 30 ന് ഋതുപര്‍ണ്ണ ഘോഷ് മരണപ്പെട്ടതിനു ശേഷം നടനും സംവിധായകനുമായ സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സിനിമ പൂര്‍ണ്ണമാക്കിയത്.

ബ്യേംകേഷ് ബക്ഷി കല്‍പ്പിതമായ ഒരു ഡിക്ടിറ്റീവാണ്. ശരദിന്തു ബന്തോപാദ്ധ്യായ സൃഷ്ടിച്ച ഒരു കഥാപാത്രമാണിത്. ബ്യേംകേഷ് ബക്ഷി സ്വയം ഒരു സത്യാന്വേഷി എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത്. സത്യത്തെ അന്വേഷിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍. ബ്യേംകേഷ് പുകവലി ശീലമുള്ളവനായിരുന്നു. ബംഗാളി സാഹിത്യത്തിലും സംസ്‌കൃതികളിലും വലിയ പാണ്ഡിത്യമുണ്ടായിരുന്നു. സഹയാത്രികനും എഴുത്തുകാരനുമായ അജിത്ത് അറിവിന്റെ കാര്യത്തില്‍ കേമനായിരുന്നു. ശരദിന്തു ബന്തോപാദ്ധ്യായയുടെ ബ്യേംകേഷ് ബക്ഷി നായകനായ ആദ്യ കഥ പുറത്തുവരുന്നത് 1932ലാണ്. ബംഗാളി ഭാഷയില്‍ എഴുതപ്പെട്ട ഈ കഥകളില്‍ ഹാസ്യം, അന്വേഷണം, നിഗൂഢത, വേഗത, അക്രമം, അത്യാഗ്രഹം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നുണ്ട്. സത്യാന്വേഷി എന്ന ഈ സിനിമയിലും ഇതെല്ലാം കാണാവുന്നതാണ്. 1932-1970 കാലയളവിനുള്ളില്‍ അദ്ദേഹം 32ഓളം പുസ്തകങ്ങളാണ് ബ്യേംകേഷിനെപ്പറ്റി എഴുതിയത്.

ബലബന്തപ്പുറിലെ മഹാരാജാവായിരുന്ന അരുണാശു മരിക്കുന്നതിനു മുമ്പ് ഒരു വില്‍പ്പത്രം എഴുതിക്കുന്നു. അതുപ്രകാരം മകനായ ഹിമാംശു തന്റെ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. മൂന്നുവര്‍ഷത്തില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടിക്കായിരിക്കണം രാജാവകാശം എന്നുമാണ് അതില്‍ എഴുതിയിരിക്കുന്നത്. ഹിമാംശു അഭിനയം മോഹമായി കൊണ്ടുനടന്നിരുന്ന അലോകയെ വിവാഹം കഴിക്കുന്നു. കൊട്ടാരം ലൈബ്രറിയനായ ഹരിനാഥുമായി അലോക സൗഹൃദത്തിലായിരുന്നു. ഹരിനാഥിനെ ഒരു ദിവസം കാണാതാകുന്നു. ഹരിനാഥിന്റെ തിരോധാനത്തില്‍ ഹിമാംശുവിന് പങ്കുണ്ടെന്ന് അലോക വിചാരിക്കുന്നു. തന്റെ നിരപരാധിത്യം തെളിയിക്കുന്നതിനായി ഡിക്ടിറ്റീവായ ബ്യേംകേഷേ ബക്ഷിയെ ഹിമാംശു കൊട്ടാരത്തിലേക്കു കൊണ്ടു വരുന്നു. ബ്യേംകേഷിനോടൊപ്പം എഴുത്തുകാരനായ അജിത്തും കൂടെയുണ്ട്. അവരുടെ അന്വേഷണം പല രഹസ്യങ്ങളുടെയും ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്നുണ്ട്.

ഋതുപര്‍ണ്ണഘോഷ് ഇത്തരമൊരു ഡിക്ടിറ്റീവ് കഥ എടുക്കുന്നതു വഴി ബംഗാളി ജനപ്രിയ സാഹിത്യത്തിന്റെ പാരമ്പര്യത്തെ വര്‍ത്തമാനകാലത്തിലേക്ക് സംവദിപ്പിക്കുവാനാണ് ശ്രമിച്ചത്. രാജമന്ദിരങ്ങളിലെ പരസ്ത്രീ ലൈംഗിക ബന്ധങ്ങള്‍, ചതി, അധികാരത്തോടുള്ള അത്യാഗ്രഹം ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. ഹിമാംശുവിന്റെ പത്‌നിയായ അലോക ലൈംഗിക കാര്യങ്ങളില്‍ താല്പര്യമില്ലാത്തവളാണ്. അതിനാല്‍ ഹിമാംശുവിന് തന്റെ ലൈംഗിക സംതൃപ്തിയ്ക്കു വേണ്ടി കൊട്ടാരം വൈദ്യനായ കാളിഘട്ടിയുടെ മകളായ ലീലയെ സമീപിക്കേണ്ടിവരുന്നു. ഹിമാംശു ഒരിക്കല്‍ കാട്ടില്‍  നായാട്ടിനുപോയ സമയത്ത് അലോകയ്ക്കു പകരം കൂടെ പോയത് ലീലയായിരുന്നു. ആ സമയത്ത് ഹിമാംശുവും ലീലയും തമ്മില്‍ ലൈംഗികവേഴ്ച നടക്കുകയും തുടര്‍ന്ന് ലീല ഗര്‍ഭിണിയാകുകയും ചെയ്യുന്നു. കാളിഘട്ടി ഇത് തിരിച്ചറിയുന്നു. കൊട്ടാരം ലൈബ്രറിയേനായ ഹരിനാഥ് ലീലയെ അഗാധമായി സ്‌നേഹിച്ചിരുന്നു. ലീലയുടെ വയറ്റില്‍  ഹിമാംശുവിന്റെ കുട്ടി വളരുന്നുണ്ടെന്നറിഞ്ഞിട്ടും അവളെ വിവാഹം കഴിക്കാന്‍ ഹരിനാഥ് തയ്യാറെടുക്കുന്നു. ആ രാത്രിയില്‍ കാളിഘട്ടി ഹരിനാഥിനെ ഒരു ചതുപ്പുനിലത്തിലേക്ക് വീഴിക്കുന്നു. ബലബന്തപ്പുരിലെ രഹസ്യം അങ്ങനെ ചുരുള്‍ വിരിയുന്നു. ഹിമാംശുവും അലോകയും ലീലയുടെ കുഞ്ഞിനെയെടുത്ത് വളര്‍ത്തുന്നു.

ഒരു മിസ്റ്ററി-ത്രില്ലര്‍ ചിത്രത്തിന്റെ ചടുലമായ ഫ്രെയിമുകളല്ല ഇതില്‍ കാണുന്നത്. സാവധാനം മുന്നോട്ടു നീങ്ങുന്ന ഷോട്ടുകളിലൂടെയാണ് രഹസ്യങ്ങളോരൊന്നും അഴിച്ചെടുക്കുന്നത്. ശുഭോ മൊഹരത്ത് എന്ന തന്റെ ആദ്യകാല ക്രൈം-മിസ്റ്ററി ഫിലിമിന്റെ ആഖ്യാനത്തില്‍ നിന്ന് അധികമൊന്നും മാറ്റം ഇതില്‍ കാണുന്നില്ല. തുടക്കത്തിലെ ചതുപ്പുനിലത്തില്‍ മുങ്ങിപ്പോകുന്ന യുവതിയുടെ രംഗം പ്രേക്ഷകനെ കാണിക്കാതെ അവസാനത്തില്‍ ഹരിനാഥിന്റെ ചതുപ്പിലേക്കുള്ള വീഴ്ചയ്ക്കാണ് സംവിധായകന്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സത്യാന്വേഷി എന്ന പേര് സത്യം കണ്ടുപിടിക്കാനുള്ള അന്വേഷകനെയാണല്ലോ സൂചിപ്പിക്കുന്നത്. അതിനെ അന്വര്‍ത്ഥമാക്കും വിധം സിനിമയുടെ അവസാനം വരെ രഹസ്യം തുറക്കപ്പെടാതെ കിടക്കുന്നു. രഹസ്യങ്ങള്‍ വെളിച്ചത്താകുമ്പോഴേക്കും കുറ്റവാളി ശിക്ഷ ഏറ്റുവാങ്ങികഴിഞ്ഞിരുന്നു. ത്രില്ലര്‍ സിനിമയും തനിക്കു വഴങ്ങുമെന്ന് ഇതിലൂടെ ഋതുപര്‍ണ്ണഘോഷ് തെളിയിക്കുന്നു.

(തൃശൂര്‍  ശ്രീ കേരള വര്‍മ്മ കോളേജില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 30, 2016 10:14 am