X

പുത്രിമാരെ വീട്ടുതടങ്കലിലാക്കിയ ഒരാളെങ്ങനെ സ്ത്രീ ശാക്തീകരണവാദിയാകും?- അബ്ദുള്ള രാജാവിനെക്കുറിച്ച് ഇഷാന് തരൂര്‍

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്തരിച്ച സൗദി രാജാവ് അബ്ദുള്ളയെ ലോകത്തെമ്പാടുമുള്ള രാഷ്ട്രീയക്കാര്‍ ബിംബവല്‍ക്കരിച്ചു. അബ്ദുള്ള ‘വിവേകവും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയാണെന്നും’ ‘ബഹുമാനിതനായ നേതാവാണെന്നും’ സ്വറ്റ്‌സര്‍ലണ്ടിലെ ദാവോസിലെ ലോക സമ്പത്തിക ഫോറത്തിലേക്കുള്ള യാത്രക്കിടയില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അനുസ്മരിച്ചു. മറ്റ് പാശ്ചാത്യ നേതാക്കളും സമാന പ്രസ്താവനകള്‍ നടത്തി. 

അന്താരാഷ്ട്ര നാണയനിധിയുടെ അധിപ ക്രിസ്റ്റിന ലെഗാര്‍ഡ് അദ്ദേഹത്തെ, ‘സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന ആള്‍,’ എന്നുവരെ വിശേഷിപ്പിച്ചുകളഞ്ഞു. 

ഇതില്‍ അവസാനത്തെ സ്തുതി ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലിംഗനീതിയുടെ കാര്യം വരുമ്പോള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന ഭരണകൂടം. അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ വീടിന് പുറത്ത് യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങള്‍ വരെ സര്‍വകാര്യത്തിലും സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് അവിടുത്തെ മതനിയമങ്ങള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്ത് വാഹനമോടിക്കുന്നതില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും വിലക്കിയിരിക്കുകയാണ്. 

‘വളരെ വിവേകപൂര്‍ണമായ രീതിയില്‍,’ അബ്ദുള്ള ഒരു പരിഷ്കരണവാദിയാണെന്ന് പറഞ്ഞുകൊണ്ട് തന്റെ വാക്കുകള്‍ ന്യായീകരിക്കാന്‍ ലെഗാര്‍ഡ് ശ്രമിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ പരിഷ്‌കരണങ്ങള്‍ വളരെ സാവധാനത്തിലുള്ളതാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ കോടതികളില്‍ ഇപ്പോഴും സ്വാധീനമുള്ള പാരമ്പര്യവാദികളാല്‍ തടസപ്പെടുത്തപ്പെടുന്നതുമാണ്. അബ്ദുള്ളയുടെ പരിഷ്‌കരണ നടപടികള്‍ക്ക് ‘ഒരു പോട്ടംകിന്‍ ഗ്രാമത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊള്ളുന്നതും വിദേശാഭിപ്രായം രൂപീകരിക്കുന്നതിനുള്ള ദുര്‍ബലമായ ഘടനയോട് കൂടിയതുമാണ്,’ എന്ന് ഒരു നിരീക്ഷകന്‍ എഴുതുന്നു. 

എന്നാല്‍ അന്തരിച്ച പരാമാധികാരിയില്‍ ചൊരിയപ്പെടുന്ന പ്രശംസയെ എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ ചില ബന്ധുസ്ത്രീകളെയെങ്കിലും അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ കണ്ടെത്താന്‍ സാധിക്കും. മറ്റ് സൗദി രാജകുടുംബാംഗങ്ങളെ പോലെ തന്നെ അബ്ദുള്ള രാജാവിനും അനവധി ഭാര്യമാരുണ്ടായിരുന്നു. കുറഞ്ഞത് ഏഴ് പേരെങ്കിലും. ഇത് മുപ്പത് വരെ ആകാമെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന് ഏറ്റവും കുറഞ്ഞത് 15 പുത്രിമാരെങ്കിലും ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവരില്‍ നാലു പേര്‍ വീട്ടുതടങ്കലിലാണ്. 

ജിദ്ദ നഗരത്തിലെ സൗദി രാജകൊട്ടാര വളപ്പില്‍ തടങ്കലില്‍ കഴിയുന്ന ഇവരുടെ ശോചനീയ ജീവിതാവസ്ഥകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ വസന്തകാലത്ത് പുറത്ത് വന്നതോടെ, ജവഹെര്‍, സഹാര്‍, ഹാല, മാഹ എന്നീ രാജകുമാരിമാരുടെ കഷ്ടസ്ഥിതി ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇവരുടെ അമ്മ, അലനൗദ് അല്‍-ഫായെസ് കഴിഞ്ഞ ഒന്നര ദശകമായി യുകെയിലാണ് ജീവിക്കുന്നത്. അവരുടെ ഭര്‍ത്താവിനാല്‍ അവര്‍ നിരവധി തവണ വിവാഹമോചനം ചെയ്യപ്പെട്ടിരുന്നു. 1985 ലാണ് ഏറ്റവും ഒടുവിലത്തെ വിവാഹമോചനം നടന്നത്. 

തന്റെ മക്കളുടെ 13 വര്‍ഷമായി നീളുന്ന തടവ് ജീവിതം, അബ്ദുള്ളയുടെ പ്രതികാര ദാഹത്തിന്റെയും, തന്റെ പെണ്‍മക്കള്‍ ആധുനികവും സ്വതന്ത്രവുമായി വളരുന്നതിലുള്ള അസഹിഷ്ണുതയുടെയും സൂചകമാണെന്ന് ഫായെസ് ചൂണ്ടിക്കാട്ടുന്നു. അപമാനത്തിനും അവജ്ഞയ്ക്കും വിധേയരായി നാലുപേരും ഒരു ദശകത്തിലേറെയായി തടങ്കലിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

41 കാരി മാഹയെയും 39 കാരി ഹാലയെയും പാര്‍പ്പിച്ചിരിക്കുന്നിടത്തു നിന്നും മാറി മറ്റൊരു തടവില്‍ പാര്‍പ്പിക്കപ്പെട്ടിരിക്കുന്ന 42 കാരി സഹറിനെയും 38 കാരി ജവഹെറിനെയും ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. കഴിഞ്ഞ മേയില്‍ ആര്‍ടിക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും പോലും നിഷേധിക്കപ്പെടുകയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. 

സൗദി അധികാരികളുടെ ഭാഗത്തുനിന്നും തങ്ങള്‍ക്കുണ്ടാവുന്ന അവഗണനയുടെ ആഴം വ്യക്തമാക്കുന്ന തരത്തില്‍ പുത്രിമാരില്‍ ഒരാള്‍ തന്നെ ചിത്രീകരിച്ചതെന്ന് ആരോപിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്ത ശകലം ബ്രിട്ടീഷ് ടിവി ശൃംഖലയായ ചാനല്‍ 4ന്യൂസ് പുറത്ത് വിട്ടിരുന്നു. 

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന്റെ പേരിലും സ്ത്രീകള്‍ക്ക് പുരുഷന്റെ കാവല്‍ നിര്‍ബന്ധിതമാക്കുന്ന രാജകുടുംബത്തിന്റെ കടുത്ത നിയമങ്ങളെ നിയമങ്ങളെ എതിര്‍ത്തതിനും തങ്ങള്‍ ശിക്ഷിക്കപ്പെട്ട രീതികളെ കുറിച്ച് രാജകുമാരിമാര്‍ ഒരു അറബി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. 

തന്റെ പുത്രിമാരുടെ തടവ് തുടരുന്നത് ‘അവരെ തകര്‍ക്കുന്നതിനുള്ള മാനസിക യുദ്ധമാണെന്നും’ അവരുടെ മക്കള്‍ ‘പാഴാക്കപ്പെടുകയാണെന്നും’ കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് അവരുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ സ്ത്രീകള്‍ സ്വയം ബന്ധനത്തിലാണോ ജീവിക്കുന്നത് എന്ന സംശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇവരുടെ അവകാശവാദം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, സംഭവം ‘സ്വകാര്യ വിഷയമാണ്,’ എന്ന് പറഞ്ഞുകൊണ്ട് മൗനം പാലിക്കാനാണ് സൗദി അധികൃതര്‍ തയ്യാറായത്. ഇവര്‍ക്കെതിരെ ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. 

തന്നെയും തന്റെ സഹോദരിമാരെയും രാജകുടുംബം പീഢിപ്പിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച്, കഴിഞ്ഞ ജൂണില്‍ മിഡില്‍ ഈസ്റ്റ് അഫയേഴ്‌സ് വാര്‍ത്ത സൈറ്റുമായി നടന്ന ഒരു ഇ-മെയില്‍ ആശയവിനിമയത്തില്‍ സഹാര്‍ രാജകുമാരി ഇങ്ങനെ വിശദീകരിക്കുന്നു: 

‘ദാരിദ്ര്യം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് ചില പ്രശ്‌നങ്ങളെ കുറിച്ചും ഞാനും എന്റെ സഹോദരിമാരും ഞങ്ങളുടെ അമ്മയും എപ്പോഴും ശബ്ദമുയര്‍ത്തിയിരുന്നു. ഞങ്ങളുടെ പിതാവുമായി ഇക്കാര്യത്തെ കുറിച്ച് ഞങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പുത്രന്മാരായ മിതാബിനും അബ്ദല്‍ അസീസിനും അവരുടെ കൂട്ടാളികള്‍ക്കും യോജിക്കാന്‍ സാധിച്ചില്ല. അതിന് ശേഷം എപ്പോഴും ഞങ്ങള്‍ ലക്ഷ്യമിടപ്പെട്ടു.’

 

ജീവിതത്തില്‍ ഉടനീളം അപമാനകരമായ പെരുമാറ്റമാണ് ഞങ്ങള്‍ക്ക് സഹിക്കേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു. റിയാദിലെ ഒരു ആശുപത്രിയില്‍ ഹാല ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുന്ന സമയത്ത്, അവിടുത്തെ മാനസിക രോഗ വാര്‍ഡുകളില്‍ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതായും അവര്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കുന്നതായും അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും കണ്ടെത്തി. അവള്‍ തന്റെ മേലധികാരികള്‍ക്ക് പരാതി നല്‍കുകയും അതിന്റെ പേരില്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. അതിന്റെ പേരില്‍ അവള്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നു വരികയും പരാതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. അവള്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവളെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോവുകയും, മരുഭൂമിയില്‍ തള്ളുകയും, ഒടുവില്‍ റിയാദിലെ ഒലായ്ഷാ വനിതാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അവള്‍ സഹായിക്കാന്‍ ശ്രമിച്ച രോഗികള്‍ (രാഷ്ട്രീയ തടവുകാര്‍) എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ പോലെ തന്നെ അവളും വ്യവസ്ഥിതിയുടെ ഇരയായി തീര്‍ന്നു. മഹായും ജവഹെറും ഞാനുമൊക്കെ ഏതെങ്കിലും സമയത്ത് മയക്കുമരുന്നുകളുടെ നിര്‍ബന്ധിത ഉപയോഗത്തിന് വിധേയരായിട്ടുണ്ട്. സാധാരണ ജീവിതം നയിക്കാമെന്നുള്ള എല്ലാ പ്രതീക്ഷയും ഉപേക്ഷിച്ചേക്കാന്‍ പലപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുമുണ്ട്.’ 

കഴിഞ്ഞ വര്‍ഷം ഉണ്ടായ മാധ്യമ കഥകളുടെ കുത്തൊഴുക്കിന് ശേഷം, രാജകുമാരിമാരുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിരളമാവാന്‍ തുടങ്ങി. #Freethe4 എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട്, അവരുടെ മോചനത്തിനായി അവരുടെ അമ്മ ഇപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ശ്രമങ്ങള്‍ തുടുരുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് അവര്‍ ലണ്ടനില്‍ സ്ഥിരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 

തന്റ മുന്‍ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ലോകമെങ്ങും പ്രചരിച്ചപ്പോള്‍ അവര്‍ ഖുറാനില്‍ നിന്നുള്ള ഉദ്ധരണി എടുത്തുകൊണ്ടു ഒരു ചെറു ട്വീറ്റ് നടത്തി: ‘ഞങ്ങള്‍ അള്ളാഹുവിന്റെ പ്രജകളാണ്, അദ്ദേഹത്തിന്റെ സവിധത്തിലേക്ക് മടങ്ങേണ്ടവര്‍.’

This post was last modified on January 28, 2015 12:20 pm