X

സൗദിയില്‍ മൊബൈല്‍ വ്യാപാരരംഗത്തും നിതാഖത്

അഴിമുഖം പ്രതിനിധി

മൊബൈല്‍ ഫോണ്‍ വ്യാപാരരംഗത്ത് നിതാഖത് ഏര്‍പ്പെടുത്താനുള്ള സൗദി ഗവണ്‍മെന്റ് തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുന്നു. ഫോണ്‍ വില്‍പ്പന, റിപ്പയറിംഗ് മേഖലകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത മൂന്നുമാസത്തിനകം ഈ മേഖലയിലുള്ള പകുതി ജീവനക്കാരും സ്വദേശികളായിരിക്കണമെന്ന് നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആറുമാസത്തിനകം വിദേശികളായവരെ ഈ രംഗത്തു നിന്നു ഒഴിവാക്കാനാണ് നീക്കം.

സൗദിയിലെ മൊബൈല്‍ വ്യാപാര മേഖലയില്‍ 90 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ മലയാളികളും നിരവധിയുണ്ട്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം നിരവധി പേരുടെ പ്രവാസജീവിതത്തെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. ചില്ലറ, മൊത്തവ്യാപാര കേന്ദ്രങ്ങള്‍ക്കും ചെറുതും വലുതുമായ മൊബൈല്‍ ഫോണ്‍ കടകള്‍ക്കുമെല്ലാം പുതിയ നിയമം ഒരുപോലെ ബാധമാകും.

വരുന്ന ഏപ്രില്‍ ഒമ്പതു മുതല്‍ ആറു മാസമാണ് തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പുതിയ നിയമം പൂര്‍ണമായും നടപ്പിലാക്കിയിരിക്കണം. ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ജൂണ്‍ ഒന്നിനകം 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. നിയമം അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ (മാര്‍ച്ച് 10) മുതല്‍ സ്വദേശിവത്കരണ നടപടികള്‍ തുടങ്ങിയതായും അറിയുന്നു.

ഇപ്പോള്‍ തന്നെ ഗള്‍ഫിലെ ചെറുകിട മൊബൈല്‍ കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. ഉപഭോക്താക്കള്‍ വന്‍കിട ഷോപ്പിംഗ് മാളുകളെ ആശ്രയിക്കുന്ന ശീലം പതിവാക്കിയതോടെ ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ചെറുകിട കച്ചവടകേന്ദ്രങ്ങളില്‍ വ്യാപാരം വളരെ കുറവാണ്. മൊബൈല്‍ ഫോണുകളും മറ്റും വാങ്ങുന്നതിന് സുപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളെയാണ് കൂടുതല്‍പ്പേരും ആശ്രയിക്കുന്നത്. കച്ചവടത്തില്‍ തിരിച്ചടി നേരിടുന്ന അവസ്ഥയിലാണ് സൗദിവത്കരണം മറ്റൊരു ദുരന്തമായി മുന്നിലെത്തുന്നത്. 

നിലവില്‍ ഇവിടെ മൊബൈല്‍ വില്‍പ്പനകേന്ദ്രങ്ങളിലും റിപ്പയറിംഗ് കേന്ദ്രങ്ങളിലുമെല്ലാം കൂടുതലും ഇന്ത്യക്കാരാണ്. അതില്‍ തന്നെ ഭൂരിഭാഗം പേരും മലയാളികളും. ശരാശരി ആയിരം മുതല്‍ മൂവായിരം സൗദി റിയാലിന് ജോലി ചെയ്യുന്നവരാണ് ഇവരില്‍ കൂടുതലും. സ്വദേശിവത്കരണം വന്നാല്‍ സൗദി പൗരന്മാരെ ജോലിക്കു നിയോഗിക്കേണ്ടി വരും. പക്ഷേ ഇന്ത്യക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളത്തില്‍ അവര്‍ ജോലി ചെയ്യില്ല. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും തങ്ങളുടെ മൊബൈല്‍ ഷോപ്പുകള്‍ പൂട്ടുകയേ നിവൃത്തിയുള്ളൂ. 

2011 മുതല്‍ സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിലേക്ക് കര്‍ശനമായി തിരിഞ്ഞതോടെ സ്വകാര്യമേഖലകളില്‍ ജോലിയെടുത്തിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് രാജ്യം വിടേണ്ടി വന്നിട്ടുള്ളത്. മലയാളികളുള്‍പ്പെടെ ഇതില്‍പ്പെട്ട ഭൂരിഭാഗവും ചെറുകിട തൊഴില്‍ മേഖലകളില്‍പ്പെട്ടവരായിരുന്നു. താരതമ്യേന കുഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സ്ഥാനത്ത് നിതാഖത് മൂലം സൗദി പൗരന്മാരായ തൊഴിലാളികള്‍ വന്നതോടെ ശമ്പളഭാരം താങ്ങാനാവാതെ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടി രാജ്യം വിടേണ്ടി വന്നവരും നിരവധിയാണ്. വിദഗ്ദനായൊരു ഇന്ത്യന്‍ തൊഴിലാളിക്ക് നല്‍കേണ്ടതിലും മൂന്നിരട്ടി കൂടുതലാണ് ഒരു സൗദി പരൗരന്‍ അവന്റെ ശമ്പളമായി ആവശ്യപ്പെടുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് താങ്ങാന്‍ ഇന്ത്യക്കാരായ ചെറുകിട തൊഴിലുടമകള്‍ക്ക് സാധിക്കില്ല. മൊബൈല്‍ വ്യാപരമേഖലയിലും ഇതേ അപകടം തന്നെയാണ് കാത്തിരിക്കുന്നത്.

പുതിയ നിയമം പൂര്‍ണമായി നടപ്പില്‍ വരുന്ന സെപ്തംബര്‍ മാസത്തോടെ വേറെ ജോലികളൊന്നും കണ്ടെത്താനായില്ലെങ്കില്‍ നാട്ടിലേക്ക് വിമാനം കയറേണ്ടിവരുന്നത് ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുയുള്ള ഇന്ത്യാക്കാരായിരിക്കും.

This post was last modified on March 11, 2016 5:53 pm