X

സൗദി തിരഞ്ഞെടുപ്പ്: ജീവന്‍ വച്ചുള്ള പോരാട്ടമാണ് ആ സ്ത്രീകളുടേത്

നാസിറുദ്ദീന്‍
അല്‍ സഊദ് ഭരണകൂടം ഏതെങ്കിലുമൊരു കാലത്ത് രാജ്യത്ത് ജനാധിപത്യമോ ലിംഗനീതിയോ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരും കരുതാനിടയില്ല. എന്നെങ്കിലുമൊരു പ്രക്ഷോഭത്തിലൂടെയല്ലാതെ അവരധികാരം വിട്ടൊഴിയാനും പോവുന്നില്ലെന്നുറപ്പാണ്. ആ നിലക്ക് ഇപ്പോള്‍ സൗദി മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയൊന്നും ആരും പുലര്‍ത്തിയിരുന്നില്ല. 1920-കളില്‍ അബ്ദുല്‍ അസീസും പിന്നീട് 50-കളില്‍ പിന്നീട് 50കളില്‍ സൗദ് രാജാവുമൊക്കെ അവസരം പോലെ പയറ്റിയതാണീ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നാടകങ്ങള്‍. പ്രത്യേകിച്ച് യാതൊരധികാരവുമില്ലാത്ത നോക്കുകുത്തികളാണ് ഈ മുനിസിപ്പല്‍ കൗണ്‍സിലുകള്‍. അതില്‍ തന്നെ മൂന്നില്‍ രണ്ട് ഭാഗം സീറ്റിലേക്കേ തിരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. ബാക്കി നോമിനേഷനാണ്. ഇങ്ങനെയൊരു തട്ടിക്കൂട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിലെ പരിഹാസ്യത നന്നായി ബോധ്യപ്പെട്ടത് കൊണ്ടാണ് ജനങ്ങളില്‍ മഹാഭൂരിപക്ഷവും ആ വഴിക്ക് തിരിയാതിരുന്നതും. അര്‍ഹരായവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ആകെ പോളിംഗ് ആണെങ്കില്‍ വെറും 25 % മാത്രം!

ഈ പരിമിതികളും പ്രഹസനങ്ങളുമെല്ലാം തീര്‍ത്തും അംഗീകരിക്കുമ്പോഴും പെണ്ണുങ്ങളുടെ പങ്കാളിത്തം എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഈ തിരഞ്ഞെടുപ്പ് ചരിത്രപരം മാത്രമല്ല, വിപ്ലവകരം കൂടിയായി മാറുന്നുണ്ട്. പെണ്ണുങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമോ വസ്ത്രസ്വാതന്ത്രമോ പോലും പൂര്‍ണ്ണമായി അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍ എത്ര തന്നെ വലിയ തട്ടിപ്പായാലും ഒരു തിരഞ്ഞെടുപ്പില്‍ പെണ്ണുങ്ങള്‍ക്ക് വോട്ടവകാശം കിട്ടുകയെന്നത് ചില്ലറക്കാര്യമല്ല. സ്ത്രീയുടെ ശബ്ദം പോലും ‘ഔറത്ത് ‘ അഥവാ മറച്ചു വെക്കേണ്ടതാണ് എന്ന് പ്രചരിപ്പിക്കുന്ന തീവ്ര വഹാബിസ്റ്റ് ആശയങ്ങളുടെ ഈറ്റില്ലത്തില്‍ അവര്‍ക്ക് രാഷ്ട്രീയ രംഗത്ത് ആണുങ്ങളെ പോലെ മല്‍സരിക്കാനും ചിലര്‍ക്കെങ്കിലും ജയിക്കാനും സാധിച്ചത് വഹാബിസ്റ്റ് ആശയധാരയിലെ സ്ത്രീ സങ്കല്‍പം അവര്‍ക്ക് പോലും മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കില്ലെന്നതിന്റെ സൂചനയാണ്.

 

 

ഈ തിരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളും ശ്രദ്ധേയമാവുന്നത് അതിലൂടെ കിട്ടാന്‍ പോവുന്ന (ഇല്ലാത്ത) അധികാരങ്ങളല്ല. മറിച്ച് സ്ത്രീകളുടെ രാഷ്ട്രീയ, പൊതു പ്രവേശനത്തിനെതിരായി വാഹാബിസ്റ്റ് ധാര മുന്നോട്ട് വെച്ച ആശയങ്ങളുടെ പരാജയം കൊണ്ടാണ്. ഈ മത്സരിച്ച പെണ്ണുങ്ങളും അവരെ പിന്തുണച്ചവരും സൂചിപ്പിക്കുന്നത് വാഹാബിസ്റ്റ് ആശയത്തിന്റെ അനിവാര്യമായ പരാജയമാണ്. ചരിത്രപരമായി നോക്കുമ്പോള്‍ ഇതത്ര മോശം റെക്കോര്‍ഡല്ല. 1971 ല്‍ പെണ്ണുങ്ങളുടെ വോട്ടവകാശത്തിന് വേണ്ടി സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന ഹിതപരിശോധനയില്‍ 35% ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെതിരായിരുന്നു. അറബ് മേഖലയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ നിലവാരവും രാഷ്ട്രീയ ബോധവുമുള്ള തൊട്ടടുത്ത ബഹ്‌റയിനില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച പെണ്ണുങ്ങളെല്ലാം തോല്‍ക്കുകയായിരുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷവും വിട്ടുനിന്ന തിരഞ്ഞെടുപ്പായത് കൊണ്ട് ഇതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജനവിധിയായി കണക്കാക്കാനോ എന്തെങ്കിലും നിരീക്ഷണം നടത്താനോ ബുദ്ധിമുട്ടാണ്. എങ്കിലും 15% സ്ഥാനാര്‍ത്ഥികള്‍ പെണ്ണുങ്ങളായിരുന്നുവെന്നതും അവരില്‍ ചിലര്‍ക്ക് വിജയിക്കാനായെന്നതും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ വിജയിച്ചത് ഏതെങ്കിലും ഒരു മേഖലയില്‍ നിന്ന് മാത്രമായല്ല എന്നത് പ്രാദേശിക കാരണങ്ങളല്ലെന്ന സൂചനകള്‍ നല്‍കുന്നു.

 

കടുത്ത സ്ത്രീ വിരുദ്ധതയുടെ ആശാന്മാരായ വഹാബിസ്റ്റ് പണ്ഡിതന്മാരുടേയും അഴിമതിയുടേയും സ്വേച്ഛാധിപത്യത്തിന്റെയും മുഖമുദ്രയായ അല്‍ സഊദ് ഭരണകൂടത്തിന്റെയും നയങ്ങള്‍ക്കെതിരെ പെണ്ണുങ്ങള്‍ സൗദിയില്‍ നടത്തുന്ന പോരാട്ടത്തിന്റെ വിജയമായിതിനെ കാണാം. ഒരുപാടൊരുപാട് പരിമിതികളെ അതിജീവിച്ചാണിവര്‍ ഈ നേട്ടം കൊയ്തതും. പണം വാരിയെറിഞ്ഞ് ആണുങ്ങള്‍ കാമ്പയിന്‍ നടത്തുമ്പോള്‍ അത്ര തന്നെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ക്കിത് വലിയ പ്രശ്‌നമായിരുന്നു. (കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒരു സ്ഥാനാര്‍ത്ഥി ജയിക്കാന്‍ വേണ്ടി മില്യണ്‍ കണക്കിന് റിയാല്‍ തള്ളിയ കഥ സുഹൃത്തായ അദ്ദേഹത്തിന്റെ മകന്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു). ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാത്തതും ഭര്‍ത്താവ്‌, സഹോദരന്‍, പിതാവ് അല്ലാത്തവരുടെ കൂടെ പുറത്തിറങ്ങാന്‍ പറ്റാത്തതുമെല്ലാം പെണ്ണുങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. സ്ത്രീകളുടെ ഫോട്ടോകള്‍ ഹറാമായത് കൊണ്ട് തുല്യതയൊപ്പിക്കാനായി സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോക്ക് മൊത്തമായി നിരോധനമേര്‍പ്പെടുത്തുകയായിരുന്നു. ഇതെല്ലാം മറികടക്കാനായി ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളായ സോഷ്യല്‍ മീഡിയ പോലുള്ളവയെ പെണ്ണുങ്ങള്‍ പ്രചാരണത്തിനായി കൂടുതല്‍ ആശ്രയിച്ചെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഇത്രയധികം പെണ്ണുങ്ങള്‍ മല്‍സരിച്ചതും അതില്‍ ചിലര്‍ വിജയിച്ചതും വലിയൊരല്‍ഭുതമാവുന്നത്.

 


സൈനബ് ഖവാജാ, മറിയം ഖവാജാ 

 

അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയം വെച്ചുള്ള പോരാട്ടമാണ് സൗദി ആക്ടിവിസ്റ്റുകള്‍, പ്രത്യേകിച്ചും പെണ്ണുങ്ങള്‍, നീതി നിഷേധത്തിനും സ്വാതന്ത്ര ലംഘനത്തിനുമെതിരേ നടത്തുന്നത്. ഒബാമയേയോ മോദിയേയോ എതിര്‍ക്കുന്നത്ര പോലും എളുപ്പമല്ല സൗദി ഭരണകൂടത്തെ എതിര്‍ക്കുന്നതെന്നിരിക്കെ വളരെ ചെറിയൊരു നേട്ടം പോലും അവരെ സംബന്ധിച്ചിടത്തോളം ഗംഭീര വിജയമാണ്. ആ പോരാട്ടങ്ങളുടെയും അവരുടെ ആര്‍ജ്ജവത്തിന്റെയും ഫലമാണ് പെണ്ണുങ്ങള്‍ക്ക് വോട്ടവകാശം കിട്ടിയ ഈ തിരഞ്ഞെടുപ്പും. വിദ്യാഭ്യാസവും സോഷ്യല്‍ മീഡിയയും സൗദി സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ സൂചനകളാണിത്. ഇത് സൗദിയില്‍ മാത്രം ഒതുങ്ങി നില്‍കുന്ന പ്രതിഭാസവുമല്ല. അറബ് വസന്തത്തില്‍ പെണ്ണുങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു. ബഹ്‌റയിനില്‍ ഇന്നും പോരട്ടത്തിന്റെ മുന്‍പന്തിയില്‍ പെണ്ണുങ്ങളാണ്. പോരാട്ടത്തിലെ സജീവ സാന്നിധ്യമായ മറിയം ഖവാജാ, സൈനബ് ഖവാജാ സഹോദരിമാരുടെ ബൌദ്ധിക നേതൃത്വമില്ലായിരുന്നെങ്കില്‍ ബഹറയിനിലെ ജനാധിപത്യ പോരാട്ടം ഇത്ര അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കില്ലായിരുന്നു എന്നുറപ്പാണ്. ടുണീഷ്യയിലും തഹ്രീറിലും ഇറങ്ങിയ സമരക്കാരില്‍ പെണ്ണുങ്ങളുണ്ടായിരുന്നു.

 

ഇവിടെ ഇപ്പോഴും മുസ്ലിം പെണ്ണുങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിലെ ‘അപകടം’ ചര്‍ച്ച ചെയ്യുമ്പോള്‍ ബഹ്റിയിനിലും സൗദിയിലുമെല്ലാം അവര്‍ ആ അപകടം തുറന്നു കാണിക്കുന്നുണ്ട് , പക്ഷേ അപകടം പൗരോഹിത്യ നേതൃത്വത്തിനും രാജ ഭരണ കൂടങ്ങള്‍ക്കുമെതിരാണെന്ന് മാത്രം. അവരുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കാണുന്നവരും സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നത് സ്വാഭാവികം.

 

(ലേഖകന്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു)


അഴിമുഖം പ്രസിദ്ധീകരിച്ച നാസിറുദ്ദീന്‍റെ മറ്റ് ലേഖനങ്ങള്‍
മാറുന്ന മുസ്ലീം രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിനാകുമോ?
അസ്തമയം വരെ; ഒരു മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കരുതാത്ത ചില കാര്യങ്ങള്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on December 17, 2015 3:10 pm