X

എനിക്ക് കടം 45 ലക്ഷം; സര്‍ക്കാരിന് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട- പഴയിടം പടിയിറങ്ങുന്നു

കെ പി എസ് കല്ലേരി

“ഇനി ഒരു കലോത്സവ വേദിയിലും നിങ്ങളെന്നെക്കാണില്ല. മടുത്തു ഈ അവഗണന. പണത്തിനുവേണ്ടിയല്ല ഇക്കഴിഞ്ഞ പത്തു വര്‍ഷവും ഞാനീ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനെത്തിയത്. ഇനി പണത്തിന്റെ കാര്യ പറഞ്ഞാല്‍, നിങ്ങള്‍ക്കറിയുമോ 45ലക്ഷം കടക്കാരനാണ് ഞാന്‍. കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാനത്തെ കുട്ടികളുടെ കലാ-കായികമേളകള്‍ക്ക് ഭക്ഷണമൊരുക്കിയതിന്റെ പേരില്‍മാത്രം!”

പറയുന്നത് പഴയിടം മോഹനന്‍ നമ്പൂതിരി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എവിടെയെങ്കിലും വെച്ച് ഒരുവട്ടമെങ്കിലും പഴയിടത്തിന്റെ രുചിപ്പെരുമ ആസ്വദിക്കാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. ആ പഴയിടം പറയുന്നു ഇനി ഞാന്‍ ഒരു മേളകളിലും ഭക്ഷണം വെക്കാനില്ലെന്ന്.

കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസില്‍ നിന്ന് ഇവിടുത്തെ പാചകക്കാരെ മുഴുവന്‍ നിഷ്‌കരുണം അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പഴയിടം ഇത്തരമൊരു ഭീഷ്മ ശപഥം എടുത്തിരിക്കുന്നത്.

ദേശീയ ഗെയിംസില്‍ നിന്ന് എന്നെ ഒഴിവാക്കിയതിലല്ല പ്രതിഷേധം. പാചകം മാത്രം തൊഴിലാക്കി ഉപജീവനം തേടുന്ന ആയിരക്കണക്കിനാളുകളുണ്ട് കേരളത്തില്‍. അവരെ ആരേയും പരിഗണിച്ചില്ല. പരിഗണിച്ചില്ലെന്നല്ല, അവഗണിച്ചുകളഞ്ഞു. കോടികള്‍ മുടക്കി മുംബൈയില്‍ നിന്നുള്ള സംഘത്തിനാണ് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കോഴിക്കോട് നടക്കുന്ന 55ാം സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയിലിരുന്ന്  ഇനിയൊരുനാളും ഈ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ഞാനില്ലെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.

അപേക്ഷ ക്ഷണിച്ചപ്പോള്‍ ഞങ്ങള്‍, ഓള്‍കേരള കാറ്ററിംഗ് ആസോസിയേഷന്‍ സര്‍ക്കാരിന് ക്വട്ടേഷന്‍ നല്‍കിയതിനൊപ്പം നേരില്‍ കാണുകയും ചെയ്തതാണ്. കേരളത്തിലെ നാലായിരത്തോളം വരുന്ന പാചകക്കാര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഇത്. തുടക്കത്തില്‍ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും ഒരുപ്രത്യേക  മാനദണ്ഡം ഉണ്ടാക്കി ഒഴിവാക്കുകയായിരുന്നു. ഒരു കോടിരൂപയുടെ പാചകം ചെയ്തവരായിരിക്കണം, 10,000 കോടിയുടെ ടേണ്‍ഓവര്‍ ഉണ്ടായിരിക്കണം തുടങ്ങി പത്ത് മാനദണ്ഡങ്ങളാണ് അവര്‍ വെച്ചത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ മേളയ്ക്ക് രണ്ടേമുക്കാല്‍ലക്ഷം പ്രതിഫലം വാങ്ങുന്ന ഞങ്ങളെപ്പോലുള്ളര്‍ക്ക് എവിടുന്നാണ് ഒരുകോടിയുടെ പാചകം ചെയ്യാനാവുക. അത്തരമൊരു മാനദണ്ഡംവെച്ചത് ഞങ്ങളെപ്പോലുള്ളവരെ ഒഴിവാക്കാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ടാണ് പറയുന്നത്, പ്ലീസ് ഇനി എന്നെ വിളിക്കരുത്.

‘പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. നിങ്ങളെന്നല്ല ആരും. അതുകൊണ്ടാണ് ആരോടും പറയാത്തത്. എത്രകാലമായി നിങ്ങളെല്ലാം എന്നെ കാണുന്നു. പടമെടുക്കുന്നു, വാര്‍ത്തകള്‍ നല്‍കുന്നു. ഒരിക്കലെങ്കിലും എന്തെങ്കിലും പരിഭവം ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ടോ. പക്ഷെ ഇപ്പോള്‍ ദണ്ണം സഹിക്കാതെ പറയുകയാണ്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 45ലക്ഷം രൂപ കടക്കാരനാണ് ഞാന്‍. അതൊക്കെ ഈ മേളകളുടെ സംഘാടകര്‍ക്കും സര്‍ക്കാരിനുമെല്ലാം അറിയാം. ഒരിക്കല്‍പോലും കണക്കുപറഞ്ഞ് ഞാന്‍ പണം വാങ്ങിയിട്ടില്ല. എന്നിട്ടും നമ്മുടെ കേരളം ആതിഥ്യം വഹിക്കുന്നൊരു ദേശീയ ഗെയിംസില്‍ നിന്നും ഞങ്ങളെ ഒഴിവാക്കി. ഒഴിവാക്കിയെന്ന് പറയാനാവില്ല, കറിവേപ്പിലപോലെ വലിച്ചിട്ടു. ഇതില്‍പരം എന്ത് അപമാനമാണ് ഞങ്ങള്‍ക്ക് വരാനുള്ളത്…’

‘കഴിഞ്ഞ പത്തുവര്‍ഷമായി നടന്ന നിരവധിയായ കാലാകായികമേളകള്‍ക്ക് ഞാന്‍ ഭക്ഷണം ഒരുക്കി. സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന് തുടര്‍ച്ചയായി പത്തുവര്‍ഷം ജില്ലാമേളകള്‍ വേറേയും. ഈ പത്തുവര്‍ഷം കൊണ്ട് എനിക്ക് ഉണ്ടായ കടമാണ് 45 ലക്ഷം. ഇത്തവണത്തെ കാര്യം മാത്രം പറയാം. എനിക്ക് കൂലിയിനത്തില്‍ സംഘാടകസമിതി തരുന്നത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്. ഇവിടെ നൂറിലേറേവരും എന്റെ പാചകക്കാരും സഹായികളും. ഏഴ് ദിവസത്തെ അവരുടെ കൂലിയും ചെലവും താമസവും മാത്രം ഏഴരലക്ഷത്തോളം വരും. കഴിഞ്ഞ പത്തുവര്‍മായി ഇതാണ് അവസ്ഥ. ഭക്ഷണം ഒരുക്കുന്നത് എന്റെമക്കളെപ്പോലുള്ള ആയിരക്കണക്കായ കുട്ടികള്‍ക്കാണെന്ന് കരുതി മാത്രമാണ് ഞാന്‍ വരുന്നത്. എനിക്ക് വന്ന നഷ്ടങ്ങള്‍ വച്ചുതരണമെന്ന് ഇക്കാലമത്രയും ഞാനാരോടും ആവശ്യപെട്ടിട്ടില്ല. ഇനി ഒട്ടുപറയുകയുമില്ല. ഓരോവര്‍ഷവും സംഘാടക സമിതി എന്നെ തേടിവരുമ്പോള്‍ കഴിഞ്ഞ വര്‍ഷം എനിക്ക് ഇത്ര  നഷ്ടമുണ്ടായിട്ടുണ്ട്, അത് വെച്ചുതരണമെന്നൊന്നും പറയാറില്ല. അഞ്ചെട്ട് ദിവസം പേരും ഊരും അറിയാത്ത മക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ഭക്ഷണം ഒരുക്കുക എന്നുപറഞ്ഞാല്‍ അതില്‍പരം ആനന്ദമെന്താണുള്ളത്. അതുകൊണ്ടുമാത്രം  വന്നുപോകുന്നതാണ്. പക്ഷെ ഇതൊക്കെ അറിയാവുന്നവരാണ് ഇവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍. എന്നിട്ടും അവരാരും ഞങ്ങള്‍ക്ക് വേണ്ടി വാദിക്കാനുണ്ടായില്ല. സംഘടനയുടെ പേരില്‍ കാണാവുന്നവരെയെല്ലാം ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ ദേശീയ ഗെയിംസെന്നാല്‍ കോടികള്‍ മറയുന്ന കച്ചവടമല്ലേ. രാജ്യത്ത് എവിടെ ചെന്നാലും നല്ലഭക്ഷണത്തിന് പേരുകേട്ടത് കേരളമാണ്. എന്നിട്ടാണ് കേരളത്തിലേക്ക് വന്നൊരു ഗെയിംസിന് ഭക്ഷണമുണ്ടാക്കന്‍ മുംബൈക്കാരെ വിളിച്ചിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും പഴയിടം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ കുട്ടികളുടെ മേള എവിടെ നടന്നാലും അവിടെ പഴയിടമുണ്ടായിരുന്നു. അത് കലയായാലും കായികമായാലും. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് ലാഭമുണ്ടാക്കുന്ന ഒരു തൊഴില്‍മേഖലയായി അദ്ദേഹം ഒരിക്കലും കണ്ടിരുന്നില്ല. ഓരോ മേളകളും ലക്ഷങ്ങളുടെ കടമാണ് പഴയിടത്തിന ഉണ്ടാക്കാറുള്ളത്. എന്നിട്ടും വീണ്ടും വീണ്ടും കുട്ടികളുടെ വയറിന്റെ വിളികേട്ടിടത്തെല്ലാം പഴയിടം ഓടിയെത്തി. കൊടിയ അവഗണനയുടെ പേരില്‍ അദ്ദേഹത്തെപ്പോലെ നിസ്വാര്‍ഥ സേവനം ചെയ്യുന്നന്നൊരാള്‍ മലയാളിയുടെ രുചിക്കൂട്ടില്‍ നിന്ന് അകന്നുപോകുമ്പോള്‍ നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. നമ്മുടെ കുട്ടികളെ ഓര്‍ത്തെങ്കിലും.

 

This post was last modified on January 20, 2015 12:58 pm