X

ഗണിതശാസ്ത്രത്തിലെ നൊബേല്‍ ‘ആബേല്‍ പ്രൈസ്’ നേടുന്ന ആദ്യ വനിതയായി കരേന്‍ കെസ്‌കുള്ള്; സമ്മാനത്തുക 5 കോടി

ശാസ്ത്രവും കണക്കും പുരുഷന്മാരുടെ മേഖലയാണെന്നുള്ള അടിസ്ഥാന ധാരണയാണ് ഈ അമേരിക്കൻ പ്രോഫസർ പൊളിച്ചെഴുതിയതെന്നാണ്  വിദഗ്ധരുടെ അഭിപ്രായം.

ഗണിതശാസ്ത്ര രംഗത്തെ നോബേല്‍ സമ്മാനമെന്ന് അറിയപ്പെടുന്ന ഉന്നത പുരസ്‌കാരമായ ആബേല്‍ പ്രൈസിന് അര്‍ഹയായ ആദ്യ വനിതയായി കരേന്‍ കെസ്‌കുള്ള ഉഹ്ലന്‍ബെക്ക്. ഗണിതശാസ്ത്ര രംഗത്തെ മികവിന് ലോകം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരത്തിന് അര്‍ഹയായ ഇവര്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസിലെ പ്രഫസ്സറാണ്. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ശാസ്ത്രവും കണക്കും പുരുഷന്മാരുടെ മേഖലയാണെന്നുള്ള അടിസ്ഥാന ധാരണയാണ് ഈ അമേരിക്കന്‍ പ്രഫസര്‍ പൊളിച്ചെഴുതിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കണക്കിലെയും ശാസ്ത്ര വിഷയങ്ങളിലെയും ലിംഗസമത്വം ഉറപ്പു വരുത്തിയ ആള്‍ എന്ന് അവാര്‍ഡ് ജൂറി തന്നെ ഇവരെ പ്രശംസിക്കുന്നുമുണ്ട്.

ജോമെട്രിക്ക് രംഗത്തെ സമഗ്രസംഭാവനകള്‍ക്കും ഗണിതശാസ്ത്രലോകത്തിനാകെ അത്ഭുതമായി മാറിയ ഗെയ്ജ് സിദ്ധാന്തത്തിന്റെ വിശകലനത്തിനുമാണ് ഇവര്‍ക്ക് ഈ വലിയ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ജൂറി പറയുന്നത്. ഇവരുടെ ഗണിതശാസ്ത്ര ഗവേഷണങ്ങള്‍ ശാസ്ത്രലോകത്തിനാകെ വലിയ മുതല്‍ കൂട്ടാണെന്നും വിദഗ്ദര്‍ പ്രശംസിക്കുന്നുണ്ട്.

ഏകദേശം 5 കോടിയാണ് (704,000 ഡോളര്‍) ആണ് അവാര്‍ഡ് തുക. 19ാം നൂറ്റാണ്ടിലെ നോര്‍വീജിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്‍ട്രിക് ആബേലിന്റെ സ്മരണാര്‍ത്ഥം 2003 ലാണ് ഈ മഹത്തായ പുരസ്‌കാരം നല്‍കി തുടങ്ങിയത്.