X

ഫിലിപ്പൈൻസ് തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തെ പരിശോധിച്ച വിദഗ്ദർ മരണകാരണം കണ്ട് ഞെട്ടി

മാലിന്യങ്ങളിൽ വലിയ പ്ലാസ്റ്റിക്ക് ചാക്കുകൾ മുതൽ ചെറിയ പ്ലാസ്റ്റിക് ബാഗുകൾ വരെയുണ്ടായിരുന്നെന്നാണ് മ്യൂസിയം അധികൃതർ ഫേസ്‌ബുക്കിൽ കുറിയ്ക്കുന്നത്

ഫിലിപ്പൈൻസ് തീരത്ത് കഴിഞ്ഞ ദിവസം ചത്തടിഞ്ഞ ചെറിയ തിമിംഗലത്തെ പരിശോധിച്ച വിദഗ്ദർ തിമിംഗലത്തിന്റെ മരണകാരണം കണ്ട് ഞെട്ടി. നാല്പത് കിലോയോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉള്ളിൽ ചെന്നത് മൂലമാണ് ഈ ചെറിയ തിമിംഗലം മരിച്ച് കരയ്ക്കടിഞ്ഞത്. ഫിലിപ്പൈൻസിൽ മിണ്ടാനാൻഡോ ദ്വീപിലെ ഒരു മ്യൂസിയത്തിന് വേണ്ടി പരിശോധിച്ചപ്പോഴാണ് മറൈൻ ബയോളജിസ്റ്റുകൾ നാല്പത് കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത്.

മാലിന്യങ്ങളിൽ വലിയ പ്ലാസ്റ്റിക്ക് ചാക്കുകൾ മുതൽ ചെറിയ പ്ലാസ്റ്റിക് ബാഗുകൾ വരെയുണ്ടായിരുന്നെന്നാണ് മ്യൂസിയം അധികൃതർ ഫേസ്‌ബുക്കിൽ കുറിയ്ക്കുന്നത്. ഇത്രയധികം വിഷപദാർത്ഥങ്ങളും മാലിന്യങ്ങളും ദഹിക്കാതെ കിടന്നതുകൊണ്ടുള്ള സ്തംഭനം മൂലമാകാം തിമിംഗലം മരിച്ചതെന്നാണ് ഇവരുടെ വിലയിരുത്തൽ. “ഇത് ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല. ബീച്ചിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപോയി തള്ളുന്നവർക്കെതിരെ ഗവൺമെൻറ്റ് അടിയന്തിരമായി നടപടികൾ സ്വീകരിച്ചേ മതിയാകൂ.” മ്യൂസിയം അധികൃതർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇത് ആദ്യമായല്ല ഒരു തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂൺ മാസത്തിൽ തായ്‌ലൻഡിലെ ഒരു തിമിംഗലത്തിന്റെ ശവശരീരത്തിൽ നിന്നും എൺപതോളം പ്ലാസ്റ്റിക്ക് കവറുകൾ വിദഗ്ദർ കണ്ടെടുത്തിരുന്നു. മറിച്ച് കരയ്ക്കടിയുന്ന ഡോള്ഫിനുകളും തിമിംഗലങ്ങളും ഉൾപ്പടെയുള്ള ജലജീവികളിൽ പ്ലാസ്റ്റിക്കുൾപ്പടെയുള്ള മാലിന്യങ്ങളുടെ സാന്നിധ്യം കഴിഞ്ഞ 10 വർഷത്തിനിടയിൽ ഭയങ്കരമായി വർധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.