X

വിവിധ ശാസ്ത്രവിഷയങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുളള ഇന്‍ഫോസിസ് പുരസ്‌കാരം 2017 പ്രഖ്യാപിച്ചു

കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ വിഭാഗങ്ങളില്‍ ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കുന്നുണ്ട്. 65 ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 236 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്

ഇന്‍ഫോസിസ് പുരസ്‌കാരം 2017 പ്രഖ്യാപിച്ചു. എഞ്ചിനീയിറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ലൈഫ് സയന്‍സ്, മാത്തമറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ആറ് മേഖലകളില്‍ പ്രഗാത്ഭ്യം തെളിയിക്കുന്നവര്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. വിവിധ സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച നിരവധി നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് കെ ദിനേഷ് പറഞ്ഞു.

എഞ്ചിനീയറിംഗ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ പ്രൊഫ. സംഗമിത്ര ബന്ദോപദ്ധ്യായയും ഹ്യൂമാനിറ്റീസില്‍ ലണ്ടന്‍ കിംഗ്‌സ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം പ്രൊഫസര്‍ അനന്യ ജഹനാര കബീറും പുരസ്‌കാരം നേടി. ലൈഫ് സയന്‍സില്‍ ബംഗളൂരു എന്‍സിബിഎസിലെ പ്രൊഫസര്‍ ഉപീന്ദര്‍ സിംഗ് ബല്ല, മാത്തമറ്റിക്കല്‍ സയന്‍സില്‍ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ റിതബ്രത മുന്‍ഷി, ഫിസിക്കല്‍ സയന്‍സില്‍ ചിക്കാഗോ സര്‍വകലാശാല രസതന്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ യമുന കൃഷ്ണന്‍, സോഷ്യല്‍ സയന്‍സില്‍ ഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാല നിയമ വിഭാഗം പ്രൊഫസര്‍ ലോറന്‍സ് ലിയാംഗ് എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ വിഭാഗങ്ങളില്‍ ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കുന്നുണ്ട്. 65 ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 236 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2018 ജനുവരി 10ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.