X

പരിണാമ സിദ്ധാന്തത്തെ തന്നെ മാറ്റിക്കുറിച്ചേക്കാവുന്ന തെളിവ് ഫിലിപ്പൈൻസില്‍ നിന്നും ലഭിച്ചു

4 ഫീറ്റോളം ഉയരം വരുന്ന ഈ മനുഷ്യർക്ക് മരം കയറാനുള്ള കഴിവുണ്ടെന്നാണ് നേച്ചർ മാസിക പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്.

മനുഷ്യ പരിണാമത്തിന്റെ സിദ്ധാന്തങ്ങളെ പോലും തിരുത്തികുറിച്ചേക്കാവുന്ന തരം പുതിയ മനുഷ്യ സ്പീഷിസിനെ സംബന്ധിച്ച തെളിവുകൾ ഫിലിപ്പൈൻസിലെ ലൂസൺ ദ്വീപിൽ നിന്നും നിന്നും ലഭിച്ചു. 50000 മുതൽ 67000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ആദിമ മനുഷ്യനെകുറിച്ചുള്ള തെളിവുകളാണ് കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ ഗുഹാന്തരങ്ങളിൽ നിന്ന് ലഭിച്ചത്. നിയാണ്ടർത്താൽ മനുഷ്യൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചുതുടങ്ങുന്ന ഏതാണ്ട് അതെ സമയത്താണ് ഫിലിപൈൻസിൽ ഈ ആദിമ  മനുഷ്യർ ജീവിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞർ വിചാരിക്കുന്നതായി നാഷണൽ ജിയോഗ്രഫിക് ചാനൽ രേഖപ്പെടുത്തുന്നു.

ഗുഹയിൽ നിന്നും കണ്ടെത്തിയ ഈ പുതിയ തെളിവുകൾ പരിണാമസിദ്ധാന്തത്തിലെ തന്നെ വഴിത്തിരിവായിരിക്കുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ലളിതമായ ജൈവഘടനയിൽ നിന്നും ജീവികൾ കൂടുതൽ സങ്കീർണ്ണമായതിലേക്ക് രേഖീയമായി പുരോഗമിക്കുന്നുവെന്ന ധാരണ ഈ കണ്ടെത്തൽ തിരുത്തികുറിച്ചേക്കുമെന്നാണ് ചില നരവംശശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഹോമോ ലുസോനെൻസിസ് എന്നാണ് ഈ പുതിയതായി തിരിച്ചറിഞ്ഞ സ്പീഷിസിന് ഗവേഷകർ പേര് നൽകിയത്. 4 അടിയോളം ഉയരം വരുന്ന ഈ മനുഷ്യർക്ക് മരം കയറാനുള്ള കഴിവുണ്ടെന്നാണ് നേച്ചർ മാസിക പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്. ഈ സ്പീഷിസിന് മനുഷ്യന്റേതിന് സമാനമായ ഏഴു പല്ലുകളുണ്ടായിരുന്നു എന്നതിനും തെളിവുകളുണ്ട്. ഹോമോ ലുസോനെൻസിനെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്താനിരിക്കുകയാണ് ശാസ്ത്രലോകം.

This post was last modified on April 12, 2019 6:54 pm