X

കൃത്രിമ ജീവൻ ഉടലെടുത്തു?; പൂർണമായും സിന്തറ്റിക് ജനിതകത്തോടു കൂടിയ ബാക്ടീരിയയെ നിർമിച്ച് ശാസ്ത്രജ്ഞർ‌

എഷെരിചിയ കോളി അഥവാ ഇ കോളി ബാക്ടീരിയകളെ സൂക്ഷ്മമായി പഠിക്കുകയും വായിച്ചെടുക്കുകയും അവയെ പുനർരചിക്കുകയുമായിരുന്നു ശാസ്ത്രജ്ഞർ‌.

പൂർണമായും മനുഷ്യനിർമിതമായ ഡിഎൻഎയോടു കൂടിയ ബാക്ടീരിയയെ ലബോറട്ടറിയിൽ നിർമിച്ച് ശാസ്ത്രജ്ഞർ ചരിത്രനേട്ടം സൃഷ്ടിച്ചു. കേംബ്രിഡ്ജി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് സിന്തറ്റിക് ബയോളജിയിലെ നാഴികക്കല്ലായി മാറുന്ന ഈ കണ്ടുപിടിത്തം നടത്തിയത്.

ഭൂമിയിലെ തികച്ചും പുതിയൊരു ജീവിയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് നിലവിലുണ്ടാകാനിടയില്ലാത്ത ജനിതകഘടനയുമായി ജന്മം കൊണ്ടിരിക്കുന്ന ഈ ബാക്ടീരിയയെ. മണ്ണിലും മനുഷ്യന്റെ കുടലിലും കാണുപ്പെടുന്ന ബാക്ടീകിയകളോട് ഘടനയിൽ സാമ്യമുള്ളതാണ് ഈ പുതിയ ബാക്ടീരിയ.

വൈദ്യരംഗത്ത് ഈ കണ്ടുപിടിത്തം ഒരു കുതിച്ചു ചാട്ടത്തിനു തന്നെ അടിത്തറയായേക്കും. നിയന്ത്രിതമായ ജനിതകഘടനയിലും ജീവൻ നിലനില്‍ക്കുമെന്നും ഇവയെ വൈറസ് പ്രതിരോധം പോലുള്ള നിർണായകമായ രോഗ പരിഹാരങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ് വന്നിരിക്കുന്നത്. രണ്ടുവർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ജനിതക കോഡ് വികസിപ്പിച്ചെടുത്തത്.

എഷെരിചിയ കോളി അഥവാ ഇ കോളി ബാക്ടീരിയകളെ സൂക്ഷ്മമായി പഠിക്കുകയും വായിച്ചെടുക്കുകയും അവയെ പുനർരചിക്കുകയുമായിരുന്നു ശാസ്ത്രജ്ഞർ‌. പിന്നീട് ഈ ഘടനാമാറ്റം വരുത്തിയ സെല്ലുകളുടെ സിന്തറ്റിക് പതിപ്പ് നിർമിച്ചെടുക്കുകയായിരുന്നു. ഇത്രയും വലിപ്പമേറിയ ജനിതകഘടന നിർമിച്ചെടുക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നതായി പ്രോജക്ടിന്റെ തലവനായ ജേസൺ ചിൻ പറയുന്നു.