X

ആവാസ സാധ്യതയുള്ള രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തി?

ഭൂമിയിലെ സാഹചര്യങ്ങളുള്ള ഒന്നില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നത് ഇതാദ്യമായാണ് കണ്ടെത്തുന്നത്.

തെളിച്ചം കുറഞ്ഞ ഒരു കുള്ളന്‍ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്ന രണ്ട് ഗ്രഹങ്ങളില്‍ ആവാസ സാഹചര്യങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ജല, പ്രകാശ സ്രോതസുകള്‍ ഈ ഗ്രഹങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. ട്രാപ്പിസ്റ്റ്-1 എന്ന് വിളിക്കുന്ന നക്ഷത്രത്തെയും സൗരയൂഥത്തെയും കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്. ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ക്ക് വേണ്ടി ബഹിരാകാശത്ത് അന്വേഷണം നടത്തിക്കൊണ്ടിരുന്ന ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ആവേശം പകര്‍ന്ന കണ്ടുപിടിത്തമായിരുന്നു ഇതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമിയിലെ സാഹചര്യങ്ങളുള്ള ഒന്നില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നത് ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഭൂമിയുടെ അത്ര വലിപ്പവും പാറകളുടെ സാന്നിധ്യവുമുള്ള നിരവധി ഗ്രഹങ്ങള്‍ ക്ഷീരപദത്തില്‍ എമ്പാടും ഉണ്ടാവാം എന്ന അനുമാനത്തിലാണ് പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ എത്തിച്ചിരിക്കുന്നത്. ട്രാപ്പിസ്റ്റ്-1 ന്റെ അന്തരീക്ഷത്തെ കുറിച്ച് വിശകലനം നടത്തുകയാണ് ഇപ്പോള്‍ ജ്യോതി ശാസ്ത്ര ലോകം. ഹംഗറിയിലുള്ള സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്ലാനറ്ററി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ ആമി ബാര്‍, ഈ ഏഴ് ഗ്രഹങ്ങളുടെയും ഗണിതശാസ്ത്ര മാതൃകകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഏഴ് ഗ്രഹങ്ങളില്‍ ആറെണ്ണത്തിലും ദ്രവേരൂപത്തിലോ മഞ്ഞിന്റെ രൂപത്തിലോ ജലസാന്നിധ്യം ഉണ്ടാവാമെന്നും ഒന്നിലെങ്കില്‍ സമുദ്രസാന്നിധ്യം കാണാമെന്നും അനുമാനിക്കപ്പെടുന്നു.

ഭൂമിയുടെ ഭ്രമണപദം പോലെ തന്നെ അണ്ഡാകൃതിയിലാണ് ഈ ഗ്രഹങ്ങളും അവയുടെ നക്ഷത്രത്തെ വലംവെക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ തവണ വലംവെക്കുമ്പോഴും അവ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. വ്യാഴത്തിന്റെ ചന്ദ്രനായ ഇയോയും സമാനമായ ഒരു പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. ടൈഡല്‍ ഹീറ്റ് എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഇയോയുടെ ഉപരിതലത്തില്‍ അഗ്നിപര്‍വതങ്ങള്‍ പൊട്ടുകയും ലാവ പരന്നൊഴുകുകയും ചെയ്യുന്നുണ്ട്. സമാനമായ പ്രക്രിയ ട്രാപ്പിസ്റ്റ്-1ലും സംഭവിക്കുന്നുണ്ടാവാമെന്ന് ഡോ ബാര്‍ പറയുന്നു.