X

‘വേണു-വിനു’മാരെ വേണ്ട; റോബോട്ട് വാര്‍ത്താ അവതാരകരുമായി ചൈനക്കാര്‍ വരുന്നുണ്ട്

വളരെ ഭംഗിയായും കൃത്യമായും ഇവര്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന പ്രോമോ വീഡിയോകളാണ് പുറത്തു വന്നിട്ടുണ്ട്.

വിവേകവും അവസരോചിതമായ ഇടപെടലും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുമാണ് ഒരു വാര്‍ത്ത അവതാരകന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്ന ഒരു പൊതുധാരണ. എന്നാല്‍ അതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ചൈനീസ് ന്യൂസ് ചാനല്‍ സിന്‍ഹുവ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കഴിഞ്ഞ വര്‍ഷം ഒരു റോബോട്ട് വാര്‍ത്ത അവതാരകനെ (ആര്‍ട്ടിഫിക്ഷല്‍ ഇന്റലിജന്റ്) പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ റോബോട്ട് അവതാരകന്റെ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അധികൃതര്‍. കോട്ടും സ്യൂട്ടുമണിഞ്ഞ് വെറുതെ വാര്‍ത്ത വായിക്കുക മാത്രമല്ല സംസാരിക്കേണ്ടിടത്ത് സംസാരിച്ച് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഉത്തരവാദിത്തമുള്ള ഏതൊരു മാധ്യമ പ്രവര്‍ത്തകനും ചെയ്യേണ്ടതെല്ലാം ഈ റോബോട്ട് അവതാരകര്‍ സ്റ്റുഡിയോയില്‍ ചെയ്യുന്നുണ്ട്.

സാധാരണ വാര്‍ത്ത അവതാരകര്‍ ഉപയോഗിക്കാറുള്ള എല്ലാ അംഗവിക്ഷേപങ്ങളോടെയും അവര്‍ വാര്‍ത്തകള്‍ പ്രേക്ഷകരെ അറിയിക്കുന്നു. ഇതിനോടകം ചാനലിന്റെ മുഖമായ റോബോട്ട് അവതാരകന് കൂട്ടായി ഇപ്പോള്‍ ഒരു അവതാരികയുമുണ്ട്. വളരെ ഭംഗിയായും കൃത്യമായും ഇവര്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന പ്രോമോ വീഡിയോകളാണ് പുറത്തു വന്നിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ ഇതുവരേക്കും റോബോട്ടുകള്‍ കൈവച്ചിട്ടില്ലായിരുന്ന മാധ്യമ പ്രവര്‍ത്തക മേഖലയിലും ഇവര്‍ ആധിപത്യമുറപ്പിച്ചേക്കും എന്നാണ് ഇവരുടെ പേടി.

 

ബീജിങ്ങില്‍ വെച്ച് നടന്ന പാര്‍ലമെന്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തവരെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാലാവസ്ഥ ഫലം വായിക്കുക, മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ഈ റോബര്‍ട്ട് അവതാരകര്‍ ചെയ്യുന്നത്. അവതാരകന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്ത മേഖലയിലേക്ക് കൂടി ഇനി ഈ റോബോട്ടുകള്‍ കടന്നു ചെന്നാലും അത്ഭുതപെടാനില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്. ചൈനീസ് സേര്‍ച്ച് എന്‍ജിന്‍ സൊഗോയുടെ സഹായത്തോടെയാണ് സിന്‍ഹുവ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗം ഈ റോബട്ടുകളെ നിര്‍മ്മിച്ചെടുത്തത്.

This post was last modified on March 5, 2019 12:24 pm