ഡല്‍ഹി മെട്രോയില്‍ മുസ്ലീം വേഷധാരിയായ വൃദ്ധന് സീറ്റ് നിഷേധിച്ച യുവാക്കള്‍ പാകിസ്ഥാന്‍കാര്‍ക്കുള്ളതല്ല ഇവിടുത്തെ സീറ്റെന്ന് പറഞ്ഞ് കയ്യേറ്റം ചെയ്യുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റിലിരുന്ന രണ്ട് യുവാക്കളോട് സീറ്റ് ആവശ്യപ്പെട്ട വൃദ്ധനാണ് മര്‍ദ്ദനമേറ്റത്. സീറ്റ് ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടതോടെ ഇവര്‍ ഇദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു.
ഈ സീറ്റുകള്‍ ഹിന്ദുസ്ഥാനികള്‍ക്കാണ് പാകിസ്ഥാനികള്‍ക്കല്ല എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. താടി വളര്‍ത്തുകയും മീശയില്ലാതിയിരിക്കുകയും ചെയ്ത ഇദ്ദേഹം മുസ്ലിം വേഷധാരിയുമായിരുന്നു. ഈസമയം മെട്രോയില്‍ യാത്രക്കാരിയായിരുന്ന കവിത കൃഷ്ണന്‍ എന്ന വ്യക്തി ഇത് ഫേസബുക്കിലൂടെ പുറത്തുവിടുകയും വന്‍തോതില്‍ ചര്‍ച്ചയാകുകയുമായിരുന്നു. ഡല്‍ഹിയിലെ വയലറ്റ് ലൈനില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. യാത്രക്കാരിലൊരാളായ സന്തോഷ് റോയ് എന്നയാള്‍ പിന്നീട് വൃദ്ധനെ സഹായിച്ചതായും ഓള്‍ ഇന്ത്യ പ്രൊഗ്രസീവ് വുമന്‍സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ കവിത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എഐസിസിടിയു ദേശീയ സെക്രട്ടറിയാണ് സന്തോഷ് റോയ്. അക്രമികളോട് മാപ്പ് പറയണമെന്ന് സന്തോഷ് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് നിരാകരിക്കുകയും അദ്ദേഹത്തിന്റെ കോളറില്‍ കുത്തിപ്പിടിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മെട്രോ ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പന്ദാര റോഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ തങ്ങളുടെ അണികള്‍ വരുമെന്ന് യുവാക്കള്‍ വൃദ്ധനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഇദ്ദേഹത്തെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും അത് നിരസിച്ച അദ്ദേഹം തനിയെ വീട്ടിലേക്ക് മടങ്ങി. വൃദ്ധനോട് മാപ്പ് പറയണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ വൃദ്ധന്‍ തങ്ങളോട് മാപ്പ് പറയണമെന്ന നിലപാടാണ് യുവാക്കള്‍ സ്വീകരിച്ചതെന്ന് സന്തോഷ് റോയ് പിന്നീട് അറിയിച്ചു.
അതേസമയം പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നാണ് വൃദ്ധന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് മാപ്പ് കൊടുത്തെന്നും അവരുടെ പ്രായം കണക്കിലെടുത്ത് പരാതിയുമായി മുന്നോട്ടില്ലെന്നുമാണ് അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ എഴുതി നല്‍കിയിരിക്കുന്നത്.
Leave a Comment